Search

മുഖ്യമന്ത്രിക്കസേരയ്ക്കായി അണിയറയില്‍ കടുത്ത മത്സരം, അന്തിമ തീരുമാനം രാഹുല്‍ എടുക്കുംഅഭിനന്ദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭരണസാരഥ്യം ഉറുപ്പായ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു പ്രഖ്യാപിക്കും.

മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി പിടിവലി നടക്കുന്നുണ്ട്. പക്ഷേ, സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമായിരിക്കും അന്തിമമായി മുഖ്യമന്ത്രിയെ തീരുമാനിക്കുക.

രാജസ്ഥാനില്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടും തിരഞ്ഞെടുപ്പു കഴിഞ്ഞും പല വേദികളിലും കൈകൊടുത്തും കെട്ടിപ്പിടിച്ചുമെല്ലാം നില്‍ക്കുന്നുണ്ട്. പക്ഷേ, കസേരയ്ക്കു വേണ്ടി ഇരുവരും പല തലങ്ങളിലും ശ്രമം നടത്തുന്നുണ്ട്. ഇരുവര്‍ക്കും വേണ്ടി കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കാന്‍ തകൃതിയായ ശ്രമവും നടക്കുന്നു. ജയിച്ചവരില്‍ മൂന്നില്‍ രണ്ട് വിഭാഗം എംഎല്‍എമാരും 40 കാരനായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി വേണമെന്നു പാര്‍ട്ടി നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

അശോക് ഗെലോട്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്തനായ നേതാവാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ, ഗെലോട്ടിനെ പിണക്കുന്നതിലും കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രിക്കസേര ഇല്ലെങ്കില്‍ പിന്നെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗെലോട്ടിനെ എവിടെ പ്രതിഷ്ഠിക്കുമെന്നതും നേതൃത്വത്തിന്റെ തലവേദനയാണ്.

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സച്ചിനും ഗെലോട്ടുമാണ് മുന്നിലെങ്കില്‍ മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രണ്ട് എംപിമാരാണ് മുഖ്യമന്ത്രിക്കസേരിയില്‍ മത്സരിക്കുന്നത്. കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് മത്സരാര്‍ത്ഥികള്‍. ഇപ്പോഴത്തെ നിലയില്‍ 47 കാരനായ ജ്യോതിരാദിത്യയെക്കാള്‍ മേല്‍ക്കൈ 72 കാരനായ കമല്‍ നാഥിനുണ്ട്. രണ്ടിടത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാലിനെയാണ് ഇവിടെ തന്ത്രങ്ങള്‍ മെനയാനായി നേതൃത്വം നിയോഗിച്ചിരിക്കുന്നത്.

ഇതിനിടെ, രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന ശക്തി ആപ് വഴി ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി വിജയിച്ച സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരോടു അദ്ദേഹം ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടി കൂടി വന്ന ശേഷമായിരിക്കും രാഹുല്‍ അന്തിമ തീരുമാനമെടുക്കുകയെന്നറിയുന്നു.

മധ്യപ്രദേശില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കുന്നതിന് മുതിര്‍ന്ന നേതാവ് എകെ ആന്റണിയെയാണ് സോണിയയും രാഹുലും നിയോഗിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ആന്റണിക്ക് മിക്ക നേതാക്കളെയും പറഞ്ഞിരുത്താനും കഴിയുമെന്നു നേതൃത്വം കണക്കുകൂട്ടുന്നു.

ഛത്തീസ്ഗഢില്‍ പിസിസി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗെല്‍, മുതിര്‍ന്ന നേതാവ് താമ്രധ്വജ് സാഹു എന്നിവരാണ് മുഖ്യമന്ത്രിക്കസേരയിലേക്കു മത്സരിക്കാനുള്ളത്. പ്രതിപക്ഷ നേതാവ് ടിഎസ് സിംഗ് ദേവും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.

ഇതിനിടെ, ഉപമുഖ്യമന്ത്രി സ്ഥാനം കൂടി സൃഷ്ടിച്ചുകൊണ്ട് പ്രശ്‌നക്കാരെ ഒതുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാനായി എകെ ആന്റണിയെയാണ് അവിടേക്ക് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. പഴുതുകളടച്ചുള്ള നീക്കമാണ് ആന്റണി നടത്തുന്നത്.

മുതിര്‍ന്ന നേതാവ് കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് മുഖ്യമന്ത്രി പദത്തില്‍ സാദ്ധ്യത. ഇപ്പോഴത്തെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് കമല്‍ നാഥാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു മുന്‍തൂക്കമുണ്ട്.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. ഗ്വാളിയര്‍ രാജകുടുംബാംഗം എന്ന പെരുമയും മികച്ച സംഘാടകനുമെന്നത് ജ്യോതിരാദിത്യയ്ക്കും മുതല്‍ക്കൂട്ടാവുന്നുണ്ട്.

ജ്യോതിരാദിത്യക്ക് ഇക്കുറി നറുക്കു വീണില്ലെങ്കില്‍ പാര്‍ലമെന്റ് യുപിഎ അധികാരത്തില്‍ വന്നാല്‍ അദ്ദേഹം സുപ്രധാന പദവിയിലുണ്ടാവുമെന്ന് ഉറപ്പാണ്.

Keywords: Rahul Gandhi, Sonia Gandhi, Elections, Rajastan, Madhyapradeshvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുഖ്യമന്ത്രിക്കസേരയ്ക്കായി അണിയറയില്‍ കടുത്ത മത്സരം, അന്തിമ തീരുമാനം രാഹുല്‍ എടുക്കും