Search

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍, ഉമ്മന്‍ ചാണ്ടി മുതല്‍ ആദം മുല്‍സിക്കു വരെ സാദ്ധ്യത, ഭൈമീകാമുകര്‍ അനവധി


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്് അരങ്ങൊരുങ്ങിയിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പതിവിലും നേരത്തേയാക്കി. സാധാരണ രീതിയനുസരിച്ച് അവസാനനിമിഷം വരെ തമ്മിലടിച്ച് അവസാനം ഒന്നോ രണ്ടോ റിബലുകളെ കൂടി സമ്പാദിച്ചാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം.

ഇക്കുറി ഇത്തരം പതിവുകള്‍ മാറ്റി സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേയാക്കിയിരിക്കുകയാണ് പാര്‍ട്ടി. കേരളത്തില്‍ നിന്നുള്ള പട്ടിക എത്രയും പെട്ടെന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം.

പതിവുപോലെ ഭൈമീകാമുകര്‍ ഏറെയുണ്ടെങ്കിലും പത്തു സീറ്റിലെങ്കിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കുറി കേരളത്തില്‍ ഏറ്റവും അനുകൂല അവസ്ഥയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

ശബരിമല വിഷയത്തില്‍ ഹിന്ദു പരിവാര്‍ വിഭാഗങ്ങള്‍ അല്പം മേല്‍ക്കൈ നേടിയിട്ടുണ്ട്. എന്നാല്‍, മിക്കയിടത്തും അവര്‍ക്കു ജയിക്കാന്‍ ശേഷിയുമില്ല. ഇടതു പക്ഷത്തിനു കിട്ടേണ്ട പരമ്പരാഗത വോട്ടുകളില്‍ ഒരു നിശ്ചിത ശതമാനം ഇക്കുറി ഹിന്ദു പരിവാര്‍ പക്ഷത്തേയ്ക്കു മറിയുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അങ്ങനെ ഇടതു പക്ഷം ദുര്‍ബലപ്പെടുന്നിടത്ത് തങ്ങള്‍ക്ക് വിജയിച്ചു കയറാമെന്നാണ് കണക്കുകൂട്ടല്‍.

സിറ്റിംഗ് എംപിമാരില്‍ ജയസാദ്ധ്യതയുള്ളവര്‍ക്കു സീറ്റു കൊടുക്കും. അല്ലാത്തയിടങ്ങളിലാണ് പുതുമുഖങ്ങളെ പരീക്ഷിക്കുന്നത്.

ഈമാസം 20ന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക നല്കണമെന്നാണ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനമഹായാത്രയുടെ തിരക്കിലാണ്. 28ന് യാത്ര സമാപിക്കും. ഈ മാസം 17ന് ജനമഹായാത്രയ്ക്ക് ഒഴിവാണ്. അന്ന് സംസ്ഥാന തിരഞ്ഞെടുപ്പു സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പട്ടിക കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ പട്ടിക 25ന് ദേശീയ തലത്തില്‍ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

വയനാട്ടില്‍ അന്തരിച്ച എംപി എം ഐ ഷാനവാസിന്റെ മകള്‍ക്കു സീറ്റു നല്കാനാണ് സാദ്ധ്യത. വയനാട് തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു നില്‍ക്കുകയാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍. വടകരയില്‍ താന്‍ മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പള്ളി ഇല്ലെങ്കില്‍ വടകര കൈവിട്ടുപോകുമെന്നു കരുതുന്നവരാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം. പക്ഷേ, എടുത്ത തീരുമാനം മാറ്റാനില്ലെന്ന നിലപാടിലാണ് മുന്‍ ആഭ്യന്തര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), വയനാട് (എം ഐ ഷാനവാസ്), കോഴിക്കോട് (എംകെ രാഘവന്‍), എറണാകുളം (കെവി തോമസ്), ആലപ്പുഴ (കെസി വേണുഗോപാല്‍), മാവേലിക്കര (കൊടിക്കുന്നില്‍ സുരേഷ്), പത്തനംതിട്ട (ആന്റോ ആന്റണി), തിരുവനന്തപുരം (ശശി തരൂര്‍) എന്നീ സീറ്റുകളാണ് കോണ്‍ഗ്രസിന് കൈവശമുള്ളത്.

മത്സരിക്കാനില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്ന മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനെ തൃശൂരില്‍ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. സീറ്റ് തിരിച്ചു പിടിക്കാന്‍ സുധീരനു കഴിയുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. എല്ലാവരും കൂടി നിര്‍ബന്ധിച്ചാല്‍ ഒരു കൈ നോക്കാമെന്നാണ് സുധീരന്റെ നിലപാടെന്നാണ് അറിയുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നു പല കോണുകളിലും നിന്ന് ആവശ്യമുയരുന്നുണ്ട്. അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി ജയിക്കുകയും യുപിഎയ്ക്കു ഭരണം കിട്ടുകയും ചെയ്താല്‍ അദ്ദേഹം ഒരു സുപ്രധാന പദവിയില്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ മത്സരിക്കാനാണ് സാദ്ധ്യത. ഇടുക്കിയോ കോട്ടയമോ ആയിരിക്കും അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുക്കുക. ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായതിന്റെ അന്‍പതാം വാര്‍ഷികം അടുത്ത വര്‍ഷമാണ്. ആ റെക്കോഡ് കളഞ്ഞിട്ട് ലോക് സഭയില്‍ പോകാന്‍ അദ്ദേഹത്തിനു താത്പര്യമുണ്ടോ എന്നാണ് അറിയേണ്ടത്.

ഇടുക്കിയോ തൃശൂരോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനു നല്കണമെന്ന നിലപാടിലാണ് യുവാക്കള്‍.

ആദം മുല്‍സി വയനാട്ടില്‍ കണ്ണുവച്ച് കരുക്കള്‍ നീക്കുന്നുണ്ട്. ആലത്തൂര്‍ സീറ്റിനായി സുനില്‍ ലാലൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന നിലപാടിലാണ് മാത്യു കുഴല്‍നാടന്‍. കെഎസ് യു സംസ്ഥാന അദ്ധ്യക്ഷന്‍ കെഎം അഭിജിത് വടകരയ്ക്കായി ശ്രമിക്കുന്നുണ്ട്. വനിതകളില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കം.

Keywords; Kerala, Election, KPCC, KSU

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍, ഉമ്മന്‍ ചാണ്ടി മുതല്‍ ആദം മുല്‍സിക്കു വരെ സാദ്ധ്യത, ഭൈമീകാമുകര്‍ അനവധി