Search

359 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം 13 പന്തു ബാക്കിനില്‍ക്കെ വിജയിച്ച് ഇന്ത്യയെ മാനംകെടുത്തി ഓസ്‌ട്രേലിയ, ഇന്ത്യയുടെ അലസത കങ്കാരുക്കളുടെ ജയത്തിനു തുണയായി


മൊഹാലി: അതൊരു ഒന്നൊന്നര വിജയമായിരുന്നു. 359 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം 13 പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റിന് വിജയിച്ച് ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കൊപ്പമെത്തി.

ഇതോടെ, അഞ്ചാം ഏകദിനം നിര്‍ണായകമായി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ സെഞ്ച്വറിയും (117) ഉസ്മാന്‍ ഖ്വാജ (91) റണ്‍സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആഷ്ടണ്‍ ടര്‍ണര്‍ (84) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യ ഏതാണ്ട് ഉറപ്പിച്ച വിജയം തട്ടിയെടുത്തത്.

ഇന്ത്യയുടെ മോശം ഫീല്‍ഡിംഗാണ് ഓസീസിന് ഈ വിജയം സമ്മാനിച്ചത്. ധോണിക്കു പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് സ്റ്റംമ്പിംഗിനുള്ള അവസരം മൂന്നു തവണ തുലച്ചു. ധോണിക്ക് ഒരുപക്ഷേ, സംഭവിക്കാത്ത പിഴവായിരുന്നു ഇവ.

അടിച്ചു തകര്‍ക്കുകയായിരുന്ന ടര്‍ണറെ കേദാര്‍ ജാദവും ശിഖര്‍ ധവാനും കൈവിട്ടതോടെ, കളിയുടെ വിധി എഴുതപ്പെടുകയായിരുന്നു. തുടക്കത്തിലെ സന്ദര്‍ശകരുടെ രണ്ടു വിക്കറ്റ് വീഴ്ത്തി അവരെ പ്രതിരോധത്തിലാക്കിയ ശേഷമാണ് ഇന്ത്യ വിജയം വെള്ളിത്താലത്തില്‍ വച്ചുകൊടുത്തത്.

പരമ്പരയില്‍ മികച്ച പ്രകടനം തുടരുന്ന ഖ്വാജയും ഹാന്‍ഡ്‌സ് കോംബും ചേര്‍ന്നതോടെ ഓസ്‌ട്രേലിയ കളിയിലേക്കു തിരിച്ചുവരികയായിരുന്നു. മൂന്നാം വിക്കറ്റില്‍ 192 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. ഖ്വാജയെ പുറത്താക്കി ബുംമ്ര ഈ കൂട്ടുകെട്ടു പൊളിച്ചെങ്കിലും ഹാന്‍ഡ്‌സ് കോംബ് നിലയുറപ്പിച്ചു.

മാക്‌സ്‌വെല്‍ (23) കാര്യമായ സംഭാവ നല്‍കാതെ മടങ്ങി. അതോടെ ഇന്ത്യ വിജയപ്രതീക്ഷയിലേക്കു വന്നു. പക്ഷേ, ടര്‍ണര്‍ എത്തിയതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു.

ഹാന്‍ഡ്‌സ്‌കോംബിനെ പുറത്താക്കി ചഹല്‍ വീണ്ടും പ്രതീക്ഷ നല്‍കി. പക്ഷേ, അലക്‌സ് കാരിയെ കൂട്ടുപിടിച്ച് ടര്‍ണര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പറത്തിക്കൊണ്ടേയിരുന്നു. ആറാം വിക്കറ്റില്‍ 39 പന്തില്‍ ഈ കൂട്ടുകെട്ട് അടിച്ചെടുത്തത് 86 റണ്‍സായിരുന്നു. ഇതില്‍ കാരിയുടെ സമ്പാദ്യം 21 റണ്‍സ് മാത്രം.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, രോഹിത് ശര്‍മ (95) യുടെയും ശിഖര്‍ ധവാന്റെ(145) യും ബാറ്റിംഗ് മികവില്‍ 359 എന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.

സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ രോഹിത് വീണു. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അലസരായി. ഇതോടെ,  സ്‌കോറിങ്ങ് വേഗം കുറഞ്ഞു.

ഓസ്‌ട്രേലിയ്ക്കായി കുമ്മിന്‍സ് അഞ്ചും റിച്ചാര്‍ഡ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

റണ്‍സ് പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിജയമാണിത്.

കോലിക്ക് (7) കാര്യമായൊന്നും ചെയ്യാനായില്ല. പന്ത് പ്രതീക്ഷ നല്‍കിയെങ്കിലും (34) റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വീണു. വിജയ് ശങ്കര്‍ (26) അവസാന ഓവറുകളില്‍ നടത്തിയ മിന്നല്‍ പ്രകടനമാണ് സ്‌കോര്‍ 350 കടത്തിയത്. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ 359 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം 13 പന്തു ബാക്കിനില്‍ക്കെ വിജയിച്ച് ഇന്ത്യയെ മാനംകെടുത്തി ഓസ്‌ട്രേലിയ, ഇന്ത്യയുടെ അലസത കങ്കാരുക്കളുടെ ജയത്തിനു തുണയായി