കാസര്‍കോട്: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അ...
കാസര്‍കോട്: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റില്‍.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു പ്രത്യേക അന്വേഷക സംഘം വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കെ.എല്‍ 14 5683 നമ്പര്‍ സൈലോ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിക്കര പാക്കം വെളുത്തോളിക്ക് സമീപം ചെറൂട്ടവളപ്പില്‍ കണ്ടെത്തി. എച്ചിലോട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സജി ജോര്‍ജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ നിന്ന് കഴിഞ്ഞ രാത്രിയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ മുഴുവന്‍ കാസര്‍കോട് എസ്.പി ഓഫീസിലെ ക്യാമ്പില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
തന്നെ കൃപേഷും ശരത് ലാലും ആക്രമിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നെന്നും എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു നടപടിയും ഉണ്ടാകാതെ വന്നത് നിരാശയുണ്ടാക്കിയെന്നും ഇതോടെയാണ് കൊലപാതകം സ്വയം ആസൂത്രണം ചെയ്തതെന്നുമാണ് പീതാംബരന് പൊലീസിനു കൊടുത്തിരിക്കുന്ന മൊഴി. അപമാനഭാരം കൊണ്ടുണ്ടായ നിരാശയാണ് കൊലയ്ക്കു കാരണമായതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു.
ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും പാര്‍ട്ടി നല്‍കിയില്ല. ഇതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് പീതാംബരനെ ആക്രമിച്ചിരുന്നു. അന്ന് ഇയാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായിരുന്ന ശരത് ലാല്‍ ഫെബ്രുവരി എട്ടിനാണ് ജാമ്യത്തിലിറങ്ങിയത്.
കേസില്‍ കൃപേഷും പ്രതിയാണെന്നും ഇയാള്ക്കെതെരേയും കേസെടുക്കണമെന്നും പീതാംബരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവസമയത്ത് കൃപേഷ് സ്വന്തം വീട്ടിലുണ്ടായിരുന്നുവെന്നു കണ്ടെത്തി പൊലീസ് അദ്ദേഹത്തെ കേസില്‍ പെടുത്താന്‍ വിസമ്മതിച്ചിരുന്നു. പീതാംബരനെ ആക്രമിക്കാന്‍ കൃപേഷ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് സഹായിക്കാതെ വന്നതോടെ വിഷയം പീതാംബരന് പാര്‍ട്ടിയിലും ഉന്നയിച്ചിരുന്നു.
സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരുണ്ടായിരുന്നിട്ടും അന്വഷണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നു പീതാംബരനു പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് കൂട്ടുകാരുമായി കൂടിയാലോചിച്ചു കൊലപാതകം നടത്തിയതെന്നാണ് പീതാംബരന്റെ ഭാഷ്യം.
എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ജനരക്ഷാ യാത്ര നടത്തിക്കൊണ്ടിരിക്കെ തന്നെ നിഷ്ഠുര കൊലപാതകമുണ്ടായത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയിരുന്നു. മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയെ രക്ഷിക്കാനാണോ പീതാംബരനെക്കൊണ്ട് കഥ മെനയിക്കുന്നതെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഇനി വേണം വ്യക്തത വരാന്‍. എന്തായാലും പ്രതിയെ പിടികൂടിയെന്നു പൊലീസിനു തത്കാലം ആശ്വസിക്കാം.
നേരത്തേ കസ്റ്റഡിയിലെടുത്തിരുന്ന രണ്ട് സി.പി.എം അനുഭാവികളെ ചെയ്തതാണ് കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു.
പീതാംബരന് ഉള്‍പ്പെടെ സി.പി.എം അംഗങ്ങള്‍ ആരെങ്കിലും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരനും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Keywords: Kasargod, Murder, Kripesh, Peethambaran, Sarath lal, CPM
COMMENTS