കൊച്ചി: പ്രമുഖ മനഃശാസ്ത്രഞ്ജന് ഡോ. കെ എസ് ഡേവിഡ് (70) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു...
കൊച്ചി: പ്രമുഖ മനഃശാസ്ത്രഞ്ജന് ഡോ. കെ എസ് ഡേവിഡ് (70) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20നായിരുന്നു അന്ത്യം.
ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടത്തുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
കുന്നംകുളം സ്വദേശിയാണ്. ദീര്‍ഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറില്‍ കോലാടി ഹൗസിലായിരുന്നു താമസം. 1947 നവംബര്‍ 20ന് കുന്നംകുളത്ത് കോലാടിയില്‍ സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനിച്ചു.
ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മാനസികാരോഗ്യത്തില്‍ ബിരുദാനന്തരബിരുദം നേടി. മദ്രാസ് ലൊയോള കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം തുടങ്ങി. ദീര്‍ഘകാലം എറണാകുളം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 10 വര്‍ഷം എറണാകുളം സിറ്റി ആശുപത്രിയില്‍ സൈക്കോ തെറാപ്പിസ്റ്റായിരുന്നു.
നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ എപ്പോഴും പ്രതികരിച്ചിരുന്നു. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കൊച്ചി കോര്‍പറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്.
പരേതയായ ഉഷ സൂസനാണ് ഭാര്യ. നിര്‍മല്‍ ഡേവിഡ്, സ്വപ്ന ഡേവിഡ് എന്നിവര്‍ മക്കളാണ്. ഡോ. വിഷ്ണു പ്രബീര്‍ മരുമകനാണ്.
COMMENTS