വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്കു...
വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്കു സമീപത്തെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ പണം വാങ്ങാനെത്തിയ മാവോയിസ്റ്റുകളെ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്.
ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്കു വെടിയേറ്റു. ഇവരെ പിടികൂടാന്‍ പൊലീസിനായില്ല. വെടിയേറ്റവരില്‍ ഒരാള്‍ ഗുരുതര നിലയിലാണെന്നും മരിച്ചെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൊലീസ് ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
രാത്രി ഒന്‍പത് മണിയോടെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്കാന് ഉടമ വിസമ്മതിച്ചപ്പോള്‍ വാക്കുതര്‍ക്കമായി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ മാവോയിസ്റ്റുകളെ തിരിച്ചറിയുകയും പൊലീസിന്റെ സായുധ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ അറിയിക്കുകയുമായിരുന്നു. തണ്ടര്‍ ബോള്‍ട്ട് കുതിച്ചെത്തിയതോടെ വെടിവയ്പ്പാരംഭിച്ചു.
വെടിവയ്പ്പു നടക്കുന്ന ഉപവന്‍ റിസോര്‍ട്ട് (ഫയല്‍ ചിത്രം)
കൂടുതല്‍ പൊലീസ് സംഘം ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം പൊലീസ് വിച്ഛേദിച്ചു. നാട്ടുകാരോടു വീടുവിട്ട് പുറത്തിറങ്ങരുതെന്നു പൊലീസ് നിര്‍ദ്ദേശിച്ചു. വൈകിയും വെടിവയ്പ്പു തുടരുകയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. വയനാട് - കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞു.
വെടിയേറ്റ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിനു പിന്നിലെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെന്നും പിന്നീടും വെടിയൊച്ച മുഴങ്ങുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനര്‍ത്ഥം മാവോയിസ്റ്റു സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നു തന്നെയാണ്.
റിസോര്‍ട്ടിലെ ജീവനക്കാരുടെയും താമസക്കാരുടെയും സ്ഥിതി വ്യക്തമല്ല. തൊട്ടടുത്തു സുഗന്ധഗിരി കുന്നില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
വൈത്തിരി മേഖലയില്‍ കുറച്ചുനാളായി മാവോയിസ്റ്റു സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് ജാഗ്രതയിലായിരുന്നു.
Keywords: Maoista, Waynady, Vythiri, Thunderbolt, Kerrala Police
COMMENTS