ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക രാ...
ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാജ്ഭവന് അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച് അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യെദ്യൂരപ്പ അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തില്ല.
കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രദാന്‍, രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവദേക്കര്‍, അനന്ത്കുമാര്‍ എന്നിവരൊഴികെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളാരും രാജ്ഭവനിലുണ്ടായിരുന്നില്ല.
നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറി.
ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ യെദ്യൂരപ്പയ്ക്കും ബി.ജെ.പിക്കും ഇത് ആശങ്കകളുടെ മണിക്കൂറുകളാണ്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യെദ്യൂരപ്പയുടെ ഭാവി.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.
Keywords: Karnataka, Supreme Court, Yeddyoorappa, Congress, BJP, JDS
COMMENTS