Search

കവിത മോഷ്ടിച്ചെങ്കില്‍ കണകുണ പറയാതെ ദീപാ നിശാന്ത് മാപ്പുപറയണമെന്ന് എന്‍എസ് മാധവന്‍, മോഷണവിവാദം കൊഴുക്കുന്നുസ്വന്തം ലേഖകന്‍

തിരുവനന്തപുരം : കവി കലേഷിന്റെ കവിത അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് മോഷ്ടിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു.
കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോടു മാപ്പുപറയണമെന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

കവിത കോപ്പിയടിച്ചതു തന്നെയെന്നു ദീപ ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ല. അവര്‍ നല്കിയിരിക്കുന്ന വിശദീകരണം പെട്ടെന്ന് ആര്‍ക്കും മനസ്സിലാവാത്ത തരത്തിലുമാണ്. കോപ്പിയടിച്ചതാണെന്ന് ഇനിയും സമ്മതിച്ചില്ലെങ്കില്‍ ദീപയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് കലേഷ് പറയുന്നത്.

ഏഴുവര്‍ഷം മുമ്പ് താന്‍ എഴുതിയ കവിത ദീപ അടിച്ചുമാറ്റി വികലമാക്കി അദ്ധ്യാപക സംഘടനയുടെ ജേര്‍ണലില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് കലേഷിന്റെ ആരോപണം. ഏഴു വര്‍ഷം മുന്‍പെഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് താനെന്നും  കലേഷ് പറയുന്നു.


ഇതിനിടെ, ദീപയ്ക്കു കവിത അടിച്ചുമാറ്റി നല്കിയത് സാമൂഹ്യനിരീക്ഷകന്‍ എം.ജെ ശ്രീചിത്രനാണെന്നു ചിലര്‍ പ്രചരിപ്പിച്ചു. ഇതിനെതിരേ ശ്രീചിത്രനും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

അദ്ധ്യാപികയായ ദീപയ്ക്കു താന്‍ കവിത എഴുതിക്കൊടുക്കേണ്ട കാര്യമില്ലെന്നും തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണിതെന്നും ശ്രീചിത്രന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാടിനോടുള്ള വിരോധം തീര്‍ക്കാന്‍ ചിലര്‍ ഈ അവസരം ഉപയോഗിക്കുകയാണന്നും ശ്രീചിത്രന്‍ പറയുന്നു.

ദീപാ നിശാന്ത് അയച്ചതനുസിച്ചാണ് കവിത ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടന വ്യക്തമാക്കി. തങ്ങള്‍ക്ക് നോട്ടക്കുറവുണ്ടായിട്ടില്ലെന്നും സംഘടന പറയുന്നു.

അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത 2011 മാര്‍ച്ച് നാലിനാണ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തതെന്നു കലേഷ് പറയുന്നു.  അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നീടത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. 2015ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍! എന്നാണ് കലേഷ് പ്രതികരിക്കുന്നത്.

ഇതിനു ദീപാ നിശാന്തിന്റെ വിശദീകരണം ഇങ്ങനെ:

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക. ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്‍ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും. എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്‍ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

Keywords: Deepa Nishanth, Poem, S Kalesh, Sreechitran, NS Madhavana
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കവിത മോഷ്ടിച്ചെങ്കില്‍ കണകുണ പറയാതെ ദീപാ നിശാന്ത് മാപ്പുപറയണമെന്ന് എന്‍എസ് മാധവന്‍, മോഷണവിവാദം കൊഴുക്കുന്നു