Search

ജാദവും ധോണിയും പടനയിച്ചു, ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം



ഹൈദരാബാദ്: ട്വന്റി 20 പരമ്പരയിലെ തിരിച്ചടി മനസ്സില്‍ വച്ച് ശ്രദ്ധാപൂര്‍വം കളിച്ച ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആറു വിക്കറ്റിനു ജയിച്ചു.

ബോളിംഗ് പിച്ചില്‍ ഓസ്‌ട്രേലിയ 237 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. ഇന്ത്യ 48.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

മുന്‍നിരക്കാര്‍ പതറിയപ്പോള്‍ എം.എസ്. ധോണിയും കേദാര്‍ ജാദവും ക്ഷമയോടെ പിടിച്ചുനിന്ന് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
കേദാര്‍ ജാദവാണ് കളിയിലെ കേമന്‍.

സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സായപ്പോള്‍ ശിഖര്‍ ധവാന്‍ (0) മടങ്ങി. രോഹിത് ശര്‍മ-വിരാട് കോലി സഖ്യം കളി ഏറ്റെടുത്തു. ടീം സ്‌കോര്‍ 80 ആയപ്പോള്‍ കോലിയുടെ(44) വിക്കറ്റ് വീണു. പിന്നാലെ രോഹിതും (37), അമ്പാട്ടി റായിഡുവും (13) മടങ്ങിയതോടെ ഇന്ത്യ പരാജയം മണത്തു.

നാലിന് 99 റണ്‍സ് എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ജാദവും ധോണിയും വിജയം കൊയ്യുകയായിരുന്നു.

72 പന്തില്‍ 59 റണ്‍സെടുത്ത് ധോണി കരുതലോടെ കളിച്ചു. 87 പന്തില്‍ 81 റണ്‍സെടുത്ത് ജാദവ് കുറച്ചുകൂടി മുന്നിലേക്കു പോയി.

ആദം സാംപയും കോള്‍ട്ടല്‍നൈലും സന്ദര്‍ശകര്‍ക്കു വേണ്ടി രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് അവര്‍ക്ക് എടുക്കാനായത്.

ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് (76 പന്തില്‍ 50) ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. മാര്‍കസ് സ്റ്റോയിനസ് (37), പീറ്റര്‍ ഹാന്‍സ്‌കോംബ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (40), ടര്‍ണര്‍ (21), നഥാന്‍ കോള്‍ട്ടര്‍നൈല്‍ (28) എന്നിവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല.
36 റണ്‍സുമായി അലക്‌സ് കാരേ പുറത്താകാതെനിന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കേദാര്‍ ജാദവിന് ഒരു വിക്കറ്റുണ്ട്. മൂന്ന് ഓവര്‍ മാത്രം എറിഞ്ഞ വിജയ് ശങ്കര്‍ 22 റണ്‍സ് അതിഥികള്‍ക്കു സംഭാവന ന ല്കി.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജാദവും ധോണിയും പടനയിച്ചു, ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം