ജോസഫിന്റെ മകന് അപ്പു ജോണിന്റെ രാഷ്ട്രീയ പ്രവേശം തടയുകയും മാണിയുടെ ലക്ഷ്യം റോയ് പി തോമസ് കൊച്ചി : തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്...
ജോസഫിന്റെ മകന് അപ്പു ജോണിന്റെ രാഷ്ട്രീയ പ്രവേശം തടയുകയും മാണിയുടെ ലക്ഷ്യം
റോയ് പി തോമസ്
കൊച്ചി : തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടിട്ടും സ്ഥാനാര്ത്ഥിതര്ക്കം അവസാനിക്കാതെ തുടരുന്ന കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലേക്കെന്നു സൂചന. പിജെ ജോസഫിനെ തഴഞ്ഞ് കോട്ടയം സീറ്റ് തോമസ് ചാഴിക്കാടനു നല്കാന് മാണി വിഭാഗം തത്വത്തില്‍ തീരുമാനിച്ചതായി സൂചന.
സീറ്റു കിട്ടാതെ വന്നാല്‍ ജോസഫ് മുന്നണി വിട്ടുപോകാന്‍ സാദ്ധ്യതയുണ്ട്. ജോസഫ് പോയാലും സീറ്റു കൊടുക്കേണ്ടെന്ന നിലപാടിലാണ് മാണിയും മകനും.
താന്‍ തന്നെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെന്ന് ജോസഫ് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. അവിടെനിന്നാണ് മാണിയും മകനും ചേര്‍ന്നു ജോസഫിനെ ഒന്നുമല്ലാതാക്കുന്നത്.
പാര്‍ലമെന്റിലേക്കു പോകുന്നതിനു പിന്നിലും ജോസഫിനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. താന്‍ പാര്‍ലമെന്റിലേക്കു പോകുന്നതോടെ, വരുന്ന ഒഴിവില്‍ തൊടുപുഴയില്‍ മകന് അപ്പു ജോണ്‍ ജോസഫിനെ നിറുത്തി ജയിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജോസഫിനുണ്ട്. ഇതു തിരിച്ചറിഞ്ഞു തന്നെയാണ് മാണി വെട്ടിയിരിക്കുന്നത്.
തൊടുപുഴയില്‍ ജയിച്ചാല്‍ അപ്പുവിനെ അടുത്ത യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ മന്ത്രിയാക്കാന്‍ മാണി നിര്‍ബന്ധിതനാവും. വിദേശത്തു പഠിച്ചുവന്ന അപ്പു നന്നായി പ്രവര്‍ത്തിക്കുകയും ഇമേജുണ്ടാക്കുകയും ചെയ്താല്‍ നാളെ അത് ജോസ് കെ മാണിക്കു കൂടി വെല്ലുവിളിയായി വന്നുകൂടാതെയില്ല. ഇതൊക്കെ ദീര്‍ഘവീക്ഷണം ചെയ്താണ് മാണിയുടെ കളി.
മണ്ഡലം കമ്മിറ്റികള്‍ വഴിയാണ് ജോസഫിനെ ഇപ്പോള്‍ മാണി വെട്ടിയിരിക്കുന്നത്. കോട്ടയം പാര്‍മെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലം കമ്മിറ്റികളില്‍ ആറും ജോസഫിനെതിരേ നേതൃത്വത്തിനു കത്തു കൊടുത്തിരിക്കുകയാണ്. വൈക്കം മണ്ഡലം കമ്മിറ്റി മാത്രം ഇതുവരെ കത്തൊന്നും കൊടുത്തിട്ടില്ല.
മണ്ഡലത്തിലെ അംഗമല്ലാത്ത ജോസഫിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റികളുടെ കത്ത്. ഇത് മാണിയുടെ നിര്‍ബന്ധപ്രകാരം വന്ന കത്താണ്. ഈ കത്തു കാട്ടി, മണ്ഡലത്തിനു വേണ്ടാത്തയാളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന ചോദ്യമാണ് മാണി ഇപ്പോള്‍ ഉന്നയിക്കുന്നത്. ഈ ചോദ്യത്തിന് തത്കാലം ഉത്തരം നല്കാന് ജോസഫിന് കഴിയുന്നുമില്ല. പിന്നെ, അദ്ദേഹത്തിനു ചെയ്യാവുന്ന കാര്യം പാര്‍ട്ടി വിട്ടു പോവുകയെന്നതാണ്. ഇപ്പോള്‍ ഇറങ്ങിച്ചെന്നാല്‍ ഇടതു മുന്നണി കൈയും നീട്ടി സ്വീകരിക്കില്ലെന്നതും അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം കഴിഞ്ഞുവെന്നതും ജോസഫിനു ശുഭവാര്‍ത്തയല്ല.
Keywords: Kerala Congress, Politics, KM Mani, PJ Joseph, Apu John Joseph
COMMENTS