അഭിനന്ദ് ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പാരയെ തുടര്‍ന്ന് ബീഹാറിലെ മഹാസഖ്യത്തില്‍ നിന്നു സിപിഐയെ പുറത്താക്കി! ഇതോടെ സിപ...
അഭിനന്ദ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പാരയെ തുടര്‍ന്ന് ബീഹാറിലെ മഹാസഖ്യത്തില്‍ നിന്നു സിപിഐയെ പുറത്താക്കി! ഇതോടെ സിപി ഐയുടെ തീപ്പൊരി യുവനേതാവ് കനയ്യ കുമാറിനു മത്സരിക്കാന്‍ വഴിയില്ലാതെയുമായി.
ബിഹാറിലെ പ്രതിപക്ഷ നിരയില്‍ ബിജെപിക്കാരനായ കേന്ദ്രമന്ത്രിക്ക് എന്തു കാര്യമെന്നായിരിക്കും സംശയം. ബഗുസരായ് സീറ്റിലാണ് കനയ്യ മത്സരിക്കാനിരുന്നത്. ഇവിടെയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ഭൂമിഹാര്‍ വിഭാഗക്കാരനാണ് കനയ്യ. ഈ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗിരിരാജ് സിംഗ് മത്സരിക്കുന്നത്. കനയ്യ നിന്നാല്‍ മന്ത്രിയുടെ സാദ്ധ്യതകള്‍ക്കു മേല്‍ അതു നിഴല്‍ വീഴ്ത്തും. അതുകൊണ്ട് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെ സ്വാധീനിച്ച് ഗിരിരാജ് സിംഗ് സീറ്റ് പിടിച്ചെടുപ്പിക്കുകയായിരുന്നുവെന്നാണ് സിപി ഐയുടെ ആരോപണം.
ബിഹാറില്‍ അഞ്ചു സീറ്റാണ് സഖ്യത്തില്‍ പെട്ട സിപി ഐ ചോദിച്ചത്. അതു കൊടുക്കാനാവില്ലെന്ന നിലപാടിലാണ് ആര്‍ജെഡിയും തേജസ്വിയും. ഫലത്തില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി. ഒറ്റയ്ക്കു മത്സരിക്കാനാണ് സിപി ഐയുടെ തീരുമാനം. എന്നാല്‍, സഖ്യമില്ലാതെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കനയ്യ.
മറ്റൊരു പ്രശ്നം കൂടിയുണ്ട്. കനയ്യയെ ബിഹാറില്‍ വളരാന്‍ അനുവദിച്ചാല്‍ അതു നാളെ തനിക്കു പാരയായി വരുമെന്നും തേജസ്വി ഭയക്കുന്നു. നന്നായി ആളെക്കൂട്ടാനറിയാവുന്ന കനയ്യ, നല്ല പ്രസംഗകനുമാണ്. കനയ്യ വളരുന്നത് ഭാവിയില്‍ മകനു ഭീഷണിയാവുമെന്നു മനസ്സിലാക്കി ജയിലില്‍ കിടന്നുകൊണ്ട് ലാലു പ്രസാദ് യാദവാണ് ചരടുവലി നടത്തുന്നതെന്നും ശ്രുതിയുണ്ട്.
ബെഗുസരായിയുടെ വിളിപ്പേര് ലെനിന് ഗ്രാഡ് എന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ ഇവിടെ ഒരുവട്ടം വിജയിച്ചു. പലതവണ രണ്ടാംസ്ഥാനത്ത് വന്നു. 2014ല്‍ ബിജെപിയാണ് വിജയിച്ചത്. സിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താവുകയും ആര്‍ജെഡി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതുകൊണ്ടു കൂടിയാണ് അവര്‍ സീറ്റിനായി വാശി പിടിക്കുന്നത്.
മുസ്ലിങ്ങള്‍ക്കു സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ തന്‍വീര്‍ ഹസനെ മത്സരിപ്പിക്കാനാണ് ആര്‍ജെഡിയുടെ ആലോചന.
Keywords: Bihar, Kanaiyya Kumar, Tejaswi Yadav, CPI, RJD, Loksabha Polls 2019
COMMENTS