Search

ബിന്ദുവിനെയും കനകദുര്‍ഗയേയും സന്നിധാനത്തെത്തിച്ചത് ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവില്‍, കൊണ്ടുവന്നത് കണ്ണൂരിലെ വിശ്വസ്തരായ പൊലീസുകാര്‍, എല്ലാ നീക്കവും അതീവരഹസ്യം


സ്വന്തം ലേഖകന്‍

കൊച്ചി: പൊലീസിന്റെ കൃത്യമായ ആസൂത്രണവും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുമാണ് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സഹായകമായതെന്നു വിവരം.

ബിന്ദു, കനക ദുര്‍ഗ എന്നിവരെ ആറു പേരടങ്ങുന്ന പൊലീസ് സംഘമാണ് സന്നിധാനത്തെത്താന്‍ സഹായിച്ചത്. കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിശ്വസ്തരായ പൊലീസുകാരെയാണ് ദൗത്യമേല്‍പ്പിച്ചത്. ഇതിനു ചുക്കാന്‍ പിടിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പൊലീസിലെ താഴേ തട്ടിലേക്ക് വിവരം പോകാതെയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നേരത്തേ സന്നിധാനത്തെത്താനാവാതെ തിരിച്ചുപോയ ബിന്ദുവും കനകദുര്‍ഗയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അവിടെ നിന്ന് അവര്‍ പിന്നെ വീട്ടിലേക്കു പോയിരുന്നില്ല. അന്നുമുതല്‍ പൊലീസ് സംരക്ഷണയില്‍ ഇവരെ വിവിധ കേന്ദ്രങ്ങളില്‍ മാറ്റി പാര്‍പ്പിക്കുകയായിരുന്നു. ഇതിനൊടുവിലാണ് അവരെ പൊലീസ് രഹസ്യമായി സന്നിധാനത്തെത്തിച്ചത്.

ഏഴു ദിവസമായി പൊലീസ് ഒരുക്കത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനൊടുവിലാണ് ഇരുവരെയും സന്നിധാനത്തെച്ചിത്. വനിതാ മതില്‍ കഴിയുന്നതിന്റെ അടുത്ത ദിവസം തന്നെ ലക്ഷ്യം കാണണമെന്നും സര്‍ക്കാരിനു താത്പര്യമുണ്ടായിരുന്നു. അതും സാധിച്ചിരിക്കുകയാണ്. യുവതികളെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പോലും അനുവദിക്കാതെ രഹസ്യമായി പാര്‍പ്പിച്ചാണ് സര്‍ക്കാര്‍ ലക്ഷ്യം കണ്ടിരിക്കുന്നത്.

ഐജിയുടെ അതിഥികളെന്ന വ്യാജേന തലയില്‍ മുണ്ടിട്ട്, തലയില്‍ ഇരുമുടിക്കെട്ടില്ലാതെ, സ്ഥിരം പാതയില്‍ നിന്നു മാറിയാണ് ഇവരെ സന്നിധാനത്തെത്തിച്ചത്. പൊലീസും സര്‍ക്കാരും ഇക്കാര്യത്തില്‍ വാശിയോടെ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്.

കോട്ടയം എസ്പി ഹരിശങ്കര്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യമെന്നാണ് പുറത്തുവരുന്ന വിവരം. വനിതാ പൊലീസായിരുന്നു യുവതികള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ നല്കിയിരുന്നത്.

ഇന്നലെ വനിതാ മതില്‍ കഴിഞ്ഞുടന്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ പൊലീസിനു നിര്‍ദ്ദേശം കിട്ടി. രാത്രിയോടെ യുവതികളുമായി പൊലീസ് എരുമേലിയില്‍ എത്തി.

സുരക്ഷാ ചുമതലയില്‍ പമ്പയിലുണ്ടായിരുന്ന കെഎപി അഞ്ചാം ബെറ്റാലിയന്‍ കമന്‍ഡാന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ക്രൈം ബ്രാഞ്ച് എസ്പി ഷാജി സുഗുണന്‍ എന്നിവര്‍ക്ക് യുവതികളെത്തുന്ന വിവരം പൊലീസ് ആസ്ഥാനത്തു നിന്ന് അറിയിപ്പു കിട്ടി. ഓരോ നീക്കവും ഡിപിയുടെ ഓഫീസ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.

ട്രാക്ടര്‍ പോകുന്ന വഴിയിലൂടെ സന്നിധാനത്തെത്തിച്ച് യുവതികളെ തൊഴുവിച്ച് അഞ്ചു മിനിറ്റിനകം പൊലീസ് അവരെ തിരിച്ചിറക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് തന്നെ കാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്കുകയായിരുന്നു.

Keywords: Sabarimala, Lord Ayyappa
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബിന്ദുവിനെയും കനകദുര്‍ഗയേയും സന്നിധാനത്തെത്തിച്ചത് ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവില്‍, കൊണ്ടുവന്നത് കണ്ണൂരിലെ വിശ്വസ്തരായ പൊലീസുകാര്‍, എല്ലാ നീക്കവും അതീവരഹസ്യം