Search

തന്ത്രി സ്ഥാനം തന്നതു പരശുരാമ മഹര്‍ഷി, ദേവസ്വം ബോര്‍ഡല്ല, ബോര്‍ഡില്‍ നിന്നു ശമ്പളവും പറ്റുന്നില്ല: താഴമണ്‍ മഠം

പത്തനംതിട്ട : ശബരിമല ക്ഷേത്ര തന്ത്രിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെ, തന്ത്രി സ്ഥാനം തങ്ങള്‍ക്കു നൂറ്റാണ്ടുകള്‍ മുന്‍പു കിട്ടിയതാണെന്ന നിലപാടുമായി താഴമണ്‍ കുടുംബം.

ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദം ബിസി 100ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് താഴമണ്‍ കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ തന്ത്രി സ്ഥാനമൊഴിഞ്ഞു പോകണമെന്നു മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു.

താന്ത്രികാവശം ദേവസ്വം ബോര്‍ഡ് കൊടുത്തതല്ലെന്നും കുടുംബപരമായി കിട്ടി അവകാശമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി  ദേവസ്വം ബോര്‍ഡില്‍ നിന്നു ശമ്പളമല്ല, മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും വാര്‍ത്താകുറിപ്പ് തുടരുന്നു.

ക്ഷേത്ര ആചാര അനുഷ്ഠാനം സംബന്ധിച്ച് അന്തിമ തീരുമാനം തന്ത്രിയുടേതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാദ്ധ്യമങ്ങളില്‍ ശബരിമല തന്ത്രിയെ പറ്റി വന്ന പരാമര്‍ശങ്ങള്‍ പലതും തെറ്റിദ്ധാരണയ്ക്ക് ഇട നല്കുന്നവയാണ്. ഇവയില്‍ ചിലത് ചൂണ്ടിക്കാണിക്കാനാണ് കുറിപ്പെന്നും വിശദീകരണത്തിലുണ്ട്.

ശബരിമലയെപ്പറ്റി ചിന്തിക്കുമ്പോള്‍, എഡി 55 വരെ നിലയ്ക്കലിലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം ബിസി 100 ലാണ് നല്‍കപ്പെട്ടത്. അത് ശ്രീ പരശുരാമ മഹര്‍ഷിയാല്‍ കല്‍പ്പിച്ചതുമാണ്.

ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്ര പ്രകാരവും ഗുരു പരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാര്യമാണ്. ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി കോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സംബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ്‌വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണ്.

വസ്തുതകള്‍ ഇതായിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അധികൃതരില്‍ നിന്നുണ്ടാകുമ്പോള്‍ അത് താഴമണ്‍ മഠത്തിന് അടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നതിനാലാണ് കുറിപ്പെന്നും താഴമണ്‍മഠം പറയുന്നു.

Keywords: Sabarimala, Thazhaman Madon, Thanthri, Kandararu Rajeevaruvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ തന്ത്രി സ്ഥാനം തന്നതു പരശുരാമ മഹര്‍ഷി, ദേവസ്വം ബോര്‍ഡല്ല, ബോര്‍ഡില്‍ നിന്നു ശമ്പളവും പറ്റുന്നില്ല: താഴമണ്‍ മഠം