Search

മെല്‍ബണ്‍ ബാറ്റ്‌സ്മാന്മാരുടെ കുരുതിക്കളം, 151ന് കങ്കാരുക്കളെ ചുരുട്ടിയ ഇന്ത്യയ്ക്കും രണ്ടാം ഇന്നിംഗ്‌സില്‍ കാലിടറുന്നു, എങ്കിലും ജയപ്രതീക്ഷ വാനോളം

മെല്‍ബണ്‍: അനുനിമിഷം സ്വഭാവം മാറുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആതിഥേയരെ കടപുഴക്കിയ ഇന്ത്യയും കറങ്ങി വീഴുന്നു. പക്ഷേ, ഒന്നാം ഇന്നിംഗ്‌സില്‍ കിട്ടിയ ലീഡിന്റെ ബലത്തില്‍ ഇന്ത്യയ്ക്കു തന്നെയാണ് ജയസാദ്ധ്യത, അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍.

ബാറ്റു വച്ചാല്‍ വിക്കറ്റ് വീഴുന്ന പിച്ചില്‍ ഇന്നു മാത്രം വീണത് 15 വിക്കറ്റുകള്‍. എല്ലാവരും ചേര്‍ന്ന് ഇന്നു സ്‌കോര്‍ ചെയ്തത് കേവലം 197 റണ്‍സും.

ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരെ ഇന്ത്യ 151 റണ്‍സിന് ചുരുട്ടിക്കെട്ടി.  ഫോളോഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കോലിയുടെ തീരുമാനം ശരിയെന്നു വ്യക്തമാക്കിക്കൊണ്ട്, 27 ഓവറിനിടയ്ക്ക് ഇന്ത്യയ്ക്കു 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഇപ്പോള്‍ ഇന്ത്യയ്ക്ക് 346 റണ്‍സ് ലീഡുണ്ട്. നാളെ ഇതു നാനൂറു കടത്താനായാല്‍ വിജയം ഏതാണ്ട് ഉറപ്പാണ്.

പന്ത് എങ്ങോട്ടു തിരിയുന്നുവെന്നു നിശ്ചയിക്കാനാവാത്ത പിച്ചില്‍  നായകന്‍ വിരാട് കോലിക്കും കഴിഞ്ഞ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ പുജാരയ്ക്കും രണ്ടാം ഇന്നിംഗ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

രഹാനെ ഒരു റണ്ണിനും രോഹിത് ശര്‍മ അഞ്ച് റണ്‍സും കൂടാരം കയറി. 13 റണ്‍സ് നേടിയ ഓപ്പണര്‍ ഹനുമ വിഹാരി മാത്രമാണ് പുറത്തായവരില്‍ രണ്ടക്കം കടന്നത്. അരങ്ങേറ്റം ഗംഭീരമാക്കിയ മായങ്ക് അഗര്‍വാളും (28) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും (ആറ്) ക്രീസിലുണ്ട്. 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

ആറ് വിക്കറ്റെടുത്ത് കൊടുങ്കാറ്റഴിച്ചുവിട്ട ജസ്പ്രീത് ബുംറയ്ക്ക് മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സ് വഴങ്ങിയാണ് ബുംറ  ആറ് വിക്കറ്റ് കൊയ്തത്. കരിയറില്‍ ബുംറയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടു വിക്കറ്റുമായി രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയും ഷമിയും മികച്ച പിന്തുണയും നല്‍കി.

വിക്കറ്റു പോകാതെ എട്ട് റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കങ്കാരുക്കളാണ് ഇന്ത്യയ്ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം കറങ്ങി വീണത്.

Keywords: Melbourne Test, Virat Kohli, Indian cricketer, consecutive centuries, ODI cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam,  Sachin Tendulkar vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മെല്‍ബണ്‍ ബാറ്റ്‌സ്മാന്മാരുടെ കുരുതിക്കളം, 151ന് കങ്കാരുക്കളെ ചുരുട്ടിയ ഇന്ത്യയ്ക്കും രണ്ടാം ഇന്നിംഗ്‌സില്‍ കാലിടറുന്നു, എങ്കിലും ജയപ്രതീക്ഷ വാനോളം