Search

ശബരിമല പൊലീസ് വലയത്തില്‍, സംഘര്‍ഷ സാദ്ധ്യതയെന്നു റിപ്പോര്‍ട്ട്, വനിതാ പൊലീസിനെയും നിയോഗിച്ചു


  • സ്വന്തം ലേഖകന്‍

ശബരിമല: സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വനിതാ പൊലീസിനെ ഉള്‍പ്പെടെ വിന്യസിച്ചു ശബരിമല സുരക്ഷാ വലയത്തിലാക്കി.
ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുമ്പോള്‍ സംഘര്‍ഷമുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസും ബിജെപിയും സ്ത്രീകളെ അണിനിരത്തി പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ്. മൂന്നു ദിവസത്തെ നിരോധനാജ്ഞ ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. സ്ത്രീകളെ തടയുന്നവരെ കയ്യോടെ കസ്റ്റഡിയിലെടുക്കും.

നിലയ്ക്കല്‍ മുതല്‍ കര്‍ശന സുരക്ഷയും നിയന്ത്രണവുമാണ്. ഇപ്പോള്‍ വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല. ആവശ്യമെന്നു വന്നാല്‍ വനിതാ പൊലീസിനെ ഇവിടെയും വന്യസിക്കും.

50 വയസ്സു കഴിഞ്ഞ 32 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് സന്നിധാനത്തേയ്ക്കു പോകാന്‍ സജ്ജരായി നില്ക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10ന് നട അടയ്ക്കും. മണ്ഡലകാല പൂജയ്ക്ക് ഈ മാസം 16ന് വീണ്ടും നട തുറക്കും.

മിക്കയിടങ്ങളിലും പൊലീസ് നിരീക്ഷണ കാമറ സ്ഥാപിച്ചു. കൂടാതെ  12 ഫേസ് ഡിറ്റക്ഷന്‍ കാമറകളും സ്ഥാപിച്ചു. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമേ പമ്പയില്‍ നിന്നു സന്നിധാനത്തേയ്ക്കു പ്രവേശനം അനുവദിക്കൂ. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തിരിച്ചിറങ്ങണം.

ഇലവുങ്കല്‍ കവലയില്‍ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്കു പ്രവേശനം പിന്നീടു മാത്രമേ അനുവദിക്കൂ.

നിരോധനാജ്ഞയുള്ള സ്ഥലങ്ങളില്‍ പ്രാര്‍ഥനയജ്ഞം, മാര്‍ച്ച്, പ്രകടനം, പൊതുയോഗം എന്നിവയൊന്നും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും എല്ലാ റോഡുകളിലും ഉപറോഡുകളിലും നിരോധനം ബാധകമാണ്.

തീര്‍ഥാടകര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും പ്രവേശനത്തില്‍ ഇളവുണ്ട്. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്താണ് സുരക്ഷയ്ക്കു ചുക്കാന്‍ പിടിക്കുന്നത്. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ സുരക്ഷയുടെ ജോയിന്റ് കോ ഓഡിനേറ്ററാണ്. ഐ.ജി എം.ആര്‍. അജിത് കുമാര്‍, ഐ.ജി. അശോക് യാദവ് എന്നിവരെ കൂടാതെ 10 വീതം എസ്.പിമാരും ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ട്.

സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളിലായി 20 അംഗ കമാന്‍ഡോകളെ വന്യസിച്ചു. 100 വനിതകള്‍ ഉള്‍പ്പെടെ 2300 പൊലീസുകാരെയാണ് വിന്യസിച്ചു കഴിഞ്ഞു. സ്ത്രീകള്‍ എത്തിയാല്‍ കടത്തിവിടാന്‍ പൊലീസ് ബാധ്യസ്ഥമാകും.

ഇതേസമയം, ഇരുമുടിക്കെട്ടുകളുമായി പ്രതിഷേധക്കാരെ അണിനിരത്താനാണ് സംഘ പരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകിട്ട്  മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. അന്ന് പ്രത്യേക പൂജകളില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങി പൂജകളുണ്ടാവും. അത്താഴ പൂജക്കു ശേഷം പത്തിന് നട അടക്കും.

Keywords: Sabarimala, Kerala Police, Sannidhanam

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല പൊലീസ് വലയത്തില്‍, സംഘര്‍ഷ സാദ്ധ്യതയെന്നു റിപ്പോര്‍ട്ട്, വനിതാ പൊലീസിനെയും നിയോഗിച്ചു