അഭിനന്ദ് ന്യൂഡല്‍ഹി: കേരളത്തില്‍ ബദ്ധശത്രുവായിക്കണ്ട് എതിരിടുമ്പോള്‍, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കൈകോര്‍ത്തു മ...
അഭിനന്ദ്
ന്യൂഡല്‍ഹി: കേരളത്തില്‍ ബദ്ധശത്രുവായിക്കണ്ട് എതിരിടുമ്പോള്‍, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കൈകോര്‍ത്തു മത്സരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ് പാര്‍ട്ടിയും തത്വത്തില്‍ തീരുമാനത്തിലെത്തി.
സിപിഎം ബംഗാള്‍ ഘടകത്തിന്റെ ദീര്‍ഘകാലമായുള്ള ഈ ആവശ്യത്തിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. പാര്‍ട്ടി കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പ് വിഗണിച്ചാണ് ബംഗാളിലെ ധാരണയ്ക്കു കേന്ദ്ര കമ്മിറ്റി അംഗീകാരം കൊടുത്തിരിക്കുന്നത്.
ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ ശത്രുക്കളായി കണ്ടുകൊണ്ടാണ് പുതിയ കൈകോര്‍ക്കല്‍.
മൊത്തത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് പ്രതിപക്ഷത്തിന്റെ ഈ കൂട്ടുകെട്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തു നയിക്കുന്ന മഹാഗഡ്ബന്ധനില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു പ്രധാനസഖ്യകക്ഷിയാകാനിരിക്കെയാണ് ഇപ്പോഴത്തെ സിപിഎം-കോണ്‍ഗ്രസ് ബാന്ധവം.
ഈ കൂട്ടുകെട്ടിനെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ പറയുന്നു:
പശ്ചിമ ബംഗാളില്‍ യുക്തമായ അടവുനയത്തിന് രൂപം നല്കാന് കേന്ദ്ര കമ്മിറ്റി നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു. ബിജെപിയും തൃണമൂലും ഒരേ പോലെ എതിര്‍ക്കപ്പെടേണ്ട ശക്തികളാണെന്ന നിലപാടിലാണ് പാര്‍ട്ടി. ഈ അടിസ്ഥാനത്തില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍്ഗസ് ജയിച്ച നാലു സീറ്റിലും സിപിഎം ജയിച്ച രണ്ടു സീറ്റിലും പരസ്പരം മത്സരം വേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ്. മറ്റു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുന്ന എട്ടിന് ഇടതു മുന്നണി ചേരും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 42 സീറ്റില്‍ 32ല്‍ തൃണമൂല്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാലു സീറ്റുണ്ട്. ബിജെപി മൂന്നിടത്തു ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന് വിജയിച്ചു. സി പിഎമ്മിന് രണ്ടു സീറ്റാണ് ഉള്ളത്. 2009ല്‍ 15 എംപിമാരുണ്ടായിരുന്ന സിപിഎമ്മാണ് 2014ല്‍ റായ്ഗഞ്ജ്, മൂര്‍ഷിദാബാദ് എന്നീ സീറ്റുകളില്‍ മാത്രമായി ചുരുങ്ങിയത്.
ജയിച്ചവ ഉള്‍പ്പെടെ 22 സീറ്റുകള്‍ സിപിഎം എടുക്കാനും പത്തു സീറ്റ് ഇടതു മുന്നണി സഖ്യകക്ഷികള്‍ക്കു കൊടുക്കാനും 10 സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കാനുമാണ് സിപിഎം സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. പക്ഷേ, തങ്ങള്‍ നിലവില്‍ തന്നെ നാലു സീറ്റ് കൈവശം വയ്ക്കുന്നതിനാല്‍ സിപിഎമ്മിനെക്കാള്‍ വേരുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത്.
Keywords: CPM, Congress, CPI, Loksabha Poll
COMMENTS