Search

നട്ടെല്ലോടെ സബ് കളക്ടര്‍ രേണു രാജ്, അനധികൃത നിര്‍മ്മാണം ഹൈക്കോടതിയെ അറിയിക്കും, രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ തള്ളി സി.പി.എം

  • സ്വന്തം ലേഖകന്‍
കൊച്ചി: എല്ലാ രാഷ്ട്രീയ ഇടപെടലുകളെയും തൃണവല്‍ഗണിച്ച് ധീരതയോടെ മുന്നോട്ടു പോകുന്ന ദേവികുളം സബ് കളക്ടര്‍ രേണു രാജ്, മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണത്തെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചു.

അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

പഞ്ചായത്ത് അധികൃതര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി ഉള്‍പ്പെടെ സ്വീകരിക്കാനാണ് തീരുമാനം. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ആയിരിക്കും കോടതി അലക്ഷ്യ നടപടി സ്വീകരിക്കുക. ഈ ആവശ്യമുന്നയിച്ച് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് സബ് കളക്ടര്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി 2010ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ലംഘിക്കപ്പെട്ടുവെന്നു കണ്ട് സബ് കളക്ടര്‍ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും രാഷ്ട്രീയ സ്വാധീനം വച്ചു നിര്‍മാണം തുടരുകയാണ്. ഇതിനെതിരേയാണ് സബ് കളക്ടര്‍ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുന്നത്.


ഈ വിഷയത്തില്‍ തന്നെ പരസ്യമായി അധിക്ഷേപിച്ച സിപിഎം അംഗം എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരേ ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സബ്കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് കൊടുത്തു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തെ എംഎല്‍എ തടസപ്പെടുത്തുകയാണ്. പൊതുജന മധ്യത്തില്‍ അവഹേളിച്ചുകൊണ്ട് എംഎല്‍എ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞു.

എന്‍ഒസി നല്‍കേണ്ടത് റവന്യൂ വകുപ്പാണ്. അതിനാലാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതും നടപടി എടുത്തതുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, സബ് കളക്ടര്‍ രേണു രാജിനു കേരളമാകെ പിന്തുണ പ്രഖ്യാപിക്കുന്നതു കണ്ട് രാഷ്ട്രീയ നേതൃത്വം അമ്പരന്നിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി രാജേന്ദ്രന്‍ എംഎല്‍എയെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമായി.

രാജേന്ദ്രന്റെ നിലപാട് പാര്‍ട്ടി നിലപാടിനു വിരുദ്ധമാണെന്ന് ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. യോഗത്തില്‍ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന്, രാജേന്ദ്രന്‍ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിറക്കി.


സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനുമാണ് സിപിഎം നിലകൊള്ളുന്നത്. പാര്‍ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍. മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ടി യോജിക്കുന്നില്ല.

കോണ്‍ഗ്രസാണ് മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി ഇടുക്കി ഡിസിസി അംഗമാണ്. അറുപതു ദിവസമായി നടക്കുന്ന നിര്‍മാണത്തിന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തത് ഫെബ്രുവരി ആറിനാണ്. ഈ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ആറ്, ഏഴ് തീയതികളില്‍ നിര്‍മാണം തുടര്‍ന്നു.

റവന്യൂ സംഘവും ദൗത്യസംഘവും എട്ടാം തീയതി നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ എത്തി. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചത്. പിന്നീടാണ് പ്രസിഡന്റും സംഘവും എംഎല്‍എയെ വിളിച്ചുവരുത്തിയത്.

എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, സബ് കളക്ടര്‍ക്കെതിരെ ദൗര്‍ഭാഗ്യകരമായി അദ്ദേഹത്തില്‍നിന്നു മോശം പ്രതികരണമുണ്ടായി. വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Keywords: Munnar, Sub Collector, Renu Raj IAS, Devikulam, CPM, S Rajendranvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നട്ടെല്ലോടെ സബ് കളക്ടര്‍ രേണു രാജ്, അനധികൃത നിര്‍മ്മാണം ഹൈക്കോടതിയെ അറിയിക്കും, രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ തള്ളി സി.പി.എം