അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും കൈക്കരുത്തും ഫലം ചെയ്യുന്നു. പിടികൂടിയ വ്യേമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും കൈക്കരുത്തും ഫലം ചെയ്യുന്നു. പിടികൂടിയ വ്യേമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്നു പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നീക്കമെന്ന നിലയിലാണ് അഭിനന്ദനെ ഇന്ത്യയ്ക്കു വിട്ടുനല്‍കുന്നതെന്ന് ഇമ്രാന് പാക് പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് ഇന്ത്യന്‍ പൈലറ്റിനെ തടങ്കലില്‍ വച്ചിരിക്കുന്ന വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഷെരീഫ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പുതന്നെ ഇമ്രാന് ഖാന് ഇടയ്ക്കു കയറി, അദ്ദേഹത്തെ വെള്ളിയാഴ്ച തന്നെ വിട്ടയയ്ക്കുമെന്ന് അറിയിക്കുകയായിരുന്നു.
പൈലറ്റിനെ വിട്ടുനല്‍കുന്നത് സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുമെങ്കില്‍ ഞങ്ങള്‍ അതിനു തയ്യാറാണെന്നു പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ് മൂദ് ഖുറേഷിയും നേരത്തേ പറഞ്ഞിരുന്നു.
അഭിനന്ദനെ വച്ചു വിലപേശാമെന്നു വിചാരിക്കേണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ കനത്ത വില പാകിസ്ഥാന് നല്‍കേണ്ടിവരുമെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ തന്നെ മുന്നറിയിപ്പു കൊടുത്തിരുന്നു.
പൈലറ്റിനെ പാകിസ്ഥാന് വിട്ടുതന്നില്ലെങ്കില്‍ അതിശക്തമായി തന്നെ പ്രഹരിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം. ഇതുകൂടി തിരിച്ചറിഞ്ഞാണ് പാകിസ്ഥാന് നിലപാടില്‍ അയവു വരുത്തിയിരിക്കുന്നത്. ഇതിനു പുറമേ, രാജ്യാന്തര തലത്തിലും പൈലറ്റിനെ വിട്ടുകൊടുക്കാന്‍ പാകിസ്ഥാനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഇതേസമയം, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തും.
മന്ത്രിതല സംഘം അതിര്‍ത്തി പ്രദേശങ്ങളും സന്ദര്‍ശിക്കും. ഇന്ന് കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവന്മാര് പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭായോഗവും ഇന്നു ചേര്‍ന്നിരുന്നു. എല്ലാ സ്ഥിതിഗതികളും സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തിരുന്നു.
Keywords: India, Pakistan, Abhinandan Varthaman, Prime Minister, Imran Khan, IAF pilot, Parliament, Prime Minister Narendra Modi, Wing Commander , New Delhi, Ministry of External Affairs, Kandahar
COMMENTS