സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാനത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് മിക്കയിടത്തും പ്രചാരണം നടക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. വോട്ടു കിട്ടാനായി മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു തൊഴലും കുഞ്ഞുങ്ങളെ എടുത്തു ലാളിക്കലുമെല്ലാം വ്യാപകമായി നടക്കുന്നു.
ഇതെല്ലാം രോഗവ്യാപനത്തിന് കാരണമായേക്കും. രോഗം നിയന്ത്രിക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്നു.
ഒക്ടോബര്‍ 17 മുതല്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതായി കാണുന്നുണ്ട്. കുത്തനെ കൂടിയിരുന്നു ഗ്രാഫ് നിരപ്പില്‍ എത്തുകയും താഴുന്ന ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.
ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. ഇതു രോഗത്തിന്റെ രണ്ടാംവരവിന് കാരണമായേക്കുമെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍ സംശയം പ്രകടിപ്പിച്ചു. സമാനമായ സ്ഥിതി ഡല്‍ഹിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ നിന്ന് രണ്ടാം തരംഗത്തിലേക്ക് നാലു മാസം വരെ ഇടവേള എടുത്തിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ അത്തരമൊരു ഇടവേളയ്ക്ക് സാവകാശം കിട്ടിയിട്ടില്ല. കേരളത്തിനുള്ള മുന്നറിയിപ്പാണ് ഡല്‍ഹിയിലെ കാഴ്ചയെന്ന് ഡോ. അഷീല്‍ പറഞ്ഞു.
ഓണക്കാലത്ത് മലയാളി കാണിച്ച അശ്രദ്ധയുടെ ഫലമായിരുന്നു രോഗവ്യാപനം. സമാനമായ സ്ഥിതിയിലേക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനം വീണ്ടും എത്തിപ്പെടുമെന്ന ആശങ്ക മറ്റ് ഡോക്ടര്‍മാരും പങ്കുവയ്ക്കുകയാണ്.
കേരളം കോവിഡ് മരണ നിരക്ക് കുറച്ചു കാണിച്ചുവെന്ന ബിബിസിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ ആശങ്കയും വന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം കേരളത്തില്‍ 1969 പേരാണ് വ്യാഴാഴ്ച രാത്രി വരെ മരിച്ചതായി പറയുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ 3356 പേര്‍ മരിച്ചുവെന്നാണ് ബിബിസിയുടെ കണ്ടെത്തല്‍.
മലയാളത്തിലെ അഞ്ച് വാര്‍ത്താചാനലുകളും ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കിയാണ് നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് രോഗവുമായി എത്തി മരിക്കുന്നവരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പെടുത്തുന്നില്ല. ഹൃദ്രോഗമോ അര്‍ബുദമോ മറ്റെന്തെങ്കിലും രോഗമുണ്ടെങ്കില്‍ മരണത്തെ അതിന്റെ കണക്കിലാണ് പെടുത്തുന്നത്.
ഇതെല്ലാം കേരളത്തില്‍ കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നാണ് ബിബിസിയുടെ വിലയിരുത്തല്‍. കേരളത്തില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ചു എന്ന പേരില്‍ സംസ്ഥാന ആരോഗ്യ മന്ത്രിയെ കുറിച്ച് വലിയ വാര്‍ത്ത നല്‍കിയ ബിബിസി തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് വന്ന വീഴ്ചയും ലോകത്തിനുമുന്നില്‍ തുറന്നുകാട്ടുന്നത്.
Keywords: Kerala, Coronavirus, Covid, Doctor, Communityspread, Vaccine, BBC
 

 
							     
							     
							     
							    
 
 
 
 
 
COMMENTS