Search

ഓസ്‌ട്രേലിയയെ ലോകകപ്പിലേക്ക് ഒരുക്കി വിരാട് കോലിയും കൂട്ടരും, അഞ്ചാം കളിയും പരമ്പരയും അടിയറവച്ച് ടീം ഇന്ത്യ


ന്യൂഡല്‍ഹി: തുടര്‍പരാജയങ്ങളില്‍ നിലതെറ്റി നിന്ന ഓസ്‌ട്രേലിയയെ ലോകകപ്പിനു തൊട്ടുമുന്‍പ് ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്തുന്ന ഭാരിച്ച ജോലി വിരാട് കോലിയും കൂട്ടരും ചെയ്തു തീര്‍ത്തു. ഫിറോസ്ഷാ കോട്‌ലയില്‍ അഞ്ചാം ഏകദിനവും പരമ്പരയും അടിയറവച്ച് ഇന്ത്യ ലോകകപ്പിലേക്കു കാലിടറി അടുക്കുന്നു.

35 റണ്‍സിനാണ് ഇന്ത്യന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 272 റണ്‍സാണ് നേടിയത്. പിന്തുടര്‍ന്ന ഇന്ത്യ 237ന് എല്ലാവരും പുറത്തായി.

ആഡം സാമ്പ മൂന്നുവിക്കറ്റ് വീഴ്ത്തി. പാറ്റ് കുമ്മിന്‍സ്, റിച്ചാര്‍ഡ്‌സണ്‍, സ്റ്റോയിനിസ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി ഇന്ത്യന്‍ പതനം ഉറപ്പാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272 റണ്‍സെടുത്തു. പരമ്പരയില്‍ രണ്ടാമതും സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയും അര്‍ധ സെഞ്ചുറി നേടിയ ഹാന്‍ഡ്‌സ്‌കോമ്പുമാണ് ഓസ്‌ട്രേലിയയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.

ഉസ്മാന്‍ ഖവാജ(100), ഹാന്‍ഡ്‌സ് കോമ്പ്(52), സ്റ്റോയിനിസ്(20), ടര്‍ണര്‍(20) എന്നിവര്‍ കളി മുന്നോട്ടു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. ആദ്യം കുതിച്ച ഓസ്‌ട്രേലിയയെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. പക്ഷേ, അവസാന ഓവറുകളിലെ ധാരാളിത്തമാണ് തോല്‍വിക്ക് ഒരു കാരണം. അവസാന നാല് ഓവറില്‍ 42 റണ്‍സാണ് ഇന്ത്യന്‍ ബോളര്‍മാര്‍ വിട്ടുകൊടുത്തത്.


രണ്ടാമത് ബാറ്റിംഗ് ദുഷ്‌കരമായ ഫിറോസ് ഷാ കോട്‌ലയില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടി. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏക അര്‍ധസെഞ്ചുറിയും ഇതു തന്നെ. 89 പന്തില്‍ നാലു ബൗണ്ടറി സഹിതം രോഹിത് നേടിയത് 56 റണ്‍സ്. വ്യക്തിഗത സ്‌കോര്‍ 46 ആയപ്പോള്‍ രോഹിത് ഏകദിനത്തില്‍ 8000 റണ്‍സ് തികച്ചു. 200 ഇന്നിങ്‌സുകളില്‍നിന്ന് 8000 കടന്ന സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്.  175 ഇന്നിങ്‌സില്‍ നിന്ന് 800 കടന്ന വിരാട് കോലിയും 182 ഇന്നിംഗ്‌സില്‍ നിന്ന് 8000 കടന്ന എ.ബി. ഡിവില്ലിയേഴ്‌സും മുന്നിലുണ്ട്.

ശിഖര്‍ ധവാന്‍ (15 പന്തില്‍ 12), വിരാട് കോലി (22 പന്തില്‍ 20), ഋഷഭ് പന്ത് (16 പന്തില്‍ 16), വിജയ് ശങ്കര്‍ (21 പന്തില്‍ 16), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ 28.5 ഓവറില്‍ ആറിന് 132 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ചെന്നുപെട്ടു.

പിന്നീട് ഒത്തുചേര്‍ന്ന കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം സ്വന്തമാക്കാനായില്ല. 54 പന്തില്‍നിന്ന് മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 46 റണ്‍സെടുത്ത ഭുവനേശ്വര്‍ എങ്ങനെയാണ് നിര്‍ണായക ഘട്ടത്തില്‍ ബാറ്റുചെയ്യേണ്ടതെന്ന് വമ്പന്മാര്‍ക്കുകാട്ടിക്കൊടുത്തു. 57 പന്തില്‍നിന്ന് നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം കേദാര്‍ 44 റണ്‍സെടുത്തു. 16.1 ഓവര്‍ ക്രീസില്‍നിന്ന ഈ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 91 റണ്‍സെടുത്തു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും 46–ാം ഓവറിന്റെ അവസാന പന്തില്‍ ഭുവനേശ്വറിനെ പാറ്റ് കമ്മിന്‍സ് മടക്കി. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ജാദവിനെ ജെ റിച്ചാര്‍ഡ്‌സണ്‍ വീഴ്ത്തി. ഇതോടെ ഇന്ത്യയുടെ പതനം ഉറപ്പായി.

മുഹമ്മദ് ഷമി (ഏഴു പന്തില്‍ മൂന്ന്), കുല്‍ദീപ് യാദവ് (12 പന്തില്‍ ഒന്‍പത്) എന്നിവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ പരമ്പര കങ്കാരുക്കള്‍ക്കു സ്വന്തമായി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്പിച്ചതിനുള്ള മധുരപ്രതികാരമെന്നതിലുപരി ലോകകപ്പിലേക്കു കടക്കാന്‍ ഓസ്‌ട്രേലിയയ്ക്കു ഈ പരമ്പര വിജയം നല്കുന്ന ആത്മവിശ്വാസം തെല്ലൊന്നുമായിരിക്കില്ല. അതുപോലെ ഇന്ത്യന്‍ ആത്മവിശ്വാസം കടപുഴകുകയും ചെയ്തിരിക്കുന്നു.

Keywords: India, Australia , Ferozeshah Kotla, Rohit Sharma, MS Dhoni, Rishabh Pant, Kedar jadhav, Virat Kohli, World Cup ,  April 2, skipper,  Adam Zampa



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഓസ്‌ട്രേലിയയെ ലോകകപ്പിലേക്ക് ഒരുക്കി വിരാട് കോലിയും കൂട്ടരും, അഞ്ചാം കളിയും പരമ്പരയും അടിയറവച്ച് ടീം ഇന്ത്യ