Search

ജയത്തിനു നടുക്ക് 61 റണ്‍സുമായി പാറ്റ് കമിന്‍സ്, കളി അഞ്ചാം ദിവസത്തിലേക്ക്, കങ്കാരുക്കള്‍ 258/8, പ്രതീക്ഷ ഇന്ത്യയ്ക്കു തന്നെ


മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യന്‍ ജയം രണ്ടു വിക്കറ്റ് അകലെ. ഇന്ത്യയ്ക്കും ജയത്തിനുമിടയില്‍ ഇപ്പോള്‍ തടസ്സം 61 റണ്‍സുമായി ഉറച്ചുനില്‍ക്കുന്ന പാറ്റ് കമിന്‍സ് മാത്രം.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മുന്നോട്ടുവച്ച 399 റണ്‍സ് ലക്ഷ്യം കടക്കാന്‍ നോക്കുന്ന ഓസ്‌ട്രേലിയ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 258/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം കൈയിലുള്ളപ്പോള്‍ അവര്‍ക്ക് ജയിക്കാന്‍ 141 റണ്‍സ് കൂടി വേണം.

61 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന പാറ്റ് കമിന്‍സിലാണ് ആതിഥേയരുടെ പ്രതീക്ഷയെല്ലാം. നഥാന്‍ ലിയോണ്‍ (6) ആണ് കൂട്ടിന്. ഒന്പതാം വിക്കറ്റില്‍ ഈ സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നാലാം ദിവസം 54/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ടീം സ്‌കോര്‍ 83ല്‍ മായങ്ക് അഗര്‍വാള്‍ (42) മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു. ഋഷഭ് പന്ത് കൂറ്റന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് 33 റണ്‍സുമായി മടങ്ങി.

പന്തും വീണതോടെ, 106/8 എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പാറ്റ് കമ്മിന്‍സ് 27 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടി. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ ജോഷ് ഹേസല്‍വുഡ് നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ മുന്നിലുള്ള ബാലികേറാമലയിലേക്ക് ബാറ്റു വശിയ ആതിഥേയര്‍ക്ക് തുടക്കത്തില്‍ തന്നെ ആരണ്‍ ഫിഞ്ചിനെ നഷ്ടപ്പെട്ടു. ജസ്പ്രീത് ബുംറയുടെ ബൗളിംഗില്‍ മൂന്നു റണ്‍സെടുത്ത ഫിഞ്ച് കോലിക്കു ക്യാച്ച് കൊടുത്തു മടങ്ങി.

ഇന്നിംഗ്‌സ് സ്‌കോര്‍ 33ല്‍ മാര്‍ക്വസ് ഹാരിസിനെ (13) രവീന്ദ്ര ജഡേജ പുറത്താക്കി. ക്യാച്ച് മായങ്ക് അഗര്‍വാളിനായിരുന്നു. ആക്രമിച്ചു കളിച്ച  ഉസ്മാന്‍ ഖവാജയെ (33) മുഹമ്മദ് ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കി.

ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ചെറുത്തുനില്‍പ്പിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്‌കോര്‍ 114ല്‍ ഷോണ്‍ മാര്‍ഷി (44) നെ ബുംറ വീഴ്ത്തി. മിച്ചല്‍ മാര്‍ഷ് (10), ഹെഡ് (34), നായകന്‍ ടിം പെയ്ന്‍ (26) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാനാവാതെ മടങ്ങി.

നാലാം ദിനത്തില്‍ തന്നെ ജയമെന്ന് ഇന്ത്യ കരുതിയിരിക്കെയാണ്, എട്ടാമനായി എത്തിയ കമ്മിന്‍സ് ഉറച്ചുനിന്ന് ഇന്ത്യയെ നേരിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് (18) റണ്‍സാണെടുത്തതെങ്കിലും കമിന്‍സിന് ഉറച്ച പിന്തുണ കൊടുത്തു.

എട്ടാം വിക്കറ്റില്‍ 39 റണ്‍സ് സമ്പാദിച്ച ഈ സഖ്യത്തെ മുഹമ്മദ് ഷമി പിരിച്ചു. പക്ഷേ, പിന്നാലെയെത്തിയ നഥാന്‍ ലിയോണ്‍ ശക്തമായ പ്രതിരോധത്തോടെ നിന്നതോടെ, കളി അഞ്ചാം ദിവസത്തേക്കു നീളുകയായിരുന്നു.

രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ഷമി എന്നിവര്‍ രണ്ടും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റ് നേടി.

ഇപ്പോഴും കളി ഇന്ത്യയുടെ വരുതിയില്‍ തന്നെയാണ്. നാളെ രാവിലെ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് ഇന്ത്യ ബോളര്‍മാര്‍ക്ക് നനന്നായി പന്തെറിയാനായാല്‍ ജയം അതിവേഗമായിരിക്കും. ഇല്ലെങ്കില്‍ അത്ഭുതമെന്തെങ്കിലും സംഭവിക്കണം.

Keywords: Virat Kohli, Indian cricketer, consecutive centuries, ODI?cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory, Sachin Tendulkar vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജയത്തിനു നടുക്ക് 61 റണ്‍സുമായി പാറ്റ് കമിന്‍സ്, കളി അഞ്ചാം ദിവസത്തിലേക്ക്, കങ്കാരുക്കള്‍ 258/8, പ്രതീക്ഷ ഇന്ത്യയ്ക്കു തന്നെ