അഭിനന്ദ് ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലും വ്യക്തമായ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ചേ...
അഭിനന്ദ്
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലും വ്യക്തമായ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ഉറപ്പാക്കുകയും ചെയ്തതോടെ, കോണ്‍ഗ്രസ് അധികാരം ഉറപ്പിക്കുന്നു.കാണുന്നതിനു വേണ്ടി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനോട് മുതിര്‍ന്ന നേതാവ് കമല്‍ നാഥ് സമയം ചോദിച്ചിട്ടുണ്ട്.
എന്നാല്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ ആനന്ദി ഇതുവരെ മറുപടി കൊടുത്തിട്ടില്ല. ചിത്രം വ്യക്തമായി തെളിഞ്ഞ ശേഷം കാണുന്നതിനു സമയം നല്‍കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍.
230ല്‍ 113 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുന്നത്. ഒരു സീറ്റില്‍കൂടി അവര്‍ ലീഡ് ചെയ്യുന്നുണ്ട്.
109 സീറ്റില്‍ വിജയിച്ച ബിജെപിക്കു പരാജയം സമ്മതിക്കാതെ തരമില്ല.
രണ്ടു സീറ്റില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ജയിച്ചു. മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടി ഒരു സീറ്റില്‍ ജയിച്ചു. മറ്റുള്ളവര്‍ നാലു സീറ്റിലും ജയിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും പിന്തുണച്ചാല്‍ ഭരണം ഉറപ്പ്. ഇരുകൂട്ടര്‍ക്കും ബിജെപിയെ പിന്തുണയ്ക്കാനാവില്ലെന്നിരിക്കെ മറ്റു വഴികളുമില്ല.
മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാനായി എകെ ആന്റണിയെയാണ് അവിടേക്ക് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. പഴുതുകളടച്ചുള്ള നീക്കമാണ് ആന്റണി നടത്തുന്നത്.
മുതിര്‍ന്ന നേതാവ് കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് മുഖ്യമന്ത്രി പദത്തില്‍ സാദ്ധ്യത. ഇപ്പോഴത്തെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് കമല്‍ നാഥാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു മുന്‍തൂക്കമുണ്ട്.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. ഗ്വാളിയര്‍ രാജകുടുംബാംഗം എന്ന പെരുമയും മികച്ച സംഘാടകനുമെന്നത് ജ്യോതിരാദിത്യയ്ക്കും മുതല്‍ക്കൂട്ടാവുന്നുണ്ട്.
ജ്യോതിരാദിത്യക്ക് ഇക്കുറി നറുക്കു വീണില്ലെങ്കില്‍ പാര്‍ലമെന്റ് യുപിഎ അധികാരത്തില്‍ വന്നാല്‍ അദ്ദേഹം സുപ്രധാന പദവിയിലുണ്ടാവുമെന്ന് ഉറപ്പാണ്.
COMMENTS