ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കു ശേഷം വിശ്വാസവോട്ട് നടത്താതെ സഭ പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിക...
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കു ശേഷം വിശ്വാസവോട്ട് നടത്താതെ സഭ പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരുമെന്നു സ്പീക്കര്‍ കെ.ആര്. രമേശ് കുമാര്‍ അറിയിച്ചു.
വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്നു സ്പീക്കര്‍ക്കു ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെയാണ് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചത്.
ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ സഭയില്‍ വായിച്ചു. സഭാ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഗവര്‍ണറെ സ്പീക്കര്‍ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
എംഎല്‍എമാര്‍ക്ക് വിപ്പ് നല്കുന്ന കാര്യത്തില്‍ കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് സഭ ഇന്നത്തേയ്ക്കു പിരിഞ്ഞത്.
സ്പീക്കറുടെ നടപടി ഏകാധിപത്യപരമാണെന്നും സഭയ്ക്കുള്ളില്‍ ധര്‍ണ നടത്തുമെന്നും ബിജെപി പറഞ്ഞു.
സഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നും ഇതിനെ ചോദ്യം ചെയ്യാനാവില്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു.
രാവിലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. തന്റെ നേത്യത്വത്തിലെ സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്ന ഒറ്റ വാചകമായിരുന്നു വിശ്വാസ പ്രമേയം.
വിശ്വാസവോട്ട് നടപടിക്രമങ്ങള്‍ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിജെപി വിശ്വാസവോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചതും സ്പീക്കര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം കൊടുത്തതും.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ പറഞ്ഞു.
തിരഞ്ഞെുക്കപ്പെട്ട അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം പാര്‍ട്ടികള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ കോടതിക്കാകില്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.
പ്രസംഗം നീട്ടി പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കാനാണ് ശ്രമമെന്നു ബിജെപി ആരോപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും നടന്നു.
വിശ്വാസവോട്ട് തിങ്കളാഴ്ച വരെ നീട്ടി വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ ഭരണപക്ഷം തിരക്കിട്ട ശ്രമങ്ങളാണ് നടത്തുന്നത്. ഇതു വിജയിക്കുമോ എന്നു വ്യക്തമല്ല.
Keywords: Karnatakal, Politics, India, Kumaraswamy
COMMENTS