അഭിനന്ദ് ന്യൂഡല്‍ഹി: തൂക്കുകയറിനു മുന്നില്‍ നില്ക്കുന്ന നിര്‍ഭയ കേസ് പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ അവസാന പിടിവള്ളി എന്ന നിലയില...
അഭിനന്ദ്
ന്യൂഡല്‍ഹി: തൂക്കുകയറിനു മുന്നില്‍ നില്ക്കുന്ന നിര്‍ഭയ കേസ് പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ അവസാന പിടിവള്ളി എന്ന നിലയില്‍ വധശിക്ഷയ്ക്കു സ്റ്റേ ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ സമീപിച്ചു.
അഡ്വക്കേറ്റ് എ പി സിംഗ് മുഖേനെയാണ് പ്രതികള്‍ ഹേഗിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസില്‍ അഭയം തേടിയിരിക്കുന്നത്. നിയമവൃത്തങ്ങളെ അമ്പരപ്പിച്ച നീക്കമാണ് പ്രതികളുടെ അഭിഭാഷകര്‍ നടത്തിയത്.
യുഎനിന്റെ കീഴില്‍ വരുന്ന രാജ്യാന്തര നീതിന്യായ കോടതിക്ക് ഇന്ത്യയുടെ ഒരു ആഭ്യന്തര വിഷയത്തില്‍ എത്രമാത്രം ഇടപെടാനാവുമെന്നതില്‍ നിയമജ്ഞര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. പാകിസ്ഥാന്‍ തടങ്കലില്‍ വച്ചിട്ടുള്ള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെ പാക് കോടതി വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ ഹേഗില്‍ പോയാണ് ഇന്ത്യ ശിക്ഷ മാറ്റിവയ്പ്പിച്ചത്. അതു പക്ഷേ, രാജ്യാന്തര വിഷയമായിരുന്നു.
നിര്‍ഭയ കേസ് പ്രതികളുടെ കാര്യത്തില്‍ എങ്ങനെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ് ഇടപെടുമെന്നു കണ്ടറിയണം. യുഎനും ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസും വധ ശിക്ഷയ്ക്ക് എതിരാണ്. അതു തന്നെയാണ് പ്രതികളുടെ പ്രതീക്ഷയും. വധശിക്ഷ അരുതെന്നു രാജ്യാന്തര കോടതി പറഞ്ഞാല്‍ വിഷയം വീണ്ടും ഇന്ത്യയില്‍ തലനാരിഴ കീറിയുള്ള വിശകലനത്തിനു വിധേയമായേക്കും. അതോടെ, ശിക്ഷ നടപ്പാക്കല്‍ നീണ്ടുപോവുകയും ചെയ്യും. ഇതു തന്നെയാണ് പ്രതികളുടെ പ്രതീക്ഷയും.
കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് രാജ്യാന്തര കോടതിയെ സമീപിക്കുന്നതായി വാര്‍ത്ത വന്നത്. മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞെന്നും ഇനി പഴിതുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളുകയായിരുന്നു.
ഈ മാസം ഇരുപതിന് വെളുപ്പിന് 5.30നാണ് വിധി നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തൂക്കുമരം ഒരുക്കുയും അരാച്ചാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുന്നത്.
2012 ഡിസംബര്‍ 23ന് രാത്രിയില്‍ സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സിലിട്ടു ആറു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തശേശഷം ക്രൂരമായി മര്‍ദ്ദിച്ചു റോഡില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരനെയും പ്രതികള്‍ മാരകമായി മര്‍ദ്ദിച്ചിരുന്നു.
കേസിലെ മുഖ്യ പ്രതി റാം സിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
Keywords: India, Nirbhaya Cse, Capital Punishment, Culprits, International Court of Justice, The Hague
 


 
							     
							     
							     
							    
 
 
 
 
 
COMMENTS