Search

കൊല്‍ക്കത്ത കമ്മിഷണറെ റെയ്ഡ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു, കേന്ദ്രം സിആര്‍പിഎഫിനെ വിന്യസിച്ചു, മമത ധര്‍ണയിരിക്കുന്നു, നാടകീയ സംഭവങ്ങള്‍

മുഖ്യമന്ത്രി മമതാ ബാനര്‍ജി എസ്പ് ളനേഡില്‍ ധര്‍ണയിരിക്കുന്നു

കൊല്‍ക്കത്ത: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരും തമ്മിലുള്ള പോരിന് പുതിയ മാനം നല്കിക്കൊണ്ട്, കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനിടെ, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ബംഗാളിലെമ്പാടും കേന്ദ്രത്തിനെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. പലേടത്തും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും ചെയ്തു.

മുഖ്യമന്ത്രി മമതയും രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മെട്രോ ചാനലില്‍ ധര്‍ണ നടത്തുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മമതയുടെ ധര്‍ണ.

കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനം പൊലീസ് വളഞ്ഞതിനു പിന്നാലെ കേന്ദ്രം സിആര്‍പിഎഫിനെ വിന്യസിച്ചപ്പോള്‍

കുപ്രസിദ്ധമായ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വസതിയില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് മമത റെയ്ഡ് ചെയ്തത്.

ചിട്ടിതട്ടിപ്പ് കേസില്‍ ആരോപണ ആരോപണ വിധേയനാണ് രാജീവ് കുമാര്‍. പരിശോധനാ സംഘത്തെ പൊലീസ് തടഞ്ഞ് അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ വിട്ടയച്ചു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതു പോലെ ജീപ്പില്‍ വലിച്ചുകയറ്റിയാണ് സിബിഐ ഉദ്യോഗസ്ഥരെ കൊണ്ടുപോയത്.

വിവരമറിഞ്ഞുടന്‍ മുഖ്യമന്ത്രി മമത പൊലീസ് കമ്മിഷണറുടെ വസതിയിലേക്കു പാഞ്ഞെത്തി. അവിടെ തന്നെ ഉന്നതതലയോഗം ചേരുകയും പിന്നാലെ കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനം പൊലീസ് സംഘം വളയുകയും ചെയ്തു. സംസ്ഥാനത്തെ സിബിഐ ജോയിന്റ് ഡയറക്ടറുടെ വസതിയിലും പൊലീസ് എത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ആലോചനയുണ്ട്. ഇതിനിടെ, ഇവിടെ കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫിനെ വിന്യസിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.

രാജീവ് കുമാര്‍ ഒളിവിലാണെന്നും ഇദ്ദേഹത്തെ ഏതു നിമിഷവും സിബിഐ പിടികൂടുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതു കേന്ദ്രം മെനഞ്ഞുണ്ടാക്കിയ വാര്‍ത്തയാണെന്നും തന്റെ ഓഫീസറെ സിബി ഐക്കു വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്നും മമത നിലപാടെടുത്തു.

മികച്ച ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ഒരു ദിവസത്തേക്ക് അവധിയെടുത്തതിനാണ് അദ്ദേഹത്തെ കാണാനില്ലെന്നു പ്രചരിപ്പിച്ചതെന്നും മമത പറഞ്ഞു. ബംഗാളില്‍ തന്നെ രാഷ്ട്രീയമായി നേരിടാനാവാത്തതിനാല്‍ അട്ടിമറിക്കാണ് ബിജെപി ശ്രമിച്ചതെന്നും മമത കുറ്റപ്പെടുത്തി.

കോടികളുടെ വെട്ടിപ്പാണ് ശാരദാ തട്ടിപ്പുമായി ബന്ധപ്പെട്ടു നടന്നത്. ഇതിലെ മിക്കവാറും പ്രതികള്‍ തൃണമൂല്‍ നേതാക്കളാണ്. മമതാ ബാനര്‍ജിയുടെ ദീര്‍ഘകാല സെക്രട്ടറിയും വിശ്വസ്തനുമായ മണിക് മജുംദാറെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. മമതയിലേക്ക് എത്താന്‍ വേണ്ടിയാണ് സിബി ഐ ശ്രമിക്കുന്നതെന്നാണ് സൂചന. ലക്ഷ്യം തിരഞ്ഞെടുപ്പു തന്നെയാണ്.


റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് ജീപ്പിലേക്ക് വലിച്ചു കയറ്റുന്നു

പലതവണ വിളിപ്പിച്ചെങ്കിലും അനാരോഗ്യം പറഞ്ഞ് മണിക് ഒഴിഞ്ഞുമാറി. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സിബിഐ ചോദ്യംചെയ്തത്.

കാളിഘട്ടില്‍ മമതയുടെ വീടിനടുത്താണ് മണികും താമസിക്കുന്നത്. ശാരദ ഉടമസ്ഥന്‍ സുദീപ്ത സെന്‍ മമതയുടെ ചിത്രങ്ങള്‍ കോടികള്‍ നല്‍കി വാങ്ങിയിരുന്നു. അതിന്റെ വിവരങ്ങളും തൃണമൂലിന് ലഭിച്ച മറ്റ് വന്‍തുകകളെക്കുറിച്ചുമുള്ള പൂര്‍ണവിവരം മണികിന് അറിയാമെന്നാണ് അന്വേഷണ വിഭാഗം കരുതുന്നത്.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കേസന്വേഷിച്ച രാജീവ് കുമാറിലേക്കും സി ബി ഐ എത്തിയിരിക്കുന്നത്. മമതയുടെ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐ നീക്കം. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ ഈ കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അട്ടിമറിക്കുന്നതിനു തുല്യമാണെന്നു സുപ്രീം കോടതിയെ സിബിഐ അറിയിക്കും.

Keywords: West Bengal, chief minister, Mamata Banerjee, Dharna, Esplanade, Kolkata, CBI , Police commissioner Rajeev Kumar, Prime Minister Narendra Modi, BJP, President, Amit Shah, Coup, Tata Nano plant, Singur, Metro, Dr Jitendra Singh, Sharda Scamvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കൊല്‍ക്കത്ത കമ്മിഷണറെ റെയ്ഡ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു, കേന്ദ്രം സിആര്‍പിഎഫിനെ വിന്യസിച്ചു, മമത ധര്‍ണയിരിക്കുന്നു, നാടകീയ സംഭവങ്ങള്‍