Search

ടൈപ്പോഗ്രാഫിക്കല്‍ എറര്‍


ജോര്‍ജ് മാത്യു

ക്ഷമിക്കണം, ഫെബ്രുവരി 15ന് പ്രത്യക്ഷപ്പെട്ട എന്റെ കുറിപ്പിലെ ഒന്നു രണ്ടു വാചകങ്ങള്‍ താഴെ കുറിക്കുന്നു.

ഒരു പഴയ കേസുണ്ട്, ബഹു. സുപ്രീം കോടതിയുടെ വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി, കേന്ദ്രസര്‍ക്കാര്‍ തന്നെ കൊടുത്തതും പ്രശാന്ത് ഭൂഷണെപ്പോലുള്ളവര്‍ കക്ഷിചേര്‍ന്നതുമായ കേസ്.

കോടതി മുറിയില്‍ ജഡ്ജിമാര്‍ സര്‍വ്വസൈന്യാധിപന്മാരാണ്. നാം കേള്‍ക്കാറുണ്ടല്ലോ, കോടതി രൂക്ഷമായി വിമര്‍ശിച്ചു എന്നൊക്കെ, (കേരള സര്‍ക്കാര്‍ ഇതിനുദാഹരണം)...

എന്നാല്‍, കഴിഞ്ഞ ദിവസം കോടതി മുറിയില്‍ ബഹു. ചീഫ് ജസ്റ്റിസ് ഒരു ബന്ധവുമില്ലാത്ത ഒരു കേസിന്റെ വാക്കാലുള്ള ചര്‍ച്ചയ്ക്കിടയില്‍ (വിചാരണയിലില്ലാത്ത) വക്കീലന്മാരോട് സംസാരിക്കവേ പറഞ്ഞ ചില വാമൊഴികള്‍ ഇന്നത്തെ ഹിന്ദു പത്രത്തിന്റെ രണ്ടാം ലീഡ് സ്റ്റോറിയായിരിക്കുന്നു (ഒന്നാമത്തേത് ന്യായമായും ഭീകരാക്രമണം തന്നെ).


മേല്‍പ്പറഞ്ഞ പഴയ കേസാണ് വിഷയം. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്. സുപ്രീംകോടതിയുടെ (റഫാല്‍ സംബന്ധമായ) ഡിസംബര്‍ 14 ന്റെ വിധിയില്‍ ചില ധാരണപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇംഗ്ലീഷില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കോടതി മനസ്സിലാക്കിയതിലെ ആ പിശകുകള്‍ പുനപ്പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ റിവ്യു പെറ്റിഷന്‍. ഇതില്‍ കക്ഷിചേരുവാന്‍ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, ആം ആദ്മി എം.പി സഞ്ജയ് സിങ് എന്നിവരും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും തയ്യാറായി.

വളരെ മിതമായ ഭാഷയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തെ മലയാളീകരിച്ചാല്‍, ഓരോരുത്തന്മാര്‍ ഓരോ റിവ്യു പെറ്റീഷന്‍ നല്‍കും, കോടതിക്ക് തെറ്റുപറ്റി, അത് തിരുത്തണം എന്നു പറഞ്ഞ്. പിന്നെ അവന്മാരെ ആരെയും കാണുകയില്ല. തിരുത്തപ്പെടേണ്ടതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കപ്പെടുകയുമില്ല. അങ്ങനെ കേസ് പോസ്റ്റ് ചെയ്യാനാകാതെ നീണ്ടുനീണ്ടു പോകുന്ന സാഹചര്യം ഒപ്പിക്കും... ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിട്ടും വിധിയില്‍ എന്താണ് തിരുത്തപ്പെടേണ്ടതെന്നുള്ളതിന് വേണ്ട രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല.

ഫെബ്രുവരി 11 ന് ബഹു. രാഷ്ട്രപതിക്കും 13 ന് രാജ്യസഭയ്ക്കും സമര്‍പ്പിക്കപ്പെട്ട സി.എ.ജിയുടെ പ്രതിരോധ സംബന്ധമായ ഓഡിറ്റ് റിപ്പോര്‍ട്ട് (അതിലെ ഒരദ്ധ്യായമാണ് റഫാല്‍ റിപ്പോര്‍ട്ട്) സുപ്രീംകോടതിയുടെ ക്ലീന്‍ ചിറ്റായി അരുണ്‍ ജെയ്റ്റ്‌ലി മുതല്‍ ഇങ്ങിവിടെ ജെ.ആര്‍ പത്മകുമാര്‍ വരെ അടിവരയിട്ട് റഫാല്‍ ഡീലിനെ ന്യായീകരിച്ചതും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ എന്ന പ്രതിരോധ മന്ത്രി ഒന്നൊന്നര മണിക്കൂര്‍ സ്വന്തം വാഗ്‌ധോരണിയില്‍ കുടുക്കി വിയര്‍പ്പിച്ച് ഇരുത്തിയതും. കൂട്ടത്തില്‍ അവര്‍ ആവേശംകൊണ്ട് റഫാലിനെയും അനില്‍ അംബാനിയെയും ന്യായീകരിക്കാന്‍ ഒന്നുകൂടി പറഞ്ഞു, ഞങ്ങള്‍ ഒരു ലക്ഷമാണ് എച്ച്.എ.എല്ലിന് നല്‍കിയത്. (എന്നാലും അവര്‍ നന്നാവില്ല എന്ന ധ്വനിയോടെ) എച്ച്.എ.എല്ലിനെ തഴഞ്ഞിട്ടില്ല. പക്ഷേ, പിറ്റേന്ന് എച്ച്.എ.എല്ലിന്റെ ചെയര്‍മാന്റെ പ്രസ്താവന വന്നു, ഡിസംബര്‍ 31 ന് 997 കോടി രൂപ എസ്.ബി.ഐയില്‍ നിന്നു മുന്‍കൂര്‍ പറ്റിയാണ് ശമ്പളം കൊടുത്തതും സപ്ലൈയര്‍മാര്‍ക്ക് കൊടുക്കേണ്ട അവധികള്‍ പരിപാലിച്ചതും.

ഇതാണ് രാഷ്ടീയ ട്രിപ്പീസ് കളി, മെയ് വഴക്കം. ഇപ്പോള്‍ ഇനി റഫാലിനെക്കുറിച്ച് കോടതിക്ക് പുതുതായി എന്താണ് മാറ്റിപ്പറയുവാനുള്ളത്. പറഞ്ഞാലും ആരാണ് കേള്‍ക്കാനുണ്ടാവുക. എല്ലാം ഒരു ചെറിയ ടൈപ്പിംഗ് എററില്‍ ഒതുക്കിക്കെട്ടിയില്ലേ. കോടതിയായാല്‍ കുറച്ച് ഇംഗ്ലീഷ് ഒക്കെ വശമായിരിക്കണം, എന്ന സൗജന്യ ഉപദേശവും.

ഇനി നമ്മുടെ രാജ്യസുരക്ഷാവിഭാഗം തലവന്‍ അജിത് ഡോവലും നാളെ പറഞ്ഞേക്കാം ഫെബ്രുവരി 14ന് സംഭവിച്ചത് ഒരു ചെറിയ ടൈപ്പിങ് എറര്‍ മാത്രം!
ലേഖകന്റെ ഫോണ്‍: 98479 21294vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ടൈപ്പോഗ്രാഫിക്കല്‍ എറര്‍