Search

ദേവസ്വം ബോര്‍ഡ് അടിപടലെ നിലപാടു മാറ്റി, ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ബോര്‍ഡ്, ശബരിമല കേസ് വിധി പറയാന്‍ മാറ്റി

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ പ്രതിഷേധത്തിന് ശബരിമല കര്‍മ്മ സമിതിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീം കോടതിയ വിധിക്കു മേലുള്ള പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നതിനുമുമ്പ് വിധിയുണ്ടാകില്ലെന്നാണ് സൂചന. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നു സര്‍ക്കാരിനൊപ്പം ദേവസ്വം ബോര്‍ഡു കൂടി കളം മാറി പറഞ്ഞതോടെ വരാനിരിക്കുന്ന വിധിയെക്കുറിച്ച് ആകാംക്ഷ ഏറുകയാണ്. ആചാരം ലംഘിക്കാന്‍ ദേവസ്വം ബോര്‍ഡ് തന്നെ കൂട്ടുനിന്നതോടെ, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ പ്രതിഷേധത്തിന് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനും ആഹ്വാനമുണ്ട്.

സര്‍ക്കാരും എതിര്‍ വിഭാഗങ്ങളും തമ്മിലുള്ള കടുത്ത പോരു തന്നെയാണ് സുപ്രീം കോടതിയില്‍ നടന്നത്. നേരത്തേ യുവതീ പ്രവേശത്തെ എതിര്‍ത്ത ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നിലപാടു മാറ്റിയത് കോടതി തന്നെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്‍എസ്എസിന്റെ അഭിഭാഷകന്‍ കെ. പരാശരനാണ് വാദം തുടങ്ങിവച്ചത്. പിന്നാലെ പന്ത്രണ്ട് അഭിഭാഷകര്‍ ഒരേ വാദം തന്നെ മുന്നോട്ടു വച്ചതോടെ, ഒരേ കാര്യം ആവര്‍ത്തിക്കേണ്ടതില്ലെന്നും ഇനിയുള്ളവര്‍ കൂടുതല്‍ പറയാനുണ്ടെങ്കില്‍ ഫെബ്രുവരി 13ന് മുന്‍പ് വാദങ്ങള്‍ എഴുതി സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഇക്കൂട്ടരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടതിനു ശേഷം വിധി പ്രസ്താവിക്കും.

ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളണമെന്നും കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു.

തന്ത്രിക്കു വേണ്ടി വി. ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡസ്റ്റിസ് റോഹിന്റന്‍ നരിമാന്‍, ജഡസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജഡസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജഡസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍.

ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി വാദിച്ചു. കേശവാനന്ദ ഭാരതി കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ രൂപീകരിച്ച ബെഞ്ച് പിന്നീട് പിരിച്ചുവിട്ടതിനു സമാനമായ സ്ഥിതിയുണ്ടായേക്കുമെന്നും രാകേഷ് ദ്വിവേദി വാദിച്ചു.

യുവതീ പ്രവേശത്തെ നേരത്തെ എതിര്‍ത്തിരുന്ന ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്നു വനിതാ അംഗം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. ദേവസ്വം ബോര്‍ഡിന്റെ  ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നതെന്നും വേണമെങ്കില്‍ പുതിയ നിലപാട് കോടതിയില്‍ എഴുതി നല്‍കാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട പഴയ എഴുത്തുകളിലോ ചരിത്രരേഖകളിലോ സ്ത്രീപ്രവേശം വിലക്കുന്നതായി കാണുന്നില്ല. ക്ഷേത്രആചാരങ്ങളിലെ മര്യാദകള്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് സ്ത്രീകള്‍ക്ക് വിവേചനം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സ്ത്രീകളെ ഒരു മേഖലയിലും തടയാനാകില്ല. റിവ്യൂ, റിട്ട് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.

തുടര്‍ന്ന് ശബരിമലയില്‍ കയറിയ സ്ത്രീകളായ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിരാ ജയ്‌സിംഗ് വാദിക്കാനായി എഴുന്നേറ്റു. ശബരിമലയില്‍ കയറിയതിന്റെ പേരില്‍ തന്റെ കക്ഷികള്‍ക്കു  വധഭീഷണിയുണ്ടായെന്നും, ഇരുവരും ശബരിമലയില്‍ കയറിയതിനു പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മയുടെ തെളിവാണെന്നും ഇന്ദിരാ ജയ്‌സിംഗ് വാദിച്ചു.

പൊതുക്ഷേത്രമാണ് ശബരിമല. അത് ആരുടെയും കുടുംബക്ഷേത്രമല്ല.  വിശ്വാസം പിന്തുടരാനുള്ള അവകാശം ഭരണഘടനയുടെ 25 ാം അനുച്ഛേദം ഉറപ്പു തരുന്നു. സ്തീയായ എനിക്ക് ക്ഷേത്രത്തില്‍ പോകണമെന്നാണ് വിശ്വാസമെങ്കില്‍ അത് സംരക്ഷിക്കപ്പെടണം. വിശ്വാസികളെ സ്ത്രീയെന്നോ പുരുഷനെന്നോ അയ്യപ്പന്‍ കാണുന്നില്ല. ദൈവത്തിന്റെ  മുന്നില്‍ വിശ്വാസികളെല്ലാം തുല്യരാണെന്ന് ഇന്ദിരാ ജയ്‌സിംഗ് പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പറയാനായി മാറ്റിയത്.

Keywords: Sabarimala, Lord Ayyappa, Surpreme Court, Verdictvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദേവസ്വം ബോര്‍ഡ് അടിപടലെ നിലപാടു മാറ്റി, ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ബോര്‍ഡ്, ശബരിമല കേസ് വിധി പറയാന്‍ മാറ്റി