സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പട്ടിക ബിജെപി തയ്യാറാക്കി പാര്‍ട്ടി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പട്ടിക ബിജെപി തയ്യാറാക്കി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു കൈമാറി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പുറത്തുവരുന്ന വിവരമനുസരിച്ചു തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോ ചലച്ചിത്രതാരവും എംപിയുമായ സുരേഷ് ഗോപിയോ ആയിരിക്കും മത്സരരംഗത്തുണ്ടാവുക. ഇവിടെ മൂന്നാമത്തെ പേര് ആരുടേതെന്നു വ്യക്തമല്ല. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേരത്തേ തിരുവനന്തപുരത്തു പറഞ്ഞുകേട്ടിരുന്നു.
തിരുവനന്തപുരത്താണ് ബിജെപി ഏറ്റവുമധികം സാദ്ധ്യത കാണുന്നത്. ആദ്യമായി ബിജെപിക്ക് എംഎല്‍എയെ സമ്മാനിച്ച നേമം മണ്ഡലം തിരുവനന്തപുരം ലോക്സഭാ സീറ്റിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റിലാണ് ബിജെപി വിജയിച്ചുകയറിയത്. 43 സീറ്റുമായി സിപിഎം ഒന്നാമതെത്തിയപ്പോള്‍ യുഡിഎഫ് 21 സീറ്റുമായി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. ബിജെപി നേതൃത്വം പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഇത്. ഇതെല്ലാമാണ് തിരുവനന്തപുരത്തെ ബിജെപിയുടെ പ്രിയമണ്ഡലമാക്കുന്നത്.
ആറ്റിങ്ങലിലും ബിജെപിക്കു ചെറിയ പ്രതീക്ഷയുണ്ട്. ഇവിടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന് സീറ്റു നല്‍കാനാണ് ആലോചിക്കുന്നത്. മൂന്നു തവണ വിജയിച്ച എ സമ്പത്തിനെ സിപിഎം മാറ്റിനിറുത്തിയാല്‍ തങ്ങള്‍ക്കു സാദ്ധ്യത ഏറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പി.കെ. കൃഷ്ണദാസിന്റെ പേരും ആറ്റിങ്ങലിലെ ലിസ്റ്റിലുണ്ട്.
തൃശൂരിലും ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. ഇവിടെ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും സാദ്ധ്യതാലിസ്റ്റിലുണ്ട്. സുരേന്ദ്രന് ഇക്കുറി കാസര്‍കോട്ടു താത്പര്യമില്ല. അദ്ദേഹം 20 മണ്ഡലത്തിലും സാദ്ധ്യതയുള്ള നേതാവാണെങ്കിലും പാര്‍ട്ടിയിലെ ചേരിതിരിവുകള്‍ സുരേന്ദ്രന് വിനയാവുന്നുണ്ട്.
ഇതേസമയം, തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്. തുഷാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് വെള്ളാപ്പള്ളി പരസ്യമായി പറഞ്ഞിരിക്കുന്നത്. എങ്കിലും തുഷാര്‍ തയ്യാറാണെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ഒരുക്കമാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ സുരേന്ദ്രന് മറ്റൊരിടത്തേയ്ക്കു മാറും.
പത്തനംതിട്ടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ ഇവിടെ തീരുമാനമെടുക്കുന്നതില്‍ ആര്‍എസ്എസിന്റെ നിലപാട് പ്രധാനമാണ്. അവര്‍ക്ക് താത്പര്യമുള്ള വ്യക്തി മാത്രമേ ഇവിടെ സ്ഥാനാര്‍ത്ഥിയായി വരൂ.
Keywords: Loksabha Election, BJP, CPM, Kummanam Rajasekharan, Suresh gopi, Sobha Surendran
COMMENTS