Search

1980ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണം: ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, തിരിച്ചടിയുണ്ടാവുമെന്നു മോഡിയും രാജ്‌നാഥും, ഉരുണ്ടുകൂടുന്നത് സംഘര്‍ഷമേഘങ്ങള്‍

സ്‌ഫോടനത്തിനു പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യ കടുത്ത നടപടിയിലേക്കു കടക്കുമോ എന്നുറപ്പില്ല. പക്ഷേ, തിരഞ്ഞെടുപ്പായതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു ശക്തമായി പ്രതികരിക്കാതിരിക്കാനുമാവില്ല. ആ പ്രതികരണം ഏതു രീതിയിലായിരിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു


അഭിനന്ദ്

ന്യൂഡല്‍ഹി : ഇന്ത്യ പൊതു തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, പതിവുപോലെ പാകിസ്ഥാന്‍ വിധ്വംസക തന്ത്രങ്ങളുമായി രംഗത്തെത്തുന്നതിന്റെ സൂചനയാണ് പുല്‍വാമയില്‍ അനവധി ധീരജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം.

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റും നിന്നുള്ള ഭീകരരെ ഉപയോഗിക്കുന്നതിനു പകരം കശ്മീരി യുവാവിനെ തന്നെ ചാവേറാക്കിയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരേ പുതിയ യുദ്ധം നടത്തിയിരിക്കുന്നത്.

സ്‌ഫോടനത്തിനു പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യ കടുത്ത നടപടിയിലേക്കു കടക്കുമോ എന്നുറപ്പില്ല. പക്ഷേ, തിരഞ്ഞെടുപ്പായതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു ശക്തമായി പ്രതികരിക്കാതിരിക്കാനുമാവില്ല. ആ പ്രതികരണം ഏതു രീതിയിലായിരിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ഭൂട്ടാനില്‍ സന്ദര്‍ശനത്തിലായിരുന്ന ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്. ഐബി, റോ മേധാവികളുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. സുരക്ഷാ കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയും രാവിലെ യോഗം ചേരുന്നുണ്ട്.


ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നു പ്രധാനമന്ത്രി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്കുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കുകളെ ഏതു തരത്തില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ്.

ഉറിയില്‍ 2016ല്‍ ജെയ്‌ഷെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇന്ത്യ കൊടുത്ത മറുപടിയായിരുന്നു അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം. ഇക്കുറി കൊല്ലപ്പെട്ടിരിക്കുന്നത് 40ലേറെ ജവാന്മാരായതിനാല്‍ ചെറിയ തിരിച്ചടിയായിരിക്കില്ല ഇന്ത്യ കൊടുക്കുക.

യുദ്ധസമാനമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദര്‍ സിംഗ് പറഞ്ഞു. പാകിസ്ഥാന് ആക്രണത്തിനു പിന്നില്‍ പങ്കുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. ഇതും സംഘര്‍ഷ സാദ്ധ്യത കൂട്ടുന്ന കാര്യമാണ്.

എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. എന്‍ ഐ എയുടെ പന്ത്രണ്ടംഗ സംഘം രാവിലെ സ്‌ഫോടന സ്ഥലത്തെത്തും. ഫോറന്‍സിക് വിദഗ്ദ്ധരും എത്തുന്നുണ്ട്. സംഭവത്തിനു പിന്നിലെ പാക് കരങ്ങള്‍ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. തക്കന്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

350 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഭീകരന്റെ ട്രക്കിലുണ്ടായിരുന്നുവെന്നാണ് കിട്ടുന്ന വിവരം. ഐഇഡി  (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.


1980ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കശ്മീരില്‍ ഉണ്ടാവുന്ന 18ാമത്തെ വലിയ ആക്രമണമാണിത്.

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ജവാന്‍മാര്‍. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധറാണ് ചാവേറായത്.

ആക്രമണത്തെ അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.

ആക്രമണം നടന്ന സ്ഥലത്തിനു ചുറ്റുമുള്ള 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ വീടുകള്‍ കയറിയിറങ്ങി ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പ്രദേശവാസികളില്‍ ചിലരുടെ കൂടി പിന്തുണയോടെയാണ് ആക്രമണമെന്നാണ് എന്‍ ഐ എ നല്കുന്ന സൂചന.


Keywords:   CRPF jawans, Jammu and Kashmir, Pulwama district,   Awantipora, Terror attack, Jaish-e-Mohammed , IED blast, Goripora, Home Minister Rajnath Singh, IG, Adil Ahmad Dar, J&K Raj Bhawan vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “1980ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണം: ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, തിരിച്ചടിയുണ്ടാവുമെന്നു മോഡിയും രാജ്‌നാഥും, ഉരുണ്ടുകൂടുന്നത് സംഘര്‍ഷമേഘങ്ങള്‍