Search

കാണാന്‍ വന്നത് ഏകദിനം, കണ്ടത് ട്വന്റി 20, ഇന്ത്യ പരമ്പര തൂത്തുവാരിയെങ്കിലും കളി നേരത്തേ തീര്‍ന്ന നിരാശയില്‍ കാണികള്‍


തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഒരിക്കല്‍ കൂടി ടീം ഇന്ത്യയോടുള്ള ഇഷ്ടം വ്യക്തമാക്കി. കേവലം 104 റണ്‍സിന് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി, ഇന്ത്യ പരമ്പര സ്വന്തമാക്കി. 31.5 ഓവറില്‍ വിന്‍ഡീസ് നേടിയ 104 റണ്‍സ് ഇന്ത്യ  14.5 ഓവറില്‍ മറികടന്നു.

സൂര്യാസ്തമയത്തിനു മുന്‍പു തന്നെ കളി കഴിഞ്ഞു ജനം കളം വിട്ടപ്പോള്‍ കാണികളെ ഉദ്ദേശിച്ചു വിഭവങ്ങളൊരുക്കിയ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വെട്ടിലായത്.

റണ്ണൊഴുകുമെന്നു കരുതിയിരുന്ന പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് അക്ഷരാര്‍ത്ഥത്തില്‍ കടപുഴകി വീഴുകയായിരുന്നു. ഫൈനലിനുസമാനമായ ഏകദിനം അങ്ങനെ ട്വന്റി 20 ആയി അവസാനിച്ചു.

ടോസ് നേടിയ വിന്‍ഡീസ്  ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തലേദിവസത്തെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിന്റ സ്വഭാവം മാറ്റുമെന്ന് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചറിഞ്ഞില്ല.
സ്വിങ്ങും ബൗണ്‍സും ഇന്ത്യന്‍ ബോളര്‍മാര്‍ നന്നായി പ്രയോഗിച്ചതോടെ എതിരാളികള്‍ കുഴങ്ങിപ്പോയി.

പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിച്ച വിന്‍ഡീസിനു പാളി. ആദ്യ രണ്ട് ഓവറില്‍ തന്നെ ഓപ്പണര്‍ കീറന്‍ പവല്‍ വീണു. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറിലെ നാലാംപന്തില്‍ പൂജ്യത്തിനാണ് പവല്‍ മടങ്ങിയത്.

അടുത്ത ഓവറിലെ നാലാംപന്തില്‍ ജസ്പ്രീത് ബുംറ സ്വിങ്ങിലൂടെ വീഴ്ത്തി. പരമ്പരയില്‍ തിളങ്ങിയ യുവതാരം ഷായ് ഹോപും പിന്നാലെ  പൂജ്യത്തിനു പുറത്തായി. ബുംറയുടെ പന്ത് ഹോപിന്റെ ബാറ്റിന്റെ അരികിലുരഞ്ഞു വിക്കറ്റായി.

മൂന്നാം വിക്കറ്റില്‍ റോവ്മാനും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്നു 34 റണ്‍ നേടി.  ഖലീല്‍ അഹമ്മദിനെ ആദ്യ ഓവറില്‍ ഫോറും സിക്‌സും അടിച്ചു വിരട്ടിയ സാമുവല്‍സ് ജഡേജയുടെ സ്പിന്നില്‍ ചാടി അടിക്കാന്‍ ശ്രമിച്ച് എക്‌സ്ട്രാ കവറില്‍ കോലിക്ക് അനായാസ ക്യാച്ച് നല്കി പുറത്തായി.

വലിയ പ്രതീക്ഷയായിരുന്ന യുവതാരം ഷിംറോണ്‍ ഹെറ്റ്മിയര്‍ ജഡേജയുടെ പന്തില്‍ എല്‍ബിയായി. ഖലീലിന്റെയും ബുംറയുടെയും ഷോട്ട് ്‌ബോളുകളില്‍ വീണ് റോവ്മാനും ഫാബിയന്‍ അലനും മടങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് ജേസണ്‍ ഹോള്‍ഡര്‍ (25) പൊരുതാന്‍ ശ്രമിച്ചെങ്കിലും  വാലറ്റം അരിഞ്ഞിട്ട് ജഡേജ ആ നീക്കം വിലക്കി.

ഇന്ത്യന്‍ നിരയില്‍ ഫോമിലുള്ള ഉപനായകന്‍ രോഹിത് ശര്‍മയും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് 99 റണ്ണടിച്ച് ഇന്ത്യയെ വിജയത്തിനരികിലെത്തിച്ചു.

കളിയുടെ അവസാനഘട്ടത്തില്‍ നാല് സിക്‌സ് തൊടുത്ത രോഹിത് ഏകദിനത്തില്‍ 200 സിക്‌സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. ഇന്ത്യന്‍ നിരയില്‍ വീണത് ധവാന്റെ മാത്രം വിക്കറ്റായിരുന്നു.

രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ ഏറ്റവും തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ ജഡേജ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുച്ചു. ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.

Keywords: Team India, West Indies, ODI, Virat Kohli, MS Dhonivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കാണാന്‍ വന്നത് ഏകദിനം, കണ്ടത് ട്വന്റി 20, ഇന്ത്യ പരമ്പര തൂത്തുവാരിയെങ്കിലും കളി നേരത്തേ തീര്‍ന്ന നിരാശയില്‍ കാണികള്‍