സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് ധനസമാഹരണത്തിനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനു വര്‍ദ്ധിപ്പിച്ച എക്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് ധനസമാഹരണത്തിനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനു വര്‍ദ്ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി ഡിസംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടും സംസ്ഥാനത്തെ വലിയൊരു വിഭാഗം മദ്യശാലകളും അനൗദ്യോഗികമായി പണം പിരിക്കുന്നു.
ഈ ഇനത്തില്‍ ഒരു ദിവസം കൊണ്ടു തന്നെ ലക്ഷക്കണക്കിനു രൂപയാണ് ബാറുടമകള്‍ കൈക്കലാക്കിയത്. മിക്ക ബാറുകളിലും കൊടുക്കുന്നത് രേഖാമൂലമല്ലാത്ത ബില്ലാണ്. അതുകൊണ്ടു തന്നെ പിരിച്ചെടുക്കുന്ന അധിക തുക സര്‍ക്കാരിനു ചെല്ലുകയുമില്ല, ബാറുടമകളുടെ പോക്കറ്റിലെത്തുകയും ചെയ്യും.
2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാനായിരുന്നു പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും പര്‍ച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഡ്യൂട്ടിയില്‍ വര്‍ദ്ധന വരുത്താനായിരുന്നു അനുമതി.
235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയില്‍ വിലയുളള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതുപോലെ മറ്റു സ്ലാബുകളിലും വര്‍ദ്ധന വരുത്തിയിരുന്നു.
അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായിരുന്നു വര്‍ദ്ധന. ഇതാണ് പഴയ സ്ഥിതിയിലേക്ക് മാറ്റിക്കൊണ്ട് കേരള സ്റ്റേറ്റ് ബിവറിജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഡിസംബര്‍ ഒന്നിനു പഴയ നിരക്കിലേക്കു തിരിച്ചു പോകുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. പുതുക്കിയ നിരക്കുകള്‍ കോര്‍പ്പറേഷന്റെ വെബ് സൈറ്റിലും ലഭ്യമാണ്.
എന്നാല്‍, ഡ്യൂട്ടി പിന്‍വലിച്ചുകൊണ്ടു തങ്ങള്‍ക്ക് രേഖാമൂലം അറിയിപ്പു വന്നില്ലെന്നാണ് മിക്ക ബാറുകാരും പറയുന്നത്. അതുകൊണ്ടു നിരക്ക് പിന്‍വലിക്കാനാവില്ലെന്നും അവര്‍ വാദിക്കുന്നു. പക്ഷേ, കസ്റ്റമര്‍ക്കു നല്കുന്ന ബസ് ടിക്കറ്റിനോളം പോന്ന ബില്ലില്‍ എക്സൈസ് ഡ്യൂട്ടി വരുന്നുണ്ട്. ഇത് ഔദ്യോഗിക ബില്‍ അല്ലാത്തതുകൊണ്ടു തന്നെ ഇതു സര്‍ക്കാരിലേക്കു പോകില്ലെന്നും ഉറപ്പാണ്.
നിര്‍ബന്ധപൂര്‍വം ബില്‍ ചോദിച്ചവര്‍ക്ക് ചില ബാറുകള്‍ ബില്‍ നല്‍കുകയും ചെയ്തു. അത്തരത്തില്‍ ലഭിച്ച ചില ബില്ലുകളാണ് ഇതോടൊപ്പം.
ഒരു ദിവസം കേരളത്തില്‍ കോടിക്കണക്കിനു രൂപയുടെ മദ്യം വിറ്റുപോകുന്നുണ്ടെന്നിരിക്കെ, ഈ ഇനത്തില്‍ ഒറ്റ ദിവസം കൊണ്ടു ബാറുമടകള്‍ നേടിയതു ലക്ഷങ്ങളാണ്.
Keywords: Kerala, Flood, Bar Hotel, Cess, Tax, KSBC
COMMENTS