Search

ബോഗിബീല്‍ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകം, ചൈനീസ് അതിര്‍ത്തിയിലേക്ക് സൈനിക നീക്കം ഇനി അനായാസം, പാലത്തില്‍ വേണ്ടിവന്നാല്‍ യുദ്ധവിമാനവുമിറങ്ങും


അഭിനന്ദ്

ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിക്കു കുറുകേ നിര്‍മിച്ച ബോഗിബീല്‍ പാലം യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയ്ക്കു പ്രതിരോധ രംഗത്തും വലിയൊരു മുന്നേറ്റമാണ് സാധ്യമായിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പാലം ഗതാഗതത്തിനു തുറന്നുകൊടുത്തത്.

ചൈനയോട് അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക് സൈനിക നീക്കം എളുപ്പമാക്കുന്നതാണ് ബോഗിബീല്‍ പാലം. ഇരുനിലകളിലുള്ള പാലത്തില്‍ അടിയില്‍ റെയില്‍ പാതയും മുകളില്‍ റോഡുമാണ്. റെയില്‍ പാത ഇരട്ട ലൈനാണ്. റോഡ് മൂന്നു വരിയും. വേണ്ടിവന്നാല്‍ യുദ്ധവിമാനം ഇറക്കാന്‍ വരെ പാകത്തിലുള്ളതാണ് റോഡ്. സൈനിക ടാങ്കുകള്‍ക്കും കടന്നുപോകാന്‍ കഴിയുന്നത്ര ബലമുള്ളതാണ് പാലം.


ബ്രഹ്മപുത്രാ നദിക്കു കുറുകെ അസമിലെ ധേമാജി, ദിബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 4.94 കിലോമീറ്ററാണ് നീളം. പാലം യാഥാര്‍ത്ഥ്യമായതോടെ അസമിലെ തീന്‍സുക്യയില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെയാണ് കുറയുന്നത്. ഇതിനര്‍ത്ഥം ആവശ്യം വന്നാല്‍ സൈനിക നീക്കവും പത്തു മണിക്കൂര്‍ വേഗത്തിലാകുമെന്നു കൂടിയാണ്.പാലത്തിന്റെ നിര്‍മാണ ചുമതല ഇന്ത്യന്‍ റെയില്‍വേക്കായിരുന്നു. ധേമാജിയില്‍ നിന്ന് ദിബ്രുഗഡിലേക്ക് ഇപ്പോള്‍ 500 കിലോ മീറ്ററാണ് ദൂരം. ഇത്രയും ചുറ്റിയാണ് യാത്ര. ഇതു നൂറു കിലോ മീറ്ററായാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഇന്ധനലാഭവും വന്‍തോതിലാണ്.

1997ലാണ് മന്ത്രിസഭ പാലത്തിന് അനുമതി നില്കുന്നത്. ദേവഗൗഡ പ്രധാനമന്ത്രിയിയിരിക്കുന്ന കാലത്താണ് പാലത്തിനു തറക്കല്ലിട്ടത്. പിന്നീട്, 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. 5920 കോടി രൂപയാണ് പാലത്തിന്റെ മുതല്‍മുടക്ക്. 1,767 കോടി രൂപയാണ് തറക്കല്ലിട്ട വേളയില്‍ പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. പണമില്ലാത്തതായിരുന്നു പാലം നിര്‍മാണം ഇഴയാന്‍ കാരണം.

ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഏറ്റവും വലുതുമായ റെയില്‍വേ പാലമാണിത്. 120 വര്‍ഷമാണ് ആയുസ് കണക്കാക്കിയിരിക്കുന്നത്. 30 ലക്ഷം ചാക്ക് സിമന്റും 19250 മീറ്റര്‍ ഉരുക്കും പാലം നിര്‍മിതിക്കു വേണ്ടിവന്നു.


ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരത്തിലാണ് പാലം. നൂറു ശതമാനം സ്റ്റീല്‍ ഉരുക്കിച്ചേര്‍ത്തുണ്ടാക്കിയതാണ് പാലം. ഇക്കാരണത്താല്‍ മേല്‍ക്കൂരപോലെ പാലത്തിന് മുകളില്‍ കൂടി പണിതിട്ടുള്ള ഫ്രെയിമുകള്‍ക്കും ഭാരം കുറവാണ്. സ്വീഡിഷ് സാങ്കേതികതയില്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്തു നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ പാലമാണിത്. അറ്റകുറ്റപ്പണികള്‍ കുറവായിരുക്കുമെന്ന് എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നു.

Keywords:   Assam, Bogibeel Bridge, double-decker rail-and-road bridge, Prime Minister Narendra Modi, India, Brahmaputra River, Dibrugarh, Dhemaji, Arunachal Pradesh, China border, Fighter jet, Sweden, Denmark, Tinsukia, Naharlagun Intercity Express, HD Deve Gowda, Atal Bihari Vajpayee 
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബോഗിബീല്‍ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകം, ചൈനീസ് അതിര്‍ത്തിയിലേക്ക് സൈനിക നീക്കം ഇനി അനായാസം, പാലത്തില്‍ വേണ്ടിവന്നാല്‍ യുദ്ധവിമാനവുമിറങ്ങും