Search

സംഭവാമി ഉടനുടന്‍....

ജോര്‍ജ് മാത്യു

സന്തോഷമുണ്ട്. സംഭവാമി യുഗേ യുഗേ എന്ന തലക്കെട്ടില്‍ ഒരു മാസം മുന്‍പ് വൈഗ ന്യൂസില്‍ എഴുതിയ രാഷ്ട്രീയവിശകലനത്തിലെ അവസാന വാചകം ഇങ്ങനെ: ഒരു കാര്യം ഉറപ്പ്. നിലവിലുള്ളതിന്റെ മൂന്നില്‍ രണ്ടു സീറ്റുകളില്‍ ബി.ജെ.പി എത്തില്ല. കൈവശമുള്ളതില്‍ ഒന്നോ അതിലധികമോ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും വരാം.

അഞ്ചു വ്യത്യസ്ത സര്‍വ്വേ ഫലങ്ങളാണ് ഡിസംബര്‍ ഏഴിന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവന്നത്. അതിന്റെ ഒരു പൊതുസ്വഭാവം, ബി.ജെ.പിയുടെ മോശമായ പ്രകടനമായിരുന്നു. ഒരു സംസ്ഥാനം പോലും ബി.ജെ.പിക്ക് തീര്‍ത്തു നല്‍കുവാന്‍ സര്‍വ്വേഫലങ്ങള്‍ക്കായില്ല. അഞ്ചില്‍ ഏതെങ്കിലുമൊക്കെ നാല് സര്‍വ്വേകള്‍ ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു, തെലുങ്കാന ഒഴികെ. ഉദാഹരണമായി ഛത്തീസ്ഗഢ്. രമണ്‍സിങ് സദ്ഭരണം, കോണ്‍ഗ്രസ്സിന്റെ നേതൃപാപ്പരത്തം, മായാവതി - അജിത് ജോഗി കൂട്ടുകെട്ട് തുടങ്ങി ബി.ജെ.പിക്ക് അനുകൂല ഘടകങ്ങള്‍ ഏറെയായിരുന്നു. സി.എന്‍.എക്‌സ്, സി.എസ്.ഡി.എസ് എന്നിവ ഒഴികെ മൂന്നു സര്‍വ്വേകളും (സി വോട്ടര്‍, ആക്‌സിസ്, ഇന്ത്യ ടുഡെ-ചാണക്യ) കൃത്യമായി കോണ്‍ഗ്രസ് മുന്നിലാണെന്ന് പറയുന്നു. ചാണക്യ (ഇന്ത്യ ടുഡെ) ആകട്ടെ അസന്ദിഗ്ദ്ധമായി 90 ല്‍ 50 - 58 സീറ്റുകള്‍  കോണ്‍ഗ്രസ്സിന് നല്‍കുന്നു.

മായാവതി മെരുക്കമില്ലാത്ത നേതാവാണ്, മമതാ ബാനര്‍ജിയെപ്പോലെ. അതിനാല്‍ അവര്‍ ചത്തീസ്ഗഢില്‍ ജോഗിക്കൊപ്പവും, മദ്ധ്യപ്രദേശില്‍ സ്വന്തം കാലിലും നിലയുറപ്പിച്ചു. രണ്ടിടത്തും ജയിച്ച സീറ്റുകളുടെ പല മടങ്ങാണ് ഖജനാവില്‍ കെട്ടിവച്ച കാശു നിക്ഷേപിച്ച് പരാജയപ്പെട്ടത്. ഇനി മര്യാദയ്ക്ക് അഖിലേഷിനോട് സമരസപ്പെട്ട് രാഹുലിന്റെ കോണ്‍ഗ്രസിനോട് ന്യായമായ വില പറയാം.

എല്ലാ സംശയങ്ങളെയും ഈ സെമിഫൈനല്‍ അഭിസംബോധന ചെയ്തിരിക്കുന്നു. നരേന്ദ്രമോഡി എന്ന ഊതിവീര്‍പ്പിച്ച വിഗ്രഹത്തിന്റെ കാലാവധി എന്നേ കഴിഞ്ഞതാണ്. പഴയ ഒരു ചെല്ലുണ്ടല്ലോ; മുപ്പതില്‍ മരിച്ചു; എഴുപതില്‍ കുഴിച്ചിട്ടു. ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീ പണ്ട് മുപ്പത് വയസ്സാകുമ്പോഴേക്കും അഞ്ചും ആറും പെറ്റ് കിഴവിയാകും. പിന്നെ ഒരു 40 വര്‍ഷമൊക്കെ അടുക്കളയില്‍ പുകയൂതി, കുട്ടികളെ വളര്‍ത്തി മണ്‍മറയും. സത്യത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് മോഡി പ്രഭാവത്തിന്റെ ശവക്കുഴി തോണ്ടലായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നു മാത്രം! തലവന് സ്വന്തം നാട്ടില്‍ അസ്തിത്വം നഷ്ടപ്പെട്ട കാര്യം നമ്മളാരും ഗൗനിച്ചില്ല. പക്ഷേ, അതോടെ മോഡിയുടെ മുഖം കോടിത്തുടങ്ങി. ബി.ജെ.പി എന്നാല്‍ അമിത് ഷാ എന്ന ഒറ്റയാള്‍പ്പടയായി അത് മാറുകയായിരുന്നു.

ഇനി അമിത് ഷായിലേക്ക് വരാം. അയാള്‍ നിരവധി കുടുക്കുകളില്‍പ്പെട്ടുഴലുകയാണ്. മകന്റെ കേസ് നടക്കുന്നു. സാക്കിയ ജഫ്രി പുതിയ തലവേദനയുമായി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നു. സൊറാബുദീന്‍ കേസ് തലപൊങ്ങിവരുന്നു. ഒരു ന്യായാധിപന്റെ 'മരണം' ദുരൂഹമായി പിന്‍തുടരുന്നു.

ഇന്നലെ കേന്ദ്രമന്ത്രി കൂടിയായ ഉപേന്ദ്ര കുശ്‌വാഹ (രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി - ആര്‍.എല്‍.എസ്.പി ബിഹാര്‍) താന്‍ കാത്തിരുന്ന മോഡിയുമായുള്ള വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാതിരുന്നതുമൂലം പഴയ ജെ.ഡി.യു നേതാവ് ശരത് യാദവുമായി ബന്ധം സ്ഥാപിച്ചു. നാം ഓര്‍ക്കേണ്ടത് മൂന്നു മാസം മുന്‍പ് ഡല്‍ഹിയില്‍ നിന്നു മുംബയില്‍ എത്തി, ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയുടെ ഒരു ക്ഷണത്തിനായി പകല്‍ മുഴുവന്‍ കാത്തിരുന്ന അമിത് ഷായെയാണ്. ഒടുവില്‍ നാലുമണിയോടെ നിര്‍ദ്ദേശം വന്നു, ആറരയ്ക്ക് കാണാം. പക്ഷേ, ഒറ്റയ്ക്ക്. കൂട്ടത്തില്‍ ഫഡ്‌നവിസും മറ്റും ഉണ്ടാവരുത്. അമിത് ഷാ അനുസരിച്ചു.

ടൈംസ് നൗ, റിപബ്ലിക്, ഇന്ത്യ ടുഡെ, സി.എന്‍.എന്‍ ന്യൂസ് എന്നീ നാലു ചാനലുകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് കടുത്ത അലര്‍ജിയാണ്. ബി.ജെ.പി എന്നാല്‍ അമൃതും. ഇന്ത്യ ടുഡേ അവരുടെ പ്രിന്റ് മീഡിയയിലൂടെ രണ്ടുവര്‍ഷമായി ഗ്രാസ് റൂട്ട് തലത്തില്‍ ചായ്‌വു രേഖപ്പെടുത്തി ആറുമാസത്തില്‍ ഒരിക്കല്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കാറുമുണ്ട്. അവരുടെ ഗവേഷണം കൃത്യമാണ്, ഫലം പലപ്പോഴും മായം ചേര്‍ക്കപ്പെടുമെങ്കിലും. ഒരു ഉദാഹരണം പറയാം. (മുന്‍പ് പറഞ്ഞതാണെങ്കില്‍ ക്ഷമിക്കുക). ആറു മാസം മുന്‍പ് മോഡിയുടെ ശരാശരി ജനസമ്മതി 37 ശതമാനമായിരുന്നു, രാഹുല്‍ ഗാന്ധിയുടേത് 34 ശതമാനവും. അവര്‍ ചാനല്‍ ചര്‍ച്ചയില്‍ ഒരു നേരിയ വ്യത്യാസം വരുത്തി. ഒരു ശതമാനത്തിന്റെ അഡ്ജസ്റ്റ്‌മെന്റ്. മോഡിയുടേത് 38 ശതമാനമാക്കി, രാഹുലിന്റേത് 33 ശതമാനവും. എന്നിട്ട് അട്ടഹസിച്ചു. നോക്കൂ അഞ്ചു ശതമാനത്തിന്റെ ഭീമമായ വ്യത്യാസം. മൂന്നു ശതമാനം എന്നു പറഞ്ഞാല്‍ അടുത്ത റിവ്യൂവില്‍ അവര്‍ക്കറിയാം, മോഡിയെ കവച്ചുവയ്ക്കുമെന്ന്.

രണ്ടുവര്‍ഷം മുന്‍പ് രാഹുല്‍ പപ്പുവായിരുന്നു. ഇപ്പോള്‍ കവലകള്‍ തോറും ആ പയ്യന്‍ വിളിച്ചുകൂവുന്നു, 'ചൗക്കിദാര്‍ ചോര്‍ ഹെ'. ഇങ്ങനെയൊക്കെ പ്രധാനമന്ത്രിയെ പരിഹസിക്കാമോ എന്നാണ് സി.എന്‍.എന്‍ ന്യൂസിന്റെ ചൗബേയുടെയും മറ്റും മാറത്തടി.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ രാജ്ദീപ് സര്‍ദേശായിയുടെ പ്രയത്‌നത്തെ ഞാന്‍ ബഹുമാനിക്കുന്നു. അഞ്ച് സര്‍വ്വേകളില്‍ ഞാന്‍ ആഴത്തില്‍ നോക്കുന്നത് ആക്‌സിസ് മൈ ഇന്ത്യയെ ആകുന്നു. അതിങ്ങനെയാണ് പ്രവചനം- മദ്ധ്യപ്രദേശ് ബി.ജെ.പി 111, കോണ്‍ഗ്രസ് 113. രാജസ്ഥാന്‍ ബി.ജെ.പി 63, കോണ്‍ഗ്രസ് 113. ഛത്തീസ്ഗഢ് ബി.ജെ.പി 26, കോണ്‍ഗ്രസ് 60. തെലുങ്കാന ടി.ആര്‍.എസ് 85, കോണ്‍ഗ്രസ് 27. അതായത് നാലു വലിയ സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ മുന്നില്‍.

ഇന്നലെ ഈ നാലു ചാനലുകളും ചര്‍ച്ചകളില്‍ നരേന്ദ്രമോഡിയെ പരാമര്‍ശിച്ചതേയില്ല. തന്മൂലം രാഹുല്‍ ഗാന്ധിയും ഒഴിവായി. എന്നാല്‍ ഇടയ്ക്കിടെ അറിയാതെ പറഞ്ഞുപോകുന്ന ഒരു രഹസ്യമുണ്ട്. ഇനി 2019 ല്‍ പോരാട്ടം മോഡിയും രാഹുലും തമ്മിലാകുന്നു. അവിടെ മോഡിയെ പഴയ വിഗ്രഹമായി അവര്‍ സ്വപ്‌നം കാണുന്നു.

എന്നാല്‍ ഈ സെമി ഫൈനല്‍ പ്രതിപക്ഷത്തിന് നല്‍കുന്ന ഒരു താക്കീതുകൂടിയുണ്ട്. ഒരു നേതാവ്, ഒരു പുതിയ നേതാവ് 2019 ല്‍ മോഡിയെ നേരിടാനുണ്ടാവും. അക്കാര്യത്തില്‍ പല നാമങ്ങള്‍ ഇനിയില്ല. ഒരേ ഒരു നേതാവില്‍ ബദല്‍ കണ്ടെത്തേണ്ടി വരും!

സംഭവാമി യുഗേ യുഗേ


ജോര്‍ജ് മാത്യു

ഇന്ത്യന്‍ കറന്‍സിക്കു നേരേ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം രാജ്യത്തിനു സംഭവിച്ചതെന്താണ്, ഞെട്ടിക്കുന്ന സത്യങ്ങളിലൂടെ ഒരു യാത്ര
ഇന്ന് നവംബര്‍ എട്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ ദുരന്തം സംഭവിച്ചത്. ഇന്ത്യയുടെ വിനിമയ മാധ്യമമായ കറന്‍സിയില്‍ നിന്ന് 85 ശതമാനം വരുന്ന 500, 1000 രൂപ നോട്ടുകള്‍ ഒരു സര്‍ജറിക്കല്‍ സ്‌ട്രൈക്കിലൂടെ പ്രധാനമന്ത്രി ന്രരേന്ദ്ര മോഡി അസാധുവാക്കി. ഒരുപാട് ന്യായീകരണങ്ങള്‍ അദ്ദേഹത്തിനുവേണ്ടി, ഈ സംഭവത്തില്‍ മാപ്പുസാക്ഷിയായി നിന്ന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വായ്ത്താരിയിട്ടു. ഇന്ന് പ്രധാന ദിനപത്രങ്ങളില്‍ പലതും ഓര്‍ത്തുവച്ച് ഡിമോണിട്ടൈസേഷന്റെ രണ്ടാം ചരമദിനം ആചരിക്കുന്നു.

Keywords: India, Election, Narendra Modi, Rahul Gandhi, Prime Minister, Madhyapradesh, Chattisgarh, Rajastanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സംഭവാമി ഉടനുടന്‍....