തിരുനനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നുണപ്രചരണം നടക്കുകയാണെന്നും...
തിരുനനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നുണപ്രചരണം നടക്കുകയാണെന്നും ഇതു സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചില കേന്ദ്രങ്ങളില്‍ മനപ്പൂര്‍വം ഇത്തരം പ്രചരണം നടത്തുകയാണ്. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ പ്രളയകാലത്ത് ഭീമമായ തുകയാണ് ലഭിച്ചത്. അതില്‍ അസൂയയുള്ളവരും കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവൃത്തിയാണ്. വ്യാജപ്രചാരണങ്ങള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം.
ഓരോ ക്യാമ്പിലും വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കളക്ഷന്‍ സെന്ററുകളിലേക്ക് കൈമാറാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ അനാവശ്യ സാധനങ്ങള്‍ കുമിഞ്ഞുകൂടുന്നത് അതുവഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ പുറത്തുനിന്ന് ആളെത്തുന്നത് കര്‍ശനമായി തടയും.
ഒരു കാരണവശാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കാനാകില്ല. ബോധപൂര്‍വ്വം ചിലര്‍ എതിര്‍പ്രചാരണം നടത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതില്‍ സംഭാവന നല്കാന് കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നുമുള്ളവര്‍ തയ്യാറായി. ഇതിനെതിരെ പക്ഷെ ഇത്തവണ കരുതിക്കൂട്ടി ഇടപെടല്‍ നടക്കുന്നു.
സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന ഇത്തരം പ്രചരണം ജനങ്ങള്‍ തള്ളിക്കളയണം. ഔദ്യോഗിക സംവിധാനമാണ് ദുരിതാശ്വാസ നിധി. അതില്‍ നിന്ന് ഒരു പൈസ പോലും വകമാറ്റി ചെലവഴിക്കില്ല. സംഭാവനകള്‍ മാത്രമല്ല ബജറ്റ് വിഹിതവും അതിലുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനാകും. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ പ്രളയകാലത്തെ അപേക്ഷിച്ച് ഇക്കുറി എല്ലാ കളക്ഷന്‍ സെന്ററുകളിലും തണുത്ത പ്രതികരണമാണുള്ളത്. ഇതിനു വ്യാജപ്രചരണങ്ങളും കാരണമായതായി സംശയിക്കുന്നു. ഇതിനിടെ, തിരുവനന്തപുരത്ത് കളക്ടറുടെ പ്രതികരണവും തെറ്റിദ്ധാരണയ്ക്കിടയാക്കി. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരത്തു നിന്നായിരുന്നു ഏറ്റമധികം സഹായവസ്തുക്കള്‍ വടക്കോട്ടൊഴുകിയത്.
COMMENTS