Search

സോണിയ നേരിട്ടു കാണും, അനുനയിപ്പിക്കാന്‍ വാഗ്ദാനപ്പെരുമഴ, പിടികൊടുക്കാതെ കെവി തോമസ്

യുഡിഎഫ് കണ്‍വീനര്‍, നിയമസഭാ സീറ്റ്, എഐസിസിയില്‍ ഉന്നത പദവി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍

അഭിനന്ദ്


  • ന്യൂഡല്‍ഹി :  വേണ്ടിവന്നാല്‍ ബിജെപിയിലേക്കു പോകുമെന്നു പറയാതെ പറഞ്ഞ്  ഇടഞ്ഞുനില്ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാനായി സാക്ഷാല്‍ സോണിയാ ഗാന്ധി തന്നെ രംഗത്തെത്തിയേക്കും.


എറണാകുളത്തു സ്ഥാനാര്‍ത്ഥിയാക്കാതെ തഴഞ്ഞതില്‍ അങ്ങേയറ്റം ക്ഷുഭിതനും നിരാശനുമായി കഴിയുന്ന കെവി തോമസ് തന്നെ കണ്ട നേതാക്കളോടെല്ലാം അമര്‍ഷം പ്രകടിപ്പിച്ചതോടെയാണ് സോണിയ നേരിട്ടു കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അദ്ദേഹത്തെ അനുയിപ്പിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തുകയും ചെയ്തു. വൈകാതെ മുകുള്‍ വാസ്‌നിക് നേരിട്ടെത്തി കെവി തോമസുമായി ചര്‍ച്ച നടത്തുമെന്നറിയുന്നു.

ബിജെപിയിലേക്കു പോയാല്‍ കെവി തോമസിന് എറണാകുളത്തു സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞേക്കും. കെവി തോമസിനെ പോലൊരു ക്രിസ്തീയ മുഖം വരുന്നതില്‍ ബിജെപി നേതൃത്വത്തിനും താത്പര്യമുണ്ട്. പക്ഷേ, ബിജെപി ലേബലില്‍ കൊച്ചിയില്‍ ജയിക്കുക സാദ്ധ്യമല്ല. അതോടെ, ആര്‍ക്കും വേണ്ടാതെ രാഷ്ട്രീയജീവിതം അവസാനിക്കുകയും ചെയ്യും. കോണ്‍ഗ്രസ് വിട്ടുവന്നിരിക്കുന്ന ടോം വടക്കനു സംഭവിച്ചതുപോലൊരു അവസ്ഥ തനിക്കും വന്നുചേരുമെന്നു കെവി തോമസ് ഭയക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ രണ്ടുവട്ടം ആലോചിച്ചിട്ടേ അദ്ദേഹം ബിജെപിയിലേക്കു ചായാന്‍ സാദ്ധ്യതയുള്ളൂ. പക്ഷേ, തന്നെ വന്നു കാണുന്നവരോടെല്ലാം പ്രതിഷേധം അറിയിക്കാനും അദ്ദേഹം മറക്കുന്നില്ല. ഇപ്പോള്‍ പരമാവധി വിലപേശാന്‍ പറ്റുന്ന അവസരമാണെന്ന് കെവി തോമസ് മനസ്സിലാക്കുന്നുണ്ട്.

ഏഴു തവണ സീറ്റു കൊടുത്തിട്ടും പാര്‍ട്ടിക്കെതിരേ കെവി തോമസ് തിരിയുന്നുവെന്നതാണ് പ്രാദേശികമായി അദ്ദേഹത്തിനെതിരേ ഉയരുന്ന വികാരം. അതു നേതൃത്വവും മനസ്സിലാക്കുന്നുണ്ട്. പക്ഷേ, സോണിയാ ഗാന്ധിക്കു കെവി തോമസിനോടു താത്പര്യമുണ്ട്. അദ്ദേഹത്തെ എറണാകുളത്ത് ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നു നേരത്തേ സോണിയ ആരായുകയും ചെയ്തിരുന്നു.

സോണിയയെ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കാണാന്‍ കഴിയുന്ന നേതാക്കളിലൊരാളാണ് കെവി തോമസ്. അതുപോലെ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളായിരുന്നു ടോം വടക്കനും. അത്രയും സ്വാതന്ത്ര്യമുള്ള കെവി തോമസിന് പാര്‍ട്ടി ഇതിനകം തന്നെ പല വാഗ്ദാനങ്ങളും നല്കിക്കഴിഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍, എ ഐ സിസിയില്‍ ഉന്നത പദവി, കൂടാതെ എറണാകുളത്ത് നിയമസഭാ സീറ്റ് തുടങ്ങിയവയെല്ലാം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. ഇതിലൊന്നും അദ്ദേഹം ഇതുവരെ വീണിട്ടില്ല. രമേശ് ചെന്നിത്തല ഇന്നു രാവിലെ ഡല്‍ഹിയിലെ വീട്ടില്‍ ചെന്നു കെവി തോമസിനെ കണ്ടിരുന്നു. തന്റെ രോഷമെല്ലാം രമേശിനോട് കെവി തോമസ് അറിയിക്കുകയും ചെയ്തു.

പിന്നാലെ, തന്റെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലിനെ സോണിയ നിയോഗിച്ചു. സോണിയയുടെ ദൂതുമായിട്ടാണ് പട്ടേലിന്റെ വരവ്. ഇതെല്ലാം കഴിഞ്ഞായിരിക്കും സോണിയ നേരിട്ടു കാണുക.

ഹൈബി ഈഡന്‍ വിജയിച്ചാല്‍ ആ സീറ്റില്‍ തോമസിനെ നിയമസഭയിലേക്കു മത്സരിപ്പിക്കാമെന്ന് രമേശ് ഉറപ്പുകൊടുത്തു. ഇതു കേട്ട് കെവി തോമസ് പൊട്ടിത്തെറിച്ചെന്നാണ് അറിയുന്നത്. ഏഴു തവണ പാര്‍ലമെന്റില്‍ വിജയിക്കുകയും കേന്ദ്രമന്ത്രിയായിരിക്കുകയും ചെയ്ത തന്നെ അവഹേളിക്കുന്നതാണ് ഈ വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ, ആദ്യം പൊട്ടിത്തിച്ചെങ്കിലും കെവി തോമസ് ഈ ഓഫര്‍ സ്വീകരിച്ചുകൂടാതെയില്ലെന്നാണ് അറിയുന്നത്. എറണാകുളത്ത് തത്കാലം വിജയിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ സുപ്രധാന പദവിയില്‍ സംസ്ഥാനമന്ത്രിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഓഫര്‍ അദ്ദേഹം സ്വീകരിക്കുമെന്നു തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഏതു വിധേനെയാണെങ്കിലും കെവി തോമസിനെ അനുനയിപ്പിച്ച് ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിനിറക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Keywords: KV Thomas, Sonia Gandhi, Ernakulam, Hibi Eaden, Loksabha Poll 2019vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സോണിയ നേരിട്ടു കാണും, അനുനയിപ്പിക്കാന്‍ വാഗ്ദാനപ്പെരുമഴ, പിടികൊടുക്കാതെ കെവി തോമസ്