ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന സുപ്രീം കോടതി വിധിയെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ആശ്വാസം. റഫാല്‍ യ...
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന സുപ്രീം കോടതി വിധിയെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും ആശ്വാസം. റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ലഭ്യമായ രേഖകള്‍ വച്ച് കരാറില്‍ അഴിമതി നടന്നതായി കണ്ടെത്താനായില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. മുന്നില്‍ വരുന്ന രേഖകള്‍ മാത്രമേ തങ്ങള്‍ക്കു പരിശോധിക്കാനാവൂ എന്നും കോടതി എടുത്തു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും കോടതി തള്ളിക്കളയുകയും ചെയ്തു.
58,000 കോടിരൂപയുടെ ഇടപാടില്‍ വന്‍അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആ വശ്യപ്പെട്ട് അഭിഭാഷകരായ വിനീത് ദന്ത, എം.എല്‍. ശര്‍മ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. സിബിഐ അന്വേഷണത്തിനു കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷം 36 എണ്ണമാക്കി കുറച്ചിരുന്നു. ഒപ്പം വിലയില്‍ വന്‍ വര്‍ദ്ധന വരുത്തുകയും ചെയ്തിരുന്നു.
എണ്ണം കുറയ്ക്കുകയും വില വന്‍തോതില്‍ ഉയര്‍ത്തുകയും ചെയ്തത് വന്‍ അഴിമതിയാണെന്നു വ്യക്തമായിരുന്നു. 36 വിമാനങ്ങള്‍ക്ക് 60,000 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. ഇതിനു പക്ഷേ, ഉപോദ്ബലകമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ വാദിഭാഗത്തിനായില്ല. ഇതാണ് കോടതിയില്‍ തിരിച്ചടിയായത്.
ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതും കോടതി അംഗീകരിക്കുകയാണുണ്ടായത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:
* യുദ്ധ വിമാനത്തിന്റെ വില സംബന്ധിച്ച വിശദമായ അന്വേഷണം വേണ്ട.
* ഇടപാടിലെ സര്‍ക്കാര്‍ നടപടിയും ശരിവയ്ക്കുന്നു.
* രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്.
* വിമാനങ്ങളുടെ വില താരതമ്യം ചെയ്യുന്നത് കോടതിയുടെ ജോലിയല്ല.
* കരാര്‍ റദ്ദാക്കേണ്ടതില്ല.
* പോര് വിമാനത്തിന്റെ ഗുണനിലവാരത്തില്‍ സംശയമില്ല.
* കരാര്‍ പ്രകാരം ഓഫ്സെറ്റ് കരാര്‍ പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിര്‍മാണക്കമ്പനിയാണ്.
Keywords: Chief Justice Ranjan Gogoi, Congress, Prime Minister Narendra Modi, Rafale jets, UPA government, Anil Ambani, Dassault, Reliance Defence, Eric Trappier, India, Manohar Lal Sharma, Vineet Dhanda, Aam Aadmi Party, Sanjay Singh, Union minister, Yashwant Sinha, Arun Shourie , Prashant Bhushan
COMMENTS