റോയ് പി തോമസ് കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കെ, നടനും എംഎല്‍എയുമായ മുകേഷ്, ഗായി...
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കെ, നടനും എംഎല്‍എയുമായ മുകേഷ്, ഗായിക റിമി ടോമി, നടി കാവ്യാ മാധവന്റെ അമ്മ ശ്യമാള എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം തീരുമാനിച്ചതായി അറിയുന്നു.മൂവരും നല്കിയ മൊഴികളിലെ വ്യക്തതക്കുറവും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുള്ളതുമാണ് ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ കാരണമായി പറയുന്നത്.
മുകേഷിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് സ്പീക്കറുടെ അനുമതിയോടെയായിരുന്നു മൊഴിയെടുത്തത്. ഇതില്‍ നിന്നു കിട്ടാത്ത ചില വിവരങ്ങള്‍ കൂടി ലഭിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. മുകേഷിന്റെ കുടുംബവുമായും സുനിക്ക് നല്ല അടുപ്പമായിരുന്നു. ഡ്രൈവറായിരുന്ന കാലത്തെ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് മുകേഷിനെ വിളിക്കുന്നതെന്നാണ് സൂചന.
എന്നാല്‍, നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ദിലീപ് പല തവണ മുകേഷിനെ വിളിച്ചതായി അന്വേഷക സംഘത്തിനു വിവരം കിട്ടിയിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരിക്കും അന്വേഷക സംഘം നടനെ ചോദ്യം ചെയ്യുക.
റിമി ടോമിയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചു പൊലീസ് സംസാരിച്ചിരുന്നു. ദിലീപുമൊത്തുള്ള വിദേശ ഷോകളെക്കുറിച്ചാണ് സംസാരിച്ചതെന്നു റിമി പറഞ്ഞു. എന്നാല്‍, റിമിയുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനാണ് വിളിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് നടന് ദിലീപിനെയും കാവ്യാ മാധവനെയും വിളിച്ചിരുന്നുവെന്നു റിമി മൊഴി കൊടുത്തിട്ടുണ്ട്. രാത്രി വൈകി നടി ആക്രമിക്കപ്പെട്ട വിവരം പുറം ലോകം അറിയുന്നത് പിറ്റേന്നാണ്. അപ്പോള്‍ രാത്രിയില്‍ തന്നെ ഇക്കാര്യം അറിയുകയും ദിലീപിനെയും കാവ്യയേയും വിളിച്ചുവെന്നും റിമി പറഞ്ഞതാണ് അവര്‍ക്ക് വിനയായിരിക്കുന്നത്.
കാവ്യയുടെ അമ്മയില്‍ നിന്ന് അന്വേഷക സംഘത്തിന് അറിയേണ്ടത്, നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനിയും വിജീഷും കാക്കനാട്ട് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനെക്കുറിച്ചാണ്. ഇതിനു നേരത്തേ നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ശ്യമളാ മാധവനെ വീണ്ടും വിളിപ്പിക്കുന്നത്.
ഫലത്തില്‍, ചോദ്യം ചെയ്യല്‍ മൂന്നു പേരെ സംബന്ധിച്ചും നിര്‍ണായകമായി മാറുകയാണ്.
COMMENTS