Search

മുന്നാക്ക വിഭാഗങ്ങള്‍ക്കു 10 ശതമാനം സംവരണം, കോണ്‍ഗ്രസും സിപിഎമ്മും തുണച്ചു, ലോക്‌സഭ ബില്‍ പാസ്സാക്കി


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി:  മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ ലോക് സഭ പാസ്സാക്കി.

323 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ അംഗമുള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്തത്. ഭരണഘടനാ ഭേദഗതിയായതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമായിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ എന്നീ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.

സാമ്പത്തിക സംവരണ തീരുമാനം തെറ്റല്ലെന്നും അതിനു നിയമസാധുതയുണ്ടെന്നും സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു.

ഭരണഘടനാ ഭേദഗതിയായതിനാല്‍ ഈ തീരുമാനം സുപ്രീംകോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന പ്രശ്‌നവുമുണ്ടാകില്ലെന്നും ലോക്‌സഭയില്‍ സംവരണ ബില്‍ ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി പറഞ്ഞു.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടാകും. അതുകൊണ്ടുതന്നെ നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ 15, 16 അനുഛേദത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് സാമ്പത്തിക നീതി ഉറപ്പാക്കുന്ന ബില്‍ നടപ്പാക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു.

അണ്ണാ ഡിഎംകെ ലോക്‌സഭ ബഹിഷ്‌കരിച്ചു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതികക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി കെ.വി. തോമസ് സഭയില്‍ പറഞ്ഞു. നിയമം തിരക്കിട്ടു നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബില്‍ വീണ്ടും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. ഇതോടെ, കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്‌ക്കരിച്ചു.

ബില്ലിന്റെ അന്തസത്തയോട് എതിര്‍പ്പുണ്ടെന്നായിരുന്നു സിപിഎം തുടക്കത്തില്‍ നിലപാടെടുത്തത്. പക്ഷേ, പിന്നീട് അവര്‍ ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസ്സാകും. 124ാമത് ഭരണഘടനാ ഭേദഗതി ബില്‍ 2019 എന്നാണ് ബില്ലിന്റെ പേര്. ഇതിലൂടെ, 2005ലെ 95ാമത് ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്തുകയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ 15ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികള്‍ ആകാം. ഇൗ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി കൊണ്ടുവരുന്നത്.

പിന്നാക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമഭേദഗതി ആകാമെന്ന ഭരണഘടനയുടെ 16ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പും കൂടി പരിഗണിച്ചാണ് ഈ മാറ്റം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ്‍ എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ഈ ഭേദഗതി ബാധകമായിരിക്കും.

ഭരണഘടനയുടെ 30ാം അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകള്‍ക്ക് ബാധകമല്ലാതാക്കിയിരിക്കുകയാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സര്‍ക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സമയസമയങ്ങളില്‍ പുനര്‍ നിര്‍വചിക്കാന്‍ ആകുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ ബില്‍ വലിയൊരു രാഷ്ട്രീയ ആയുധമായാണ് ബിജെപി കാണുന്നത്. റഫേല്‍ ഉള്‍പ്പെടെ വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ട നരേന്ദ്ര മോഡി സര്‍ക്കാരിന് ഈ ബില്ലിന്റെ പേരില്‍ മുന്നാക്ക വിഭാഗങ്ങളുടെ വോട്ടു നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. ഇതു മനസ്സിലാക്കി തന്നെയാണ് കാര്യമായ എതിര്‍പ്പിനു നില്‍ക്കാതെ പ്രതിപക്ഷ കക്ഷികളും ബില്ലിനെ പിന്തുണച്ചത്.

Keywords: Loksabha, Reservation, Congress, BJP, CPM, Parliament, Reservation Bill
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുന്നാക്ക വിഭാഗങ്ങള്‍ക്കു 10 ശതമാനം സംവരണം, കോണ്‍ഗ്രസും സിപിഎമ്മും തുണച്ചു, ലോക്‌സഭ ബില്‍ പാസ്സാക്കി