Search

വാലുകുത്തി പ്രതിരോധിച്ച കങ്കാരുക്കളെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ അഡലെയ്ഡില്‍ പുതിയ ചരിത്രമെഴുതി, ജയം 31 റണ്‍സിന്അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ പിടിച്ചുകെട്ടി വിരാട് കോലിയും കൂട്ടരും ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. ക്രിക്കറ്റിലെ കരുത്തന്മാരായ ഓസ്‌ട്രേലക്കെതിരായ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നത് ചരിത്രത്തില്‍ ആദ്യാമായാണ്.

കാര്യങ്ങള്‍ കൈവിടുമെന്നു തോന്നിയേടത്തുനിന്നു കൂട്ടായ യത്‌നത്തിലൂടെ ഇന്ത്യ 31 റണ്‍സിന്റെ വിജയം എത്തിപ്പിടിക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരന്പര ഇന്ത്യ ഒരു കളി ജയിച്ചു മുന്നിലെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച പെര്‍ത്തിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

ഇന്ത്യ ഉയര്‍ത്തിയ 323 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുക്കള്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും (71) നേടിയ ചേതേശ്വര്‍ പുജാരയാണ് കളിയിലെ കേമന്‍.

ഓസ്‌ട്രേലിയയില്‍ പല കാലങ്ങളിലായി ഇന്ത്യ നേടുന്ന ആറാം ടെസ്റ്റ് ജയമാണിത്. അഡ്‌ലെയ്ഡില്‍ ഇതിനു മുന്‍പ് ടെസ്റ്റ് ജയിച്ചത് സൗരവ് ഗാംഗുലിയുടെ ടീമായിരുന്നു.

അവസാനദിനം 104/4 എന്ന നിലയില്‍ തുടങ്ങിയ കങ്കാരുക്കളുടെ പ്രതീക്ഷ അസ്തമിച്ചത് ട്രാവിസ് ഹെഡ്-ഷോണ്‍ മാര്‍ഷ് കൂട്ടുെട്ട് ഇന്ത്യ പൊളിച്ചതോടെയാണ്. 166 പന്തുകള്‍ നേരിട്ട് മാര്‍ഷ് 60 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു പുറത്തായത്.

ഉച്ച ഭക്ഷണത്തിനു ശേഷം വാലു കുത്തി ചെറുത്തു നില്‍ക്കാന്‍ ഒരു ശ്രമം നടത്തി. അതോടെ അവര്‍ക്കു വിജയപ്രതീക്ഷ കൈവരികയും ചെയ്തു. അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകന്‍ ടിം പെയ്ന്‍ (41) കളം വിട്ടതോടെയാണ് ആതിഥേയരുടെ പരാജയം ഉറപ്പയത്.

പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും എട്ടാം വിക്കറ്റില്‍ സഖ്യം 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ പകര്‍ന്നു. 28 റണ്‍സ് എടുത്തു നില്‍ക്കെ, ഷമിക്ക് മുന്നില്‍ സ്റ്റാര്‍ക്ക് വീണതോടെ ലയണ്‍-കമ്മിന്‍സ് സഖ്യം പൊരുതാന്‍ തുടങ്ങി. 121 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത് കമ്മിന്‍സും വീണു. പിന്നെയും പൊരുതാന്‍ തന്നെയായിരുന്നു കങ്കാരുക്കളുടെ തീരുമാനം.


64 റണ്‍സായിരുന്നു അവസാന വിക്കറ്റില്‍ ബാക്കി വേണ്ടിയിരുന്നത്. ഹേസില്‍വുഡിനെ കൂട്ടുപിടിച്ച് ലയണ്‍ പൊരുതി. ഹേസല്‍ വുഡ് വിക്കറ്റ് കാത്തുവയ്ക്കുകയും ലയണ്‍ സ്‌കോറിംഗ് ചുമതല ഏല്‍ക്കുകയും ചെയ്തു.

പക്ഷേ, ഓഫ് സ്റ്റംപിന് പുറത്തുപോയ പന്ത് മുന്നോട്ടുകയറി കളിക്കാന്‍ ശ്രമിച്ച ഹേസില്‍വുഡ് രണ്ടാം സ്ലിപ്പില്‍ രാഹുലിന് ക്യാച്ച് നല്കി കീഴടങ്ങിയതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. ഇതിനകം ലയണ്‍ 38 റണ്‍സെടുത്തിരുന്നു.

ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വിക്കറ്റു വീതം നേടി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.

11 ക്യാച്ചുകളെടുത്ത  വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പ്രകടനവും ഗംഭീരമായി. ജാക്ക് റസല്‍ (ഇംഗ്ലണ്ട്), എ.ബി. ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ നേരത്തേ കുറിച്ച റെക്കോഡിനൊപ്പമാണ് ഋഷഭ് പന്തും എത്തിയത്.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 250, രണ്ടാം ഇന്നിംഗ്‌സ് 307. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 235, രണ്ടാം ഇന്നിംഗ്‌സ് 291

Keywords: Australia, India , Perth, Victory, Ravichandran Ashwin,  Pacer, Jasprit Bumrah , Mohammed Shami, Ishant Sharma, Pat Cummins , Mitchell Starc, Nathan Lyon, Virat Kohli,  Josh Hazlewood, KL Rahul,
Shaun Marshvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വാലുകുത്തി പ്രതിരോധിച്ച കങ്കാരുക്കളെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ അഡലെയ്ഡില്‍ പുതിയ ചരിത്രമെഴുതി, ജയം 31 റണ്‍സിന്