അഭിനന്ദ് ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പൊലീസും ഐഎസ് ഐ ചാരസംഘടനയും ചേര്‍ന്ന് ഇന്നു രാവിലെ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാ...
അഭിനന്ദ്
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പൊലീസും ഐഎസ് ഐ ചാരസംഘടനയും ചേര്‍ന്ന് ഇന്നു രാവിലെ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാത്രിയോടെ വിട്ടയച്ചു.
ഇരുവരും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസില്‍ തിരിച്ചെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
ഇസ്ലാമാബാദില്‍ രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. താമസ സ്ഥലത്തുനിന്ന് രാവിലെ ഔദ്യോഗിക വാഹനത്തില്‍ ഓഫീസിലേക്കു തിരിച്ച ഇരുവരെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.
രണ്ട് ഉദ്യോഗസ്ഥരും റോഡപകടത്തില്‍ കുറ്റക്കാരാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിനാണ് തടഞ്ഞുവച്ചതെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
പാകിസ്ഥാനി ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ആണ് ഉദ്യോസ്ഥരെ കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് പാക് നടപടിയെന്നു കരുതപ്പെടുന്നു. ന്യൂഡല്‍ഹിയിലെ പാക് എംബസിയിലെ വീസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും ചാരപ്രവര്‍ത്തനത്തില്‍ കുടുങ്ങുകയായിരുന്നു.
പാകിസ്ഥാനിലെ നിരവധി ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഐ എസ് ഐ ഏജന്റുമാര്‍ ശല്യപ്പെടുത്തുന്നുണ്ട്. അമിതമായ നിരീക്ഷണത്തിനെതിരെ ഇന്ത്യ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ചാര്‍ജ് ഡി അഫയേഴ്സ് ഗൗരവ് അലുവാലിയയുടെ വാഹനം ഐഎസ്ഐ അംഗം പിന്തുടര്‍ന്ന സംഭവവുമുണ്ടായി. അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിനെ ഒരു ബൈക്ക് പിന്തുടര്‍ന്ന സംഭവവുമുണ്ടായി.
ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടുന്നില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ ഇത്തരം 13 സംഭവങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ വളരെ മോശം അവസ്ഥയിലുള്ള ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുന്ന അവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടാകുന്നത്.
Keywords: India, Pakistan, RAW, ISI, High Commission, Islamabad


COMMENTS