Search

ഗജ കൊച്ചി തീരത്ത്, കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ്, ഇടുക്കിയില്‍ പലേടത്തും ഉരുള്‍ പൊട്ടല്‍, വ്യാപകനാശം


തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊടിയ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞു കൊച്ചി തീരത്തെത്തി വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദത്തിനു കാരണമായിരിക്കെ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഗജ എറണാകുളം ജില്ലയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും ചില അവസരങ്ങളില്‍ വീണ്ടും ശക്തി പ്രപിച്ച് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റു വീശാന്‍ സാദ്ധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

അറബിക്കടലിലും മണിക്കൂറില്‍ 35-40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയേക്കാം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും ബുധനാഴ്ച വരെ അറബിക്കടലില്‍ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും മന്നാര്‍ ഉള്‍ക്കടലിലും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഗജ ചുഴലിക്കാറ്റുള്ളതിനാല്‍ എറണാകുളം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍ നിന്ന് 925 കിലോമീറ്റര്‍ അകലെ അഞ്ചു ദിവസം മുന്‍പാണ്് 'ഗജ' രൂപംകൊണ്ടത്.

ഇടുക്കിയില്‍ വ്യാഴാഴ്ച രാത്രിമുതല്‍ തുടരുന്ന അതിശക്തമായ മഴയില്‍ വന്‍ നാശമാണ് ഉണ്ടായിരിക്കുന്നത്. വട്ടവട മേഖലയില്‍ പത്തിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.  നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു . മൂന്നാറില്‍  താല്‍ക്കാലികമായി നിര്‍മിച്ച പെരിയവരൈ പാലം ഒലിച്ചു പോയതോടെ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.  60ലധികം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.  65വീടുകള്‍ക്ക് നാശമുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് മൂന്നാറിന് സമീപം പുനര്‍നിര്‍മിച്ച പെരിയവരൈ പാലം ഒലിച്ചുപോയത്. പ്രളയത്തെ  തുടര്‍ന്ന് തകര്‍ന്ന പാലം ഏറെ പണിപ്പെട്ട് സെപ്തംബറിലാണ് താല്‍ക്കാലികമായി നിര്‍മ്മിച്ചത്. മൂന്നാറില്‍ നിന്നു മറയൂര്‍, ഉദുമല്‍പ്പേട്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ നാഗപട്ടണം മേഖലയില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ 13 പേര്‍ മരിച്ചു. കനത്ത മഴയില്‍ പലേടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഇരുന്നൂറിലേറെ വീടുകള്‍ തകര്‍ന്നു. 471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,948 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കടലൂര്‍, രാമനാഥപുരം, തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ എന്നിവിടങ്ങളിലും വന്‍ നാശമുണ്ട്. ഇവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

നാഗപട്ടണത്തിനും വേദാരണ്യത്തിനും മധ്യേ വെള്ളിയാഴ്ച പുലര്‍ച്ചെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്.

Keywords: Gaja, Cyclone, Rain, Kerala, Tamil Nadu, Munnar




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗജ കൊച്ചി തീരത്ത്, കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ്, ഇടുക്കിയില്‍ പലേടത്തും ഉരുള്‍ പൊട്ടല്‍, വ്യാപകനാശം