Search

മോഡി സര്‍ക്കാരിനെ ഞെട്ടിച്ച് ദി ഹിന്ദു, റഫാല്‍ ഇടപാടില്‍ വരുത്തിയത്‌ 41.5 ശതമാനം വില വര്‍ദ്ധന, എന്‍ റാമിന്റെ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ ഓരോ വിമാനത്തിനും 41.42 ശതമാനം വിലവര്‍ദ്ധനയുണ്ടായെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ കുരുക്കിലാക്കാന്‍ പോന്നതാണ് ഹിന്ദു എഡിറ്റര്‍ എന്‍ റാമിന്റെ ബൈലൈനിലെ വാര്‍ത്ത. ഇതുവരെ മോഡി സര്‍ക്കാര്‍ നടത്തിയിരുന്ന പ്രതിരോധ തന്ത്രങ്ങളെല്ലാം പാളിപ്പോകാന്‍ സാദ്ധ്യതുണ്ട് ഈ റിപ്പോര്‍ട്ടിനു മുന്നില്‍.

തിരഞ്ഞെടുപ്പ് അടുത്തടുത്തു വന്നുകൊണ്ടിരിക്കെ, ഈ റിപ്പോര്‍ട്ട് ഉണ്ടാക്കാവുന്ന ആഘാതം ചെറുതല്ല. നോട്ടു നിരോധനത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് വിദേശ അക്കൗണ്ടു വഴി സ്വന്തം കമ്പനിയില്‍ 8300 കോടി രൂപ എത്തിച്ചുവെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രം ഉത്തരം മുട്ടി നില്‍ക്കെയാണ് ഹിന്ദുവിലെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

റഫാല്‍ ഇടപാടിലൂടെയുണ്ടായിരിക്കുന്നത് സങ്കല്പിക്കാനാവാത്ത നഷ്ടമെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് അടിവരയിടുന്നത്. 2015 ഏപ്രില്‍ 10ന് ഫ്രാന്‍സ് സന്ദര്‍ശിച്ച വേളയിലാണ് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം മോഡി പ്രഖ്യാപിക്കുന്നത്.

തൊട്ടു മുന്‍പ് യുപിഎ സര്‍ക്കാര്‍ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പു വച്ചിരുന്നു. ഈ തീരുമാനം മോഡി സര്‍ക്കാര്‍ റദ്ദു ചെയ്തായിരുന്നു. അതിനു ശേഷമാണ് മോഡിസര്‍ക്കാര്‍ അതു 36 വിമാനമാക്കി കുറച്ചു പുതിയ തീരുമാനമെടുത്തത്.

മോഡി കരാര്‍ ഒപ്പു വച്ചത് പ്രത്യക്ഷത്തില്‍ യുപിഎ കാലത്തുള്ളതിലും വില കുറച്ചായിരുന്നു. പക്ഷേ, മറ്റു സംവിധാനങ്ങളൊന്നുമില്ലാത്ത വെറും വിമാനമായിരുന്നു വില കുറച്ചു കാട്ടി വാങ്ങിയത്. അനുബന്ധ സൗകര്യങ്ങള്‍ക്കായി 140 കോടി യൂറോയുടെ അനുബന്ധ കരാര്‍ കൂടി ഇതിനൊപ്പം ഒപ്പു വച്ചു. വിമാനത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ക്കായാണ് ഈ കരാര്‍ വേറെ ഒപ്പു വച്ചത്.

പ്രത്യക്ഷത്തില്‍ വില കുറഞ്ഞുവെന്നു തോന്നിച്ചെങ്കിലും അനുബന്ധ കരാര്‍ കൂടി കുത്തിത്തിരുകിയതോടെ വിമാനത്തിന്റെ വില യുപിഎ കാലത്തേതിലും മൂന്നിരട്ടിയായി മാറി.

2007ലാണ് യുപിഎ സര്‍ക്കാര്‍ വിമാനത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. അന്ന് 79.3 ദശലക്ഷം യൂറോയായിരുന്നു ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും കുറഞ്ഞ കരാര്‍ തുക. ഇതിന്‍ പ്രകാരം 18 വിമാനങ്ങള്‍ ഇന്ത്യയ്ക്കു കൈമാറുകയും ശേഷിക്കുന്ന 108 വിമാനങ്ങള്‍ ഇന്ത്യന്‍ സ്ഥാപനമായ എച്ച്എഎലില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം. ഈ കരാര്‍ പക്ഷേ, പല കാരണങ്ങളാല്‍ മുടങ്ങിപ്പോയിരുന്നു.

2011ലെ പുതുക്കിയ ടെന്‍ഡര്‍ പ്രകാരം 100.85 ദശലക്ഷം യൂറോയാണ് ഒരു യുദ്ധവിമാനത്തിനു ചെലവ് കണക്കാക്കിയത്. 2016 ല്‍ മോഡി സര്‍ക്കാര്‍
ഇതില്‍ നിന്ന് ഒന്പതു ശതമാനം വില കുറച്ച് യുദ്ധവിമാനത്തിന് 91.75 ദശലക്ഷം യൂറോയ്ക്ക് ഒരു വിമാനം വാങ്ങാന്‍ കരാറാക്കി. ഇപ്രകാരം 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വലിയ വാര്‍ത്തയാവുകയും യുപിഎ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷീണമാവുകയും ചെയ്തു.പക്ഷേ, കരാറിനു പിന്നിലെ കള്ളക്കളി അന്ന് ആരും തിരിച്ചറിഞ്ഞില്ല.  ദസോ ഏവിയേഷനുമായി അനുബന്ധ കരാര്‍ ഒപ്പിട്ടുകൊണ്ട് നടത്തിയ വന്‍ അഴിമതി അന്നു രഹസ്യമാക്കപ്പെടുകയോ ആരും ശ്രദ്ധിക്കാതെ പോവുകയോ ചെയ്തു.

ഇന്ത്യ ആവശ്യപ്പെട്ട 13 പ്രത്യേകതകള്‍ കൂടി വിമാനത്തില്‍ ചേര്‍ക്കുന്നതിന് 140 കോടി യൂറോ കൂടി ചെലവാകുമെന്നതായിരുന്നു പുതിയ അനുബന്ധ കരാറിന്റെ സാരം. ചര്‍ച്ച നടത്തി അതു 130 കോടി യൂറോയായി കുറച്ചുകൊണ്ട് കരാര്‍ ഒപ്പിടുകയും ചെയ്തു.

ഈ മാറ്റത്തോടെ ഒരു വിമാനത്തിന് മൂന്നിരട്ടിയായി വില മാറി. ഒന്‍പതു വര്‍ഷം കൊണ്ട് കരാറില്‍ മൂന്നിരട്ടിയിലധികം വില വര്‍ദ്ധനയാണുണ്ടായത്. ഇതിനെ കരാര്‍ സമിതിയിലെ പ്രതിരോധ മന്ത്രാലയ പ്രതിനിധികളായ മൂന്ന് അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് വിഗണിച്ചാണ് വിമാനങ്ങള്‍ വാങ്ങാന്‍ മോഡി തീരുമാനിച്ചത്.

പ്രതിരോധ രഹസ്യമെന്ന കാരണത്താല്‍ റഫാല്‍ ഇടപാടിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തു വിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്ററി സമിതികള്‍ക്കു പോലും ഈ വിവരങ്ങള്‍ അപ്രാപ്യമായിരുന്നു.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വന്നുകൊണ്ടിരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുകയാണ്.


Keywords:  Prime Minister Narendra Modi, Paris, Rafale fighter jets, France, Indian Air Force, National Democratic Alliance,   India Specific Enhancements, NDA governmen, Parliament, Reciprocal Protection of Classified or Protected Information, MMRCAvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മോഡി സര്‍ക്കാരിനെ ഞെട്ടിച്ച് ദി ഹിന്ദു, റഫാല്‍ ഇടപാടില്‍ വരുത്തിയത്‌ 41.5 ശതമാനം വില വര്‍ദ്ധന, എന്‍ റാമിന്റെ റിപ്പോര്‍ട്ട്