ഒരു കവിയോട് സാഹിത്യ ലോകം കാട്ടിയ നെറികേട് ഇതാ ഇങ്ങനെ...

  കല്ലില്‍ കൊത്തിത്തീരാത്ത കവിത അജയ് മുത്താന ഈ അനുസ്മരണം ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്. നല്ല കവിതയ്ക്കായി കുടുംബത്തെ മറന്ന് ജീവിതം ...

  കല്ലില്‍ കൊത്തിത്തീരാത്ത കവിത

അജയ് മുത്താന

ഈ അനുസ്മരണം ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്. നല്ല കവിതയ്ക്കായി കുടുംബത്തെ മറന്ന് ജീവിതം ബലി നല്കിപ്പോയ ഒരു പാവം സാധാരണ മനുഷ്യനും കുടുംബത്തിനും വേണ്ടി….

ഒരു യാത്രയ്ക്കു പുറപ്പെടുന്ന ഒരുക്കത്തിനിടെ വൈകുന്നേരം സാംബശിവന്‍ കയറിവന്നു. മുഖവുരകളില്ലാതെ സംസാരത്തിലേക്ക് കടന്നു. ടേയ്, കലാകൗമുദിയുടെ ഓണപ്പതിപ്പ് തന്നില്ല നീ…
നമ്മുടെ വയലുകള്‍ നികത്തുന്നിതിനെക്കുറിച്ച് എഴുതണമെന്നു പറഞ്ഞിട്ട് നാളെത്രയായി… നീയറിഞ്ഞോ, നമ്മുടെ ആറിന്റെ തലയ്ക്കല്‍ ഏതോ ഭൂമാഫിയകള്‍ മലയിടിച്ചെന്ന്. അതാണ് മഴയായിട്ടും ആറ്റില്‍ വെള്ളമില്ലാത്തത്. ഇതെന്തായാലും എഴുതിയേ തീരൂ. നികത്തിയതിന്റെ പടം ഞാന്‍ സംഘടിപ്പിച്ചു തരാം… പിന്നെയും പലതും പറഞ്ഞു. നീ പോയിട്ടു വാ… അപ്പോഴേക്ക് കിട്ടാവുന്ന വിവരങ്ങള്‍ ഞാനും ശേഖരിച്ചുവയ്ക്കാം. ഇവന്മാരെ ഇങ്ങനെ വിട്ടാല്‍ നമ്മുടെ പിള്ളാര്‍ക്ക് കുടിവെള്ളം പോലും കിട്ടില്ല…

പാതിവഴിയില്‍ നടുക്കമായി കലശലായ രോഗവിവരത്തിന്റെ ഫോണ്‍ വന്നിരുന്നു. അതോടൊപ്പം കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ രവീന്ദ്രനാഥിനും വന്നു മറ്റൊരു ഫോണ്‍. കശ്മീര്‍ തലസ്ഥാനത്തെ കൊത്തിപ്പറിക്കുന്ന തണുപ്പുള്ള രാത്രിയില്‍ ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലം തിരുവനന്തപുരത്ത് വിളിച്ച് ആരോഗ്യമന്ത്രിയുടെ സഹായം തേടി. അധികം വൈകാതെ വന്ന മറുപടി ഫോണ്‍ തന്നെ നിരാശാജനകമായിരുന്നു. രോഗം അതിന്റെ അവസാന ജോലികളിലാണ്. കഴിയുന്നതെല്ലാം ചെയ്യാം.

പിറ്റേന്നു രാവിലെ വന്ന കോളില്‍ മറുതലയ്ക്കല്‍ സുഹൃത്തും സ്‌കൂള്‍ അദ്ധ്യാപകനുമായ സൈജുവായിരുന്നു. അവന്റെ മൗനത്തില്‍ എല്ലാമുണ്ടായിരുന്നു. പോയി… സാംബയണ്ണന്‍ പോയി…. അവന്‍ നിര്‍വികാരമായി പറഞ്ഞു.

മഞ്ഞപ്പിത്തം പിടികൂടിയിട്ട് ആഴ്ചകളായിരുന്നു. അറിഞ്ഞില്ല. അവശനായപ്പോള്‍ പാരിപ്പള്ളിയിലെ ഇഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ പോയി. കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യയുടെ കാര്‍ഡിന്റെ പിന്‍ബലത്തില്‍ ചെന്ന സാംബശിവന്‍ അവര്‍ക്ക് കേവലം ഒരു സാധാരണക്കാരന്‍ മാത്രമായിരുന്നു. ഒരു പരിശോധനയുമുണ്ടായില്ല. പനിയെന്നു പറഞ്ഞ് മരുന്നുകൊടുത്തു മടക്കി.

മൂന്നാം നാള്‍ രോഗം കൂടി വീണ്ടും ആശുപത്രിയില്‍ ചെന്നു. അപ്പോഴും കാര്യമായ പരിശോധനയൊന്നുമില്ല. നേരത്തേ നോക്കിയ ഡോക്ടര്‍ ലീവിലായതിനാല്‍ ഒരു ദിവസം കഴിയട്ടെ എന്നായി ആശുപത്രിക്കാര്‍. ഒടുവില്‍, ബന്ധുക്കള്‍ നിര്‍ബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചീട്ടുവാങ്ങി എത്തുമ്പോഴേക്കും രോഗം മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിച്ച് കവി അബോധാവസ്ഥയിലായിരുന്നു. പിന്നെ, മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ ഒന്നും ചെയ്യാനായില്ലെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.

നീണ്ടു മെലിഞ്ഞ കൈകാലുകളും ഏഴടിയോളം പോന്ന പൊക്കവും കുഴിയിലേക്കു ചാടിയ തീക്ഷ്ണതയുള്ള കണ്ണുകളും… മുട്ടിനു താഴെ മാത്രം ഇറങ്ങി നില്‍ക്കും വിധം അലസമായുടുത്ത മുണ്ട്. ഒരിക്കലും ഇസ്തിരിയിടാത്ത ഉടഞ്ഞ ഷര്‍ട്ട്. കക്ഷത്ത് ആ ആഴ്ചയിലെ മിക്കവാറും എല്ലാ ആനുകാലികങ്ങളും…. ഇതാണ് സാധാരണ കാണുന്നൊരാള്‍ക്ക് സാംബശിവന്‍. അതിനപ്പുറം ആരായിരുന്നു ഞങ്ങള്‍ക്ക് ഈ മനുഷ്യന്‍?

ഓര്‍മകള്‍ സ്‌കൂള്‍ കാലത്തിലേക്ക് പോയാല്‍ ആദ്യം തെളിയുന്ന ചിത്രം സാംബന്‍ എന്ന പേടിപ്പെടുത്തുന്ന കുട്ടിയുടേതാണ്. സ്‌ലേറ്റും പുസ്തകങ്ങളുമായി ഒന്നാം ക്‌ളാസിലേക്ക് പോകുമ്പോള്‍ എതിരേ യുപി സ്‌കൂളിലേക്ക് പോകാന്‍ വരുന്ന കൊക്കിനെപ്പോലെ കാലുനീണ്ട വികൃതിക്കാരന്‍ . ഒരു ബന്ധുവിന്റെ കല്യാണവീട്ടില്‍ നിന്ന് കിട്ടിയ സ്വര്‍ണം പൊതിഞ്ഞ വര്‍ണക്കടലാസ് കൗതുകത്തോടെ കൈയില്‍ പിടിച്ച് സ്‌കൂളിലേക്ക് പോകവേ, എതിരേ വരുന്ന സാംബനെ കണ്ട് അത് പോക്കറ്റില്‍ തിരുകി. ഷര്‍ട്ടിന്റെ പോക്കറ്റില്‍ തള്ളിനിന്ന കടലാസ് കണ്ട് നേരേ വന്ന് അതു പിടിച്ചുവാങ്ങി തലയ്‌ക്കൊരു കിഴുക്കും തന്ന് ഓടി സ്‌കൂളില്‍ പോടാ… എന്നു പറഞ്ഞ് പേടിപ്പിച്ച് കരയിച്ച സാംബനാണ് മനസ്‌സില്‍ പതിഞ്ഞ ആദ്യ ചിത്രം.

വര്‍ഷങ്ങള്‍ക്കപ്പുറം കോളേജ് വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ സംഘം മുത്താനയിലെ എല്‍പി സ്‌കൂളിന്റെ വരാന്തയിലിരുന്ന് രാവേറെ ചെല്ലുവോളം കവിതയും കഥയും കാലവും ചര്‍ച്ചചെയ്യുമ്പോള്‍ കൂട്ടത്തില്‍ സാംബന്‍ എന്ന മൈക്കാട് തൊഴിലാളി ഒപ്പം വന്നിരിക്കുമായിരുന്നു. തീക്ഷ്ണമായി ചില നിരീക്ഷണങ്ങളിലൂടെ സര്‍വരെയും അമ്പരപ്പിച്ച് സാംബന്‍ ചിലപ്പോള്‍ ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് ബീഡിപ്പുകയൂതി നടന്നുമറയുമായിരുന്നു.


സാംബശിവന്റെ ആദ്യ കവിതാ സമാഹാരം ഡോ. അയ്യപ്പപ്പണിക്കര്‍ പ്രകാശനം ചെയ്യുന്നു
അന്ന് സാംബശിവന് അക്ഷരങ്ങള്‍ അറിയില്ലായിരുന്നു. എട്ടാം ക്‌ളാസില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു. ജീവിതം പ്രാരബ്ധങ്ങള്‍ നിറഞ്ഞതാകയാലും കൈപിടിച്ചു നടത്താന്‍ ആരുമില്ലാതിരുന്നതിനാലും എട്ടില്‍ പഠനം നിര്‍ത്തി. പാഠ്യരീതികളുടെ വൈകല്യം കൂടിയാവാം എട്ടിലായിട്ടും നേരേ അക്ഷരം കൂട്ടിവായിക്കാന്‍ പോലുമാവാതെ സാംബശിവന് ജീവിതത്തിന്റെ വെയില്‍നിലങ്ങളിലേക്ക് ഇറങ്ങി നടക്കേണ്ടിവന്നു.

അധികം വൈകാതെ കല്‍പ്പണിക്കാരുടെ ഒപ്പം മൈക്കാട് തൊഴിലാളിയായി പ്രഭാതത്തില്‍ ചോറ്റുപാത്രവും തൂക്കി എതിരെ വരുന്ന സാംബശിവന്‍ , സ്‌കൂളിലേക്ക് പോകുന്ന ഞങ്ങളെ കാണുമ്പോള്‍ തല കുമ്പിടുകയോ നോട്ടം ദൂരേയ്‌ക്കെറിയുകയോ ചെയ്തിരുന്നു. അന്ന് ആ കണ്ണുകളിലെ നിരാശയുടെ അര്‍ത്ഥം വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല.

പിന്നെയും വര്‍ഷങ്ങള്‍ക്കപ്പുറം സ്‌കൂള്‍ വരാന്തയിലെ രാചര്‍ച്ചകളിലേക്ക് കയറിവന്നിരുന്ന സാംബശിവന്‍ ഞങ്ങളുടെയെല്ലാം നേതാവും പ്രായം കൊണ്ട് അണ്ണനുമായി… ചിലപ്പോള്‍ ചര്‍ച്ചകള്‍ നയിച്ചു. മറ്റു ചിലപ്പോള്‍ വെറും വിഡ്ഢിത്തങ്ങള്‍ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചു. ചിലപ്പോള്‍ വാഗ്വാദങ്ങള്‍ പകുതിയില്‍ മുറിച്ച്, പകല്‍ നീണ്ട അദ്ധ്വാനത്തിന്റെ ക്ഷീണത്തില്‍ സ്‌കൂള്‍ വരാന്തയില്‍ വീണുറങ്ങിയിരുന്നു…

സാംബശിവന്‍ മുത്താന എന്ന കവി ജനിക്കുന്ന രണ്ടാം ഘട്ടം തുടങ്ങുന്നത് മുത്താന വിജ്ഞാനോദയം ഗ്രന്ഥശാലയില്‍ നിന്നാണ്. പുതിയ ലൈബ്രേറിയനെ വേണം. ആര്‍ക്കും സമയമില്ല. ഒടുവില്‍ ആരോ സാംബശിവന്റെ പേര് നിര്‍ദ്ദേശിച്ചു. അയ്യോ ഞാനില്ലെന്നു പറഞ്ഞ് പേടിച്ചൊഴിയുകയായിരുന്നു സാംബശിവന്‍ . എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ചപ്പോള്‍ മനസ്‌സില്ലാമനസേ്‌സാടെ സമ്മതിച്ചു. കൂട്ടിന് ഞങ്ങളെല്ലാമുണ്ടെന്നു പറഞ്ഞ് ധൈര്യം കൊടുത്തു.

പക്ഷേ, പ്രശ്‌നം തീരുന്നില്ല. ലൈബ്രേറിയന് അക്ഷരമറിയില്ല! അതിനും ഉപായം കണ്ടെത്തി. പുസ്തകമെടുക്കുന്നയാള്‍ അയാളുടെ പേര് രജിസ്റ്ററില്‍ എഴുതണം. പുസ്തകത്തിന്റെ പേര് ലൈബ്രേറിയന്‍ പുറംചട്ടയില്‍ നോക്കി രജിസ്റ്ററില്‍ പടം വരയ്ക്കും! വൈകുന്നേരം സാംബശിവന്‍ പണികഴിഞ്ഞ് എത്തുന്നതെപ്പോഴാണോ അപ്പോള്‍ മുതല്‍ പുസ്തകവിതരണം.

പുസ്തകത്തിന്റെ പേര് ചിത്രം വരയ്ക്കാന്‍ തുടങ്ങിയത് ഒരര്‍ത്ഥത്തില്‍ രണ്ടാം വിദ്യാഭ്യാസമായിരുന്നു. വളരെ പെട്ടെന്നായിരുന്നു പിന്നെ സാംബശിവന്‍ അക്ഷരങ്ങള്‍ പഠിച്ചത്. അതുകഴിഞ്ഞ് കൂട്ട് മുട്ടത്തുവര്‍ക്കിയുമായിട്ടായി. ഒരു കുടയും കുഞ്ഞുപെങ്ങളും എട്ടോ പത്തോ വട്ടം വായിച്ചതായി അന്നു പറഞ്ഞിട്ടുണ്ട്.

മുട്ടത്തുവര്‍ക്കി വലിയൊരു പാഠശാലയായിരുന്നു. മുട്ടത്തു വര്‍ക്കിയില്‍ നിന്ന് നേരേ പോയത് ഒ.വി വിജയനിലേക്കും ആനന്ദിലേക്കുമായിരുന്നു. പിന്നെ ഭ്രാന്തമായ വായനയുടെ ദിനങ്ങള്‍ . ജോലിക്കു പോലും പോകാതെ വായനശാലയില്‍ കഴിച്ചുകൂട്ടിയ ദിനങ്ങള്‍ എത്രയോ! അച്ഛനെ ഭയന്ന് ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങും. (അച്ഛനെ സാംബശിവന് എന്നും ഭയമായിരുന്നു. അകാരണമായി മര്‍ദ്ദിക്കുമായിരുന്ന അച്ഛന്‍ ഒരു പേടിസ്വപ്നമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ നാളുകളില്‍ കുത്തിക്കുറിച്ച കവിതകള്‍ അച്ഛന്‍ കാണാതിരിക്കാന്‍ തലയണയ്ക്കടിയില്‍ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. തീരെ ചെറിയ വീട്ടില്‍ തലയണയല്ലാതെ ഒരു ഒളിയിടമുണ്ടായിരുന്നില്ല സാംബശിവന്.)

വായനശാലയില്‍ വൈകുന്നേരം വരെയിരുന്ന് വായന. കോളേജില്‍ പോകാനാവത്തതിന്റെ ദുഃഖവും നഷ്ടവും തീര്‍ക്കാന്‍ എം.എ മലയാളം വിദ്യാര്‍ത്ഥികളുടെ നോട്ടുബുക്കുകള്‍ വരെ തേടിപ്പിടിച്ചുകൊണ്ടുവന്ന് വായിച്ചു.

മാസങ്ങള്‍ക്കപ്പുറം രാചര്‍ച്ചകളില്‍ പുതിയൊരു സാംബശിവന്‍ വന്നിരുന്നു. വാക്കുകള്‍ക്ക് വായനയുടെ ആഴവും പരപ്പും. നിരീക്ഷണങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ …

താജ്മഹലിന്റെ
ഹൃദയം നനയ്ക്കുന്ന ജലത്തുള്ളിപോല്‍
നമ്മുടെ കവിത
സമൂഹത്തെ ഉണര്‍ത്താതിരിക്കുമോ…?


ഗ്രാമശ്രീ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മുത്താന സാംബശിവന്‍ കുടുംബസഹയനിധിക്ക് വേണ്ടി പിരിച്ചെടുത്ത തുക ഗ്രാമശ്രീയില്‍ നടന്ന ചടങ്ങില്‍ കവി കുരീപുഴ ശ്രീകുമാര്‍ സര്‍ മുത്താന സാംബശിവന്റെ കുടുംബത്തിനു കൈമാറുന്നു
എന്നു ചോദിച്ചുകൊണ്ട് കവിതയുടെ പുഴ മുറിച്ചുകടക്കാനിറങ്ങിയ സാംബശിവന്‍ ഒരു അത്ഭുതമായി വളരുകയായിരുന്നു പിന്നെ ഞങ്ങള്‍ക്കുമുന്നില്‍ .

കീഴാള ജീവിതത്തിന്റെ ചൂരും ചൊരുക്കും പാടുന്ന കവിതകള്‍ എന്ന് രണ്ടാം പുസ്തകത്തിന്റെ പിന്‍പുറത്ത് പ്രസാധകര്‍ കുറിച്ചിട്ടിരിക്കുന്നത് അതിശയോക്തിയല്ലെന്ന് ഞങ്ങള്‍ക്കറിയാം. ജീവിത്തതിന്റെ പുറമ്പോക്കുകളില്‍ ഭൂമിക തിരഞ്ഞ സാംബശിവന്‍ ശ്‌ളഥബിംബങ്ങളും വരണ്ട കാഴ്ചകളുടെ ശില്പങ്ങളും വരഞ്ഞ് ഞങ്ങളെ അതിശയിപ്പിച്ചു. എതുക്കാട്ട് ചന്തയില്‍ തേങ്ങാപ്പൂളുവാങ്ങാന്‍ ആശാരിപ്പാറയില്‍ നെരങ്ങി, ഊടുവഴിയിലിറങ്ങി കൊതം കീറിയ നിക്കറുമിട്ട്… എന്നെഴുതിയ സാംബശിവന്‍ ഇന്നലെകളുടെ ഓര്‍മകളിലേക്ക് ആഢ്യമായൊരു ബിംബത്തെയും കൂട്ടുപിടിക്കാതെ വായനക്കാരനെ അനായാസം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

എങ്കിലും വ്യവസ്ഥാപിത വിദ്യാഭ്യാസമില്ലായ്മ പലപ്പോഴും സാംബശിവനിലെ കവിക്ക് ഗുണമെന്നപോലെ ദോഷവും ചെയ്തിരുന്നു. അത്തരം ഘട്ടങ്ങളില്‍ തുടക്കകാലത്ത് സാംബശിവനിലെ കവി കടപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ കൂട്ടത്തിലെ അംഗമായ ആര്‍ . മനോജിനോടാണ്. പുതുതലമുറ കവികളില്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാം നിരയില്‍ നില്‍ക്കാന്‍ യോഗ്യതയുള്ള മനോജുമായുള്ള ചങ്ങാത്തം സാംബശിവനിലെ കവിയുടെ കാഴ്ചപ്പാടും ചിന്തയുമെല്ലാം രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു എന്നത് ഞങ്ങള്‍ക്ക് മാത്രമറിയാവുന്ന സത്യമാണ്.

ആദ്യ പുസ്തകമായ ജലശയ്യ മനോജ് എഡിറ്റുചെയ്തു, ഞാന്‍ പകര്‍ത്തിയെഴുതി. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ കവര്‍ ചിത്രം വരച്ചുതന്നു. പുസ്തകം പ്രകാശനം ചെയ്തത് ജന്മനാട്ടില്‍ . പ്രകാശനത്തിന് വന്നത് ഡോ. അയ്യപ്പപ്പണിക്കര്‍ .

ആ പുസ്തകത്തിനു പിന്നില്‍ വേദനിപ്പിക്കുന്നൊരു കഥയുമുണ്ട്. വര്‍ക്കല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രസാധകനാണ് പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ഏറ്റത്. അതിനായി അയ്യായിരം രൂപ അഡ്വാന്‍സ് വാങ്ങി. വര്‍ഷം രണ്ടുമൂന്നായിട്ടും പുസ്തകം പ്രസിദ്ധീകരിച്ചില്ല. ഒടുവില്‍ ഞങ്ങള്‍ എല്ലാവരും കൂടി പോയി പ്രസാധകനോട് കാരണം ചോദിച്ചു. ഒരു കല്‍പ്പണിക്കാരന്‍ അവന്റെ നിത്യവൃത്തിക്കു കിട്ടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ചുണ്ടാക്കിയ പണം ഇത്രകാലവും കൈയില്‍ വച്ചിട്ടും പുസ്തകം പ്രസിദ്ധീകരിക്കാത്തതില്‍ ഞങ്ങള്‍ രോഷം പൂണ്ടു.

അങ്ങനെ പുസ്തകം ഇറങ്ങി. പ്രകാശന ദിവസം ഡോ. അയ്യപ്പപ്പണിക്കരാണ് ആ പുസ്തകത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥ ഞങ്ങളെ ബോധ്യപ്പെടുത്തിയത്. പേജുകള്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത്, ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കവര്‍ തുന്നിക്കെട്ടിയതായിരുന്നു പുസ്തകം. ചതിച്ചല്ലോ സാംബശിവാ… എന്നു പറഞ്ഞായിരുന്നു പണിക്കര്‍ സാര്‍ അന്നത് ഞങ്ങളെ ബോധ്യപ്പെടുത്തിയത്. എന്തായാലും പ്രസാധകരന്‍ ചടങ്ങിന് വന്നില്ല!

നിര്‍മിതി എത്ര മോശമെങ്കിലും കവിത കാമ്പുള്ളതാണെങ്കില്‍ കാലത്തെ അതിജീവിക്കും എന്നതിന് തെളിവാണ് ആ പുസ്തകം. ആ ഫോട്ടോസ്റ്റാറ്റ് പുസ്തകത്തിലൂടെ സാംബശിവന്‍ മുത്താന എന്ന കവി വളര്‍ച്ചയുടെ പടവകള്‍ കയറാന്‍ തുടങ്ങുകയായിരുന്നു. ആ പുസ്തകത്തോടെയാണ് സാംബശിവനെ ജന്മനാടും കാവ്യകേരളവും തിരിച്ചറിയുന്നത്.

പിന്നെ കവിതകള്‍ പകര്‍ത്തിയെഴുതുന്ന ജോലി പഞ്ചായത്ത് അംഗമായിരുന്ന തുളസി നാരാണനും ഭാര്യയും സ്‌കൂള്‍ അധ്യാപകനും കവിയുമായ സൈജു ചാവര്‍കോട് തുടങ്ങിയവര്‍ ഏറ്റെടുത്തു.

കവിതയുടെ അഗ്‌നി ഉള്ളില്‍ നീറിപ്പിടിച്ചു കിടന്നതിനാലാവാം, സാംബശിവന്‍ കിട്ടിയ സൗഹൃങ്ങളെല്ലാം പടരാനുള്ള മരങ്ങളാക്കി പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് നടന്നുപോവുകയായിരുന്നു. ആ യാത്രകളില്‍ പലപ്പോഴും ജീവിതം തന്നെ മറന്നു. കവിത തന്നെ പ്രണവയും പ്രണയിനിയുമായപ്പോള്‍ വീട്ടുചെലവുകള്‍ കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യയുടെ ചുമലിലായിപ്പോയെന്ന് കവി തന്നെ കുമ്പസരിച്ചിട്ടുണ്ട്. പണിക്കുപോകാതെ കാവ്യമേളകളിലേക്കും കാവ്യ ചര്‍ച്ചകളിലേക്കും വണ്ടികയറിയിരുന്ന സാംബശിവന്‍ .

സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടാനും സമയം കണ്ടെത്തി. ഭൂമാഫിയകള്‍ മണ്ണ് നശിപ്പിക്കുന്നതു മുതല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ആ മനുഷ്യന്റെ ഉറക്കംകെടുത്തിയിരുന്നുവെന്നറിയില്ല. ജീവിതം ഉത്തരമില്ലാത്ത ചോദ്യംപോലെ നില്‍ക്കുമ്പോഴും അതിന്റെ വേവലാതികള്‍ ആരെയുമറിയിക്കാതെ പുതിയ പുസ്തകത്തിന് കവിതകള്‍ ഒരുക്കുന്ന തിരക്കിലുമായിരുന്നു കവി.

വീടു നിര്‍മാണ തൊഴിലാളിയായ സാംബശിവന്റെ ആറ്റിറമ്പിലെ വീട് പണി തീരാത്ത രണ്ടു മുറികള്‍ മാത്രമായി ബാക്കിനില്‍ക്കുന്നത് വല്ലാത്തൊരു വൈരുദ്ധ്യമാവാം. രണ്ടാമത്തെ പുസ്തകത്തിന് കല്ലില്‍ കൊത്തിയ കവിത എന്നാണ് സാംബശിവന്‍ പേരിട്ടത്.

പക്ഷേ, അദ്ദേഹത്തിന്റെ വീടോ കല്ലില്‍ പണിതീരാത്തൊരു ശില്പമായി ബാക്കിനില്‍ക്കുന്നു. അതില്‍ ഇനിയുള്ള ജീവിതം എന്തെന്നറിയാതെ അമ്പരന്നിരിക്കുന്ന ഭാര്യ സുധര്‍മയും പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനയായ ശില്പയും എട്ടാം ക്‌ളാസുകാരിയായ ചിപ്പിയും. അവര്‍ക്കു നോക്കിയിരിക്കാന്‍ ഇത്തിരിപ്പോന്ന പറമ്പില്‍ വീടിന്റെ ഉമ്മറത്തു തന്നെ തെക്കോട്ടു തലവച്ച് സാംബശിവന്‍ കിടക്കുന്നു. ഒരു നൊമ്പരം പോലെ സാംബയണ്ണന്റെ യാനം എന്ന കവിത ഓര്‍യില്‍ വരുന്നു:

മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം
നീ ചിരിച്ചാലും
കരഞ്ഞാലും
കണ്ണുനീര്‍
നനയാതെ തുടച്ചാലും
മരണത്തിലൂടെ
മൗനത്തിന്റെ
മലയിടുക്കു കടക്കണം.
ചോര തണുത്തോട്ടെ
പൂവും ജലവും തരുന്നവര്‍
പുറംതിരിഞ്ഞു നിന്നോട്ടെ
കുഴി വെട്ടുന്നവര്‍
പലതും പറഞ്ഞോട്ടെ
മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം
എനിക്ക്.
#

(കവിയുടെ കുടുംബത്തെ സഹായിക്കാനായി സുഹൃത്തുക്കള്‍ വലിയൊരു യജ്ഞത്തിലാണ്. ജീവിതത്തില്‍ കിട്ടിയ സമയം കൊണ്ട് മലയാളത്തിനായി ഉള്‍ക്കരുത്തുള്ള കുറേ കവിതകള്‍ ബാക്കിവച്ചു പോയപ്പോള്‍ കുടുംബത്തിന് ഭദ്രത വരുത്താന്‍ കവിക്കായില്ല. അല്ലെങ്കിലും ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയുടെ ജീവിതത്തിന് എന്തു ഭദ്രതയാണ് നമ്മുടെ നാട്ടിലുള്ളത്.

കവിയുടെ അപ്രതീക്ഷിത മരണം അനാഥമാക്കിയ കുടുംബത്തെ കൈപിടിച്ച് നടത്തേണ്ട ബാധ്യത നാമേവര്‍ക്കുമുള്ളതാണ്.

എസ്.ബി.ടിയുടെ കല്ലമ്പലം ശാഖയില്‍ കവിയുടെ ഭാര്യ സുധര്‍മയുടെ പേരില്‍ ഒരു എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67196615638. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ഉറവ ഇനിയും നമുക്കിടയില്‍ വറ്റിപ്പോയിട്ടില്ലെന്ന പ്രതീക്ഷയോടെ…)

*******
2012 സെപ്തംബറില്‍ വൈഗയില്‍ എഴുതിയതാണ് ഈ കുറിപ്പ്. ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു ഇതെഴുതുമ്പോള്‍ . അത്രയേറെയായിരുന്നു സാംബശിവന്റെ സുഹൃദ്‌വൃന്ദം. മലയാളത്തിലെ മിക്കവാറും എല്ലാ കവികളെയും ഒരിക്കലെങ്കിലും സാംബശിവന്‍ ഫോണില്‍ വിളിച്ചിട്ടുണ്ടാവണം. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ തപ്പിപ്പിടിക്കുകയും അവരുമായെല്ലാം ചങ്ങാത്തമുണ്ടാക്കുയും സാംബശിവന്റെ ഇഷ്ടവിനോദമായിരുന്നു.


സാംബശിവന്റെ കവിതാ സമാഹാരവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍
മരണവേളയില്‍ സാഹിത്യത്തിലെ ഒരുപാട് വമ്പന്മാര്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പലരോടും പറഞ്ഞിരുന്നു, സാംബശിവന്റെ കുടുംബം ഇനി അനാഥമാകരുത്. ഞങ്ങളെല്ലാം കൂടെയുണ്ട്. കഴിയുന്ന എല്ലാ സഹായവും ചെയ്യാം എന്നൊക്കെ... ഇതിനായി ആറ്റിങ്ങല്‍ കേന്ദ്രമാക്കി ഒരു സമിതിയും രൂപീകരിച്ചു. ബാങ്ക് അക്കൗണ്ട് എടുക്കൂ. പണം അതിലേക്ക് ഒഴുക്കിത്തരാം എന്നൊക്കെ വീമ്പിളക്കിയ എത്രയോ മാന്യന്മാര്‍ .

പക്ഷേ, കവി പോയി ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഈ മാന്യന്മാരില്‍ വിരലിലെണ്ണാവുന്നവരല്ലാതെ ആരും ഒരു സഹായവും ചെയ്തില്ല. എന്നാല്‍ , ലേഖനം വായിച്ച് ഇങ്ങോട്ടു വിളിച്ച് കഴിയുന്ന സഹായം സാംബശിവന്റെ വീട്ടിലേക്ക് അയച്ച ശ്രീ. മണമ്പൂര്‍ രാജന്‍ ബാബുവിനെ പോലുള്ളവരെയും കായിക്കര ആശാന്‍ സ്മാരകത്തിന്റെ കവിതാ പുരസ്‌കാരം അമ്പതിനായിരം രൂപയാക്കി സാംബശിവന്റെ കുടുംബത്തിനു നല്കിയ സംഘാടകരെയും മറക്കുന്നുമില്ല.

സാംബശിവന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിലെ കവിയുടെ മഹത്വമറിയാത്ത നാട്ടുകാര്‍ പക്ഷേ, നമ്മുടെ എഴുത്തു കേസരികളെക്കാള്‍ മാന്യത കാണിച്ചു. മുത്താന വിജ്ഞാനോദയം ഗ്രന്ഥശാലയുടെയും പറകുന്ന് ഗ്രാമശ്രീ ഗ്രന്ഥശാലയുടെയും നേതൃത്വത്തില്‍ കഴിയുന്ന സഹായം കവിയുടെ കുടുംബത്തിന് എത്തിച്ചുകൊടുത്തു.

മുഖ്യമന്ത്രിക്കും കൊടുത്തു ഒരു അപേക്ഷ. ജനസമ്പര്‍ക്കത്തിലൂടെ അപേക്ഷിച്ചെത്തുന്നവര്‍ക്കെല്ലാം കൈനിറയെ കൊടുത്തുവിടുന്ന മുഖ്യമന്ത്രി പക്ഷേ, പാവം കവിയുടെ കുടുംബത്തിന്റെ അപേക്ഷ നേരേ സാഹിത്യ അക്കാഡമിയുടെ മുന്നിലേക്ക് അയച്ചുകൊടുത്തു. സാധാരണക്കാരന്റെ മനസ്‌സ് നന്നായി അറിയേണ്ട ശ്രീ. പെരുവമ്പടവം ശ്രീധരന്റെ അക്കാഡമി തുച്ഛമായൊരു തുക കൊടുത്ത് അവരുടെ ജോലി തീര്‍ത്തു. ജോസ് പനച്ചിപ്പുറം, ഡി.ബഞ്ചമിന്‍ , ഡോ.ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ , ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി , സന്തോഷ് ജെ.കെ.വി , ഇബ്രാഹിം ബേവിഞ്ച, എം.ഡി.രാജേന്ദ്രന്‍, വിജയലക്ഷ്മി, പി.കെ.പാറക്കടവ്, ജോണ്‍ സാമുവല്‍ , ഡോ.അജിതന്‍ മേനോത്ത്, ജെന്നിംഗ്‌സ് ജേക്കബ്ബ്, വാണിദാസ് എളയാവൂര്‍ , ഇന്ദു മേനോന്‍ , ആര്‍.കെ.രമേഷ്, ഫാ.വി.പി.ജോസഫ് വലിയവീട്ടില്‍ , മീനമ്പലം സന്തോഷ് എന്നീ അക്കാഡമി അംഗങ്ങളില്‍ പലരും സാംബശിവനെ വളരെ അടുത്തറിയുന്നവരാണ് എന്നതാണ് ഏറെ സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം.

കുടുംബ സഹായ നിധിയിലേക്കായി പലവുരു ഇവരില്‍ പലരെയും വിളിച്ചു. ഇതാ അയച്ചു, ഇന്നയയ്ക്കും, നാളെ അയയ്ക്കാം, അക്കൗണ്ടില്‍ പണം വന്നുകാണുമല്ലോ എന്നിങ്ങനെ പലവിധ സര്‍ക്കസ് കാണിച്ച സാഹിത്യകാരന്മാരോടും സാംസ്‌കാരിക പ്രമുഖരോടും സഹതാപമാണ് തോന്നിയത്.

മരിക്കുന്നവരുടെയെല്ലാം കുടുംബത്തെ ഏറ്റെടുക്കണമെന്ന് പറയുന്നില്ല. പക്ഷേ വലിയ വായില്‍ വീമ്പുപറയുകയും പിന്നെ ഒളിച്ചോടുകയും ചെയ്യുന്ന മനുഷ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ മുഖം അനാവരണം ചെയ്യാന്‍ മാത്രമാണ് ഇത്രയും എഴുതിയത്.

ഇവിടെയും തീരുന്നില്ല കവിയോടുള്ള നെറികേടിന്റെ കഥ. പാവങ്ങളുടെ പാര്‍ട്ടിയുടെ തണലിലെ പ്രസാധകരാണ് കവിയുടെ രണ്ടാം പുസ്തകം ഇറക്കിയത്. പുസ്തകം ഏതാണ്ട് എല്ലാ കോപ്പിയും വിറ്റുപോയി. പക്ഷേ, അഞ്ചു പൈസ കവിയുടെ കുടുംബത്തിനു കൊടുത്തില്ല പ്രസാധക കേസരികള്‍ . പക്ഷേ, വീട്ടില്‍ ചിതലരിക്കാതെ ഏതെങ്കിലും കവിതകള്‍ ബാക്കിയുണ്ടെങ്കില്‍ അവകൂടി ചേര്‍ത്ത് മൂന്നാം പുസ്തകമിറക്കാന്‍ പ്രസാധകര്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി!

നമ്മുടെ ഈ സമൂഹം എന്നാണ് നന്നാവുക?

COMMENTS


Name

',3,11,1,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,237,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,20,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4518,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,Kerala,10068,Kochi.,2,Latest News,3,lifestyle,208,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1312,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,255,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,349,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,846,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,995,
ltr
item
www.vyganews.com: ഒരു കവിയോട് സാഹിത്യ ലോകം കാട്ടിയ നെറികേട് ഇതാ ഇങ്ങനെ...
ഒരു കവിയോട് സാഹിത്യ ലോകം കാട്ടിയ നെറികേട് ഇതാ ഇങ്ങനെ...
https://4.bp.blogspot.com/-vncjfQGuwg8/WUIsau74KOI/AAAAAAAACKo/O9A1accvg8AutHnIc2NICqruAaRcAiF5QCLcBGAs/s320/sambasivan-muthana.jpg
https://4.bp.blogspot.com/-vncjfQGuwg8/WUIsau74KOI/AAAAAAAACKo/O9A1accvg8AutHnIc2NICqruAaRcAiF5QCLcBGAs/s72-c/sambasivan-muthana.jpg
www.vyganews.com
https://www.vyganews.com/2017/06/ajay-muthana.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/ajay-muthana.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy