തിരുവനന്തപുരം : തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന കേരളത്തില്‍ നയതന്ത്ര ബാഗേജിലൂടെ യുഎഇയില്‍ നിന്ന് എത്തിയ ഈന്തപ്പഴവും മതഗ്രന്ഥവും വലിയ ചര്‍ച്...
തിരുവനന്തപുരം : തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന കേരളത്തില്‍ നയതന്ത്ര ബാഗേജിലൂടെ യുഎഇയില്‍ നിന്ന് എത്തിയ ഈന്തപ്പഴവും മതഗ്രന്ഥവും വലിയ ചര്‍ച്ചാവിഷയമായി മാറിയേക്കും.
ഈന്തപ്പഴവും മതഗ്രന്ഥവും എത്തിയ വിഷയം ഗൗരവമായി അന്വേഷിക്കാന്‍ കസ്റ്റംസിന് കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് ഈ വിഷയം ഒരു രാഷ്ട്രീയ ആയുധമായി മാറാന്‍ പോകുന്നത്.
കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ വിഷയം കൂടിയായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം രേഖാമൂലം നല്‍കിയിട്ടുമില്ല.
മന്ത്രി ജലീലിനെ കഴിഞ്ഞ ദിവസം എന്‍ ഐ എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ നാലുവര്‍ഷത്തിനിടെ 17,000 കിലോഗ്രാം ഈന്തപ്പഴമാണ് എത്തിയത്. തീരുവ ഒഴിവാക്കിയാണ് ഇത് എത്തിച്ചിരിക്കുന്നത്. തീരുവ ഒഴിവാക്കി കൊണ്ടുവരുന്ന സാധനങ്ങള്‍ പുറത്തു വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഒരുപക്ഷേ വിതരണം ചെയ്യണമെങ്കില്‍ കസ്റ്റംസിനോട് ആവശ്യപ്പെടുകയും കസ്റ്റംസ് നിര്‍ദേശിക്കുന്ന നികുതി അടച്ചതിനു ശേഷം വിതരണം ചെയ്യുകയും വേണമെന്നാണ് നിയമം.
എന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ഈന്തപ്പഴം അനാഥാലയങ്ങളില്‍ വിതരണം ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പമാണ് മതഗ്രന്ഥവും എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന്റെ കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
250 കെട്ട് മതഗ്രന്ഥങ്ങളാണ് കേരളത്തില്‍ കൊണ്ടുവന്നത് എന്നാണ് കോണ്‍സുലേറ്റ് നല്‍കിയിരിക്കുന്ന വിശദീകരണം. ഇതില്‍ 32 കെട്ടുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ എവിടെ വിതരണംചെയ്യുന്നു വ്യക്തതയില്ല. ഇതാണ് സംശയത്തിന് ആക്കം കൂട്ടുന്നത്.
മതഗ്രന്ഥം എന്ന പേരില്‍ സ്വര്‍ണമോ മറ്റു വസ്തുക്കളോണ് കേരളത്തിലേക്ക് കടത്തിയിരിക്കുന്നത് എന്ന സംശയം ഇവിടെയാണ് ബലപ്പെടുന്നത്. 2017 മുതല്‍ നടക്കുന്ന ഇടപാട് ആയതിനാല്‍ അന്വേഷണം എളുപ്പവുമല്ല. വിദേശനാണ്യ വിനിമയ ചട്ടലംഘനവും കസ്റ്റംസ് നിയമലംഘനവും നടന്നു എന്നാണ് അനുമാനം.
നയതന്ത്ര വിഷയമായതിനാല്‍ കോണ്‍സുലേറ്റിലെ ജീവനക്കാരെ പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ അന്വേഷണം നടത്തുക മാത്രമാണ്, തുടര്‍ന്നായിരിക്കും ആരെങ്കിലും പ്രതി ചേര്‍ക്കണോ എന്നു തീരുമാനിക്കുക.
ഈ വിഷയത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും അറിയുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നിന്ന് വിശദീകരണം എഴുതി വാങ്ങാനും കസ്റ്റംസ് നീക്കമാരംഭിച്ചിട്ടുണ്ട്.
യുഎഇയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന ഈന്തപ്പഴം സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളില്‍ വിതരണം ചെയ്തു എന്നാണ് മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്.
ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ തേടി സംസ്ഥാന സാമൂഹ്യക്ഷേമ സെക്രട്ടറി ബിജു പ്രഭാകറിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈന്തപ്പഴം വിതരണം ചെയ്തതു സംബന്ധിച്ചു വ്യക്തമായ മറുപടി നല്കാന് ജില്ല സാമൂഹ്യ ക്ഷേമ ഓഫീസര്‍മാര്‍ക്കു ബിജു പ്രഭാകര്‍ നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പു നാളുകളില്‍ ഈന്തപ്പഴവും മതഗ്രന്ഥവും കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമെന്ന് ഉറപ്പാണ്.
COMMENTS