റോയ് പി തോമസ് കൊച്ചി : പത്തനംതിട്ട ലോക്സഭാ സീറ്റില്‍ മത്സരിക്കാനുള്ള ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജിന്റെ തീരുമാനം എല്ലാ രാഷ്ട്ര...
റോയ് പി തോമസ്
കൊച്ചി : പത്തനംതിട്ട ലോക്സഭാ സീറ്റില്‍ മത്സരിക്കാനുള്ള ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജിന്റെ തീരുമാനം എല്ലാ രാഷ്ട്രീയ കക്ഷികളെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നു വിലയിരുത്തല്‍.
പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ടത്. പിന്നീടാണ് പൂഞ്ഞാര്‍ എംഎല്‍എ തന്നെ മത്സരിക്കുമെന്നു യോഗത്തില്‍ തീരുമാനം വന്നത്.
ഇക്കുറി ബിജെപിയും ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന സീറ്റാണ് പത്തനംതിട്ട. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണിയാണ് സിറ്റിംഗ് എംപി. ഇവിടെ വീണാ ജോര്‍ജ് എംഎല്‍എയെ ഇറക്കി മത്സരിപ്പിക്കാന്‍ വരെ സിപിഎമ്മില്‍ ആലോചനയുണ്ട്. തങ്ങളുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ടുപോയ സീറ്റ് ഏതു വിധേനയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
ഇതേസമയം, ശബരിമല വിഷയത്തിന്റെ അനുരണനങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സീറ്റാണ് പത്തനംതിട്ട. അത് ഉപയോഗപ്പെടുത്തി സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുണ്ട് ബിജെപിക്ക്. ഇതിനായി തീപ്പൊരി നേതാവ് സുരേന്ദ്രനെ രംഗത്തിറക്കാന്‍ ആലോചനയുണ്ട്. അതല്ലെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി പിടിക്കാനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ രംഗത്തിറക്കാനും ആലോടനയുണ്ട് ബിജെപിക്ക്.
ശബരിമല പ്രശ്നകാലത്ത് ഏതാണ്ട് ഒരു ബിജെപി നേതാവിനെപ്പോലുള്ള നിലപാടാണ് പിസി ജോര്‍ജ് എടുത്തത്. എന്‍എസ്എസിന്റെ നിലപാടുകളെയും അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. അതായത് പിസി ജോര്‍ജ് നിന്നാല്‍ തീവ്രഹിന്ദുത്വ വോട്ടുകളില്‍ പോലും ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയും.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒരു മുന്നണിയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പിസി ജോര്‍ജിനെ എന്തു കൊടുത്തും ഒതുക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കും. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തിനു പിന്നില്‍ ഇത്തരം ചില കാര്യങ്ങള്‍ കൂടി ബാക്കിനില്‍ക്കുന്നുണ്ട്.
പിസി ജോര്‍ജ് നില്‍ക്കുന്നത് ആന്റോ ആന്റണിക്കു ഗുണമാകുമെന്നു വിലയിരുത്തുന്നവരുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിലായിരുന്ന ജോര്‍ജ് ആന്റോ ആന്റണിക്കു വേണ്ടി രംഗത്തിറങ്ങിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെതിരേ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.
ഇക്കുറി ജോര്‍ജ് മത്സരിച്ചാല്‍ അദ്ദേഹം പിടിച്ചുമാറ്റുന്ന വോട്ടുകള്‍ തനിക്കു ഗുണമാകുമെന്ന ചിന്തയും ആന്റോ ആന്റണിക്കുണ്ട്.
Keywords: Pathanamthitta, PC George, Anto Antony, Janapaksham, UDF, LDF
COMMENTS