ഒരു മിസൈല്‍ പോലും പ്രതിരോധിക്കാനാവാതെ മുഖം നഷ്ടപ്പെട്ട് അമേരിക്കന്‍ സേന, മിസൈല്‍ പ്രതിരോധം അമ്പേ പാളി മാത്യു കെ തോമസ് ദുബായ് : പ്രത...
ഒരു മിസൈല്‍ പോലും പ്രതിരോധിക്കാനാവാതെ മുഖം നഷ്ടപ്പെട്ട് അമേരിക്കന്‍ സേന, മിസൈല്‍ പ്രതിരോധം അമ്പേ പാളി
മാത്യു കെ തോമസ്
ദുബായ് : പ്രതീക്ഷിതമെങ്കിലും തങ്ങളുടെ സേനയ്ക്കു മേല്‍ ഇറാന് നടത്തിയ മിസൈല്‍ വര്‍ഷത്തിനു മുന്നില്‍ അമേരിക്ക അമ്പരന്നു നില്‍ക്കുന്നുവെന്നാണ് വാര്‍ത്തകള്‍ സൂക്ഷിച്ചു പഠിച്ചാല്‍ വ്യക്തമാകുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു രാഷ്ട്രം നേര്‍ക്കുനേര്‍ നിന്ന് അമേരിക്കയെ വെല്ലുവളിക്കുന്നത്. ഇതുവരെ സംഭവിച്ചിരുന്നത് അമേരിക്ക ഓരോ രാജ്യത്തും ചെന്നു കടന്നുകയറുകയും മറുപക്ഷം അമേരിക്കയ്ക്കെതിരേ ഒളിയുദ്ധം നടത്തുകയുമായിരുന്നു.
കവലച്ചട്ടമ്പിയുടെ തലത്തിലേക്കു താണ് ആരെയും വെല്ലുവിളിച്ചു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒന്നൊന്നര അടിയായിപ്പോയി ഇറാന്റെ ആക്രമണം. ഇറാന് ഇത്ര പെട്ടെന്ന് ഇങ്ങനെ മാരകമായി ആക്രമിക്കുമെന്ന് ട്രംപോ ഉപദേഷ്ടാക്കളോ കരുതിയിരുന്നില്ല.
80 അമേരിക്കന്‍ ഭീകരരെ വധിച്ചുവെന്നാണ് മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇറാന് ദേശീയ ടെലിവിഷന്‍ പറയുന്നത്. ഇതു സത്യമോ കള്ളമോ എന്നു വ്യക്തമല്ല. പക്ഷേ, അമേരിക്കന്‍ സേനയ്ക്കു കനത്ത നഷ്ടമുണ്ടെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം.
ട്രംപ് രാഷ്ട്രീയമായി വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും ജയിച്ചുകയറുന്നതിന് പതിനെട്ടടവും പയറ്റുകയാണ് അദ്ദേഹം. രാജ്യത്ത് ഇംപീച്ച്മെന്റ് എന്ന അപമാനത്തിന്റെ വക്കില്‍ നില്‍ക്കെയാണ് ട്രംപ് വാര്‍ത്തകള്‍ വഴിതിരിച്ചു വിടാനായി ഇറാന്റെ സൈനിക ബുദ്ധികേന്ദ്രം കൂടിയായ ഖ്വാസിം സുലൈമാനിയെ വധിച്ചത്. മുന്‍ പ്രസിഡന്റുമാരായ ബുഷ് ജൂനിയറും ബറാക് ഒബാമയും ചെയ്യാന്‍ മടിച്ച കാര്യമാണ്
ട്രംപ് ചെയ്തത്. അതിനു പക്ഷേ, കിട്ടിയിരിക്കുന്ന തിരിച്ചടി അമേരിക്കയ്ക്കാകെ അപമാനമായിരിക്കുന്നു.
ട്രംപ് വല്ലാത്ത വേവലാതിയിലാണ്. തിരിച്ചടിച്ചില്ലെങ്കില്‍ മാനം പോകും. തിരിച്ചടിച്ചാല്‍ ആണവായുധം പക്കലുള്ള ഇറാന് എന്തെങ്കിലും അവിവേകം കാണിച്ചാല്‍ കാര്യങ്ങള്‍ ആകെ കുഴയും. അതൊരു ലോക യുദ്ധത്തിലേക്കു പോകാം.
ഇറാഖില്‍ ഇനി സുരക്ഷിതമായി നിന്ന് ഇറാനെ വെല്ലുവിളിക്കാനാവില്ല. ഇറാഖില്‍ നിന്നു സേനയെ വാരിക്കെട്ടി കൊണ്ടുപൊയ്ക്കൊള്ളണമെന്ന് ആ രാജ്യത്തിന്റെ പാര്‍ലമെന്റ് അന്ത്യശാസനം കൊടുത്തിരിക്കുന്നു. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അവിടെ നില്ക്കാം. പക്ഷേ, അതിന് അതിന്റോതയ റിസ്കുണ്ട്.
അമേരിക്കയുടെ പുകഴ്പെറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് എന്തുപറ്റിയെന്ന ചോദ്യം കൂടി ബാക്കിവയ്ക്കുന്നുണ്ട് ഈ ആക്രമണം. ഇറാനില്‍ നിന്ന് 22 മിസൈലുകള്‍ രണ്ടു യുഎസ് താവളങ്ങളിലായി പതിച്ചുവെന്നാണ് ഇറാഖ് സൈനിക വക്താവ് പറഞ്ഞത്. ഇതിലൊരു മിസൈല്‍ പോലും പ്രതിരോധിക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞില്ലെന്നത് തീരെ ചെറിയ കാര്യമല്ല. അമേരിക്കയുടെ കൊട്ടിഗ്ഘോഷിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാനില്‍ നിന്നു തിരിച്ചടിയുണ്ടാവുമെന്ന് മിലിട്ടറി ഇന്റലിജന്‍സ് ഉറപ്പായും മുന്നറിയിപ്പു കൊടുത്തിട്ടുണ്ടാകും. അല്ലെങ്കിലും ഈ ഘട്ടത്തില്‍ ഒരാക്രണം പ്രതീക്ഷിക്കേണ്ടതുണ്ട്. എന്നിട്ടും എന്താണ് അമേരിക്കന്‍ സേനയ്ക്കു സംഭവിച്ചത്.
ഇതോടെ, അമേരിക്കയുടെ മിസൈല്‍ പ്രതിരോധത്ത ആശ്രയിക്കുന്ന സൗദി അറേബ്യയും യുഎഇയും കുവൈറ്റുമെല്ലാം ആശങ്കയിലുമാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ തങ്ങളുടെ പ്രേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഷോ നടത്തി ഗള്‍ഫില്‍ നല്ല കച്ചവടം അമേരിക്ക നടത്തിയിരുന്നതും മറക്കാറായിട്ടില്ല.
യുഎഇയിലും സൗദി അറേബ്യയിലുമുള്ള താവളങ്ങളാണ് പിന്നീട് ഉപയോഗിക്കാനാവുക. ഈ താവളങ്ങളില്‍ നിന്നുകൊണ്ട് അമേരിക്ക ആക്രമണത്തിനു മുതിര്‍ന്നാല്‍ ആ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭയം അവര്‍ക്കുമുണ്ട്.
നാറ്റോ രാജ്യങ്ങളില്‍ പലതും അമേരിക്കയുടെ യുദ്ധഭ്രാന്തിനു കൂട്ടില്ല. ബ്രിട്ടന് പോലും ഇറാഖിലുള്ള അവരുടെ മിക്കവാറും സൈനികരെ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവിളിച്ചു. വാക്കാലുള്ള പിന്തുണ മാത്രമേ നാറ്റോയില്‍ നിന്നുള്ളൂ. യുദ്ധം വലിയ വിപത്തിലേക്കു പോകുമെന്ന ഭയമാണ് നാറ്റോ രാജ്യങ്ങള്‍ക്കും.
ഇറാനെ ആക്രിമിക്കുന്നതിനു സര്‍വ പിന്തുണയും കൊടുക്കുന്നത് ഇസ്രയേല്‍ മാത്രമാണ്. പിന്നീട് ഭയന്നിട്ടാണെങ്കിലും സൗദിയും യുഎഇയും. ഇത്രയും കരുത്തു വച്ച് ഇറാനെ ആക്രമിക്കുന്നത് അത്ര എളുപ്പമാവില്ലെന്നാണ് ട്രംപിനു കിട്ടിയിരിക്കുന്ന ഉപദേശം. സദ്ദാമിന്റെ ഇറാഖിനെ ആക്രമിച്ചതു പോലെയോ ഭീകരരുടെ പക്കലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെ തകര്‍ത്തതു പോലെയോ എളുപ്പമാവില്ല ഇറാനെ കൈകാര്യം ചെയ്യുക എന്ന തിരിച്ചറിവുകൂടിയാണ് പ്രതികരണം പോലും വൈകിക്കുന്ന ട്രംപിന്റെ നടപടി.
മറിച്ച് ഇറാനാകട്ടെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നിര്‍ലോഭ പിന്തുണയുണ്ട്. പരസ്യമായി ഈ രാജ്യങ്ങളൊന്നും യുദ്ധമുഖത്തേയ്ക്കു വരില്ലെങ്കിലും ഇറാന് അവരുടെ രഹസ്യ പിന്തുണ വേണ്ടുവോളമുണ്ട്. ഇതും അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്.
ഫലത്തില്‍, ഒരു ഊരാക്കുടുക്കിലാണ് ട്രംപ് അമേരിക്കയെ കൊണ്ടെത്തിച്ചിരിക്കുന്നത്. അടിച്ചാല്‍ തിരിച്ചടി എന്തെന്നു പ്രവചിക്കാനാവുന്നില്ല. അടിച്ചില്ലെങ്കില്‍ മാനവും പോകും.
Keywords: Iran, US, Iraq, Israel, Military Strike, Irbil
COMMENTS