സ്വന്തം ലേഖകന്‍ കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥമാണ് കൊണ്ടുവന്നതെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം പരിശോധിക്കുന്നതിനായി കസ്റ്റംസ് മതഗ്ര...
സ്വന്തം ലേഖകന്‍
കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥമാണ് കൊണ്ടുവന്നതെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം പരിശോധിക്കുന്നതിനായി കസ്റ്റംസ് മതഗ്രന്ഥം വരുത്തി തൂക്കമെടുത്തു.
ഒരു ഗ്രന്ഥത്തിന് 576 ഗ്രാം തൂക്കമുണ്ടെന്നു കണ്ടെത്തി. ഇങ്ങനെയെങ്കില്‍ വന്നത് മതഗ്രന്ഥമാണോ അതിന്റെ അതിന്റെ തൂക്കമെത്ര എന്നു കണ്ടെത്തുകയാണ് ലക്ഷ്യം.
മതഗ്രന്ഥമെന്നു രേഖപ്പെടുത്തിയ 250 പാക്കറ്റുകളാണ് നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരത്ത് എത്തിയത്. ഇതിന്റെ ആകെ ഭാരവും വലുപ്പവും കണ്ടെത്തിയാല്‍ വന്നത് മതഗ്രന്ഥം തന്നെയായിരുന്നോ എന്നു വ്യക്തമാകും.
മന്ത്രിക്കെതിരായ കുരുക്കുകള്‍ മുറുക്കാന്‍ തന്നെയാണ് കസ്റ്റംസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്വേഷണം പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നത്.
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലെ സി ആപ്റ്റിലേക്ക് 32 പെട്ടികളാണ് വന്നിട്ടുള്ളത്. ഇതില്‍ ജീവനക്കാരുടെ മുന്നില്‍ വച്ചു പൊട്ടിച്ച രണ്ടു പെട്ടികളില്‍ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്.
30 പെട്ടികള്‍ പൊട്ടിക്കാതെ സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോകാനായിരുന്നു മന്ത്രി നിര്‍ദ്ദേശിച്ചത്. രണ്ടു പെട്ടികള്‍ പൊട്ടിച്ചതു ബോധപൂര്‍വമാണോ. മറ്റു പെട്ടികളില്‍ മറ്റെന്തെങ്കിലുമായിരുന്നോ എന്നെല്ലാം ഇപ്പോള്‍ സംശയം ബലപ്പെട്ടിട്ടുണ്ട്. പെട്ടികളില്‍ മുകളില്‍ മതഗ്രന്ഥവും അടിയില്‍ മറ്റെന്തെങ്കിലും സാധനവുമായിരിക്കാന് സാധ്യത കൂടുതലാണ്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.
കേരളത്തില്‍ മതഗ്രന്ഥം ലഭ്യമാണെന്നിരിക്കെ, ഇത്ര ബുദ്ധമുട്ടി യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്തത് എന്തിനെന്ന ചോദ്യവും ബാക്കിയാവുന്നു. വന്നതില്‍ ഒരു പെട്ടി സി ആപ്റ്റില്‍ ഉണ്ടായിരുന്നു. ഇതു കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ തൂക്കവും വലുപ്പവും അളക്കാനാണ് കൊണ്ടുപോയത്.
കുരുക്കു മുറുകിയതോടെ സി ആപ്റ്റിലെ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശിച്ചതിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സി ആപ്റ്റിലെ അഞ്ച് ജീവനക്കാരില്‍ നിന്ന് കസ്റ്റംസ് മൊഴിയെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്നും ശ്രുതിയുണ്ട്.
മലപ്പുറത്തേയ്ക്കു പോയ അടച്ചുമൂടിയ വണ്ടിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതും സംശയം ബലപ്പെടുത്തുന്നു.
COMMENTS