Search

ഓര്‍മ്മ: ഒരു ഓര്‍മ്മപ്പെടുത്തല്‍


ജോര്‍ജ് മാത്യു

'ഒരുപക്ഷേ, ഈ ഭൂമുഖത്തെ വിചിത്രമായ രണ്ട് രോഗങ്ങളാവാം മറവി രോഗവും വിഷാദരോഗവും. പുറമേ എല്ലാം ഭദ്രം. പക്ഷേ, വിഷാദ രോഗം എല്ലാത്തില്‍ നിന്നും ഉള്‍വലിയുവാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ആരോടും പങ്കുവയ്ക്കുവാന്‍ കഴിയാത്ത, വീര്‍പ്പുമുട്ടിക്കുന്ന അശാന്തി. മറിച്ചാണ് മറവിരോഗം. എല്ലാം കൈവെടിഞ്ഞ് തിരിഞ്ഞുനടന്ന് ശൈശവത്തില്‍ എത്തുന്നു. ഒന്നിന്റെയും ഭാരമില്ല, എല്ലാ ഭാരവും അന്യരെ ഏല്പിക്കുന്നു.'
കേരളകൗമുദി വാരികയില്‍ (ആഗസ്റ്റ് 8-15 ലക്കം) മോണിങ് ബ്ലൂസ് (പുലര്‍കാല ദുര്‍ചിന്തകള്‍) എന്ന എന്റെ ലേഖനത്തിന്റെ അവസാന വാചകങ്ങളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

സെപ്തംബര്‍ ഒന്നു മുതല്‍ മുപ്പത് വരെ ഇന്ത്യയില്‍ മറവിരോഗ മാസമായി ആചരിച്ചുവരുന്നു. യു.എന്‍ ഡിക്ലറേഷന്‍ പ്രകാരം സെപ്തംബര്‍ 21 ആണ് ലോക മറവിദിനം. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോക്ടര്‍ ജേക്കബ് കെ. റോയ് എന്ന ഭിഷഗ്വരന്‍ കുന്നംകുളത്ത് ആരംഭിച്ച പ്രസ്ഥാനമാണ് അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസ്ഓഡേഴ്‌സ് സൊസൈറ്റി ഒഫ് ഇന്ത്യ (ARDSI). ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഒക്കെക്കൂടി 22 സെന്ററുകള്‍ വളരെ സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 1998 ല്‍ ARDSIയുടെ തിരുവനന്തപുരം സെന്റര്‍ നിലവില്‍ വന്നു.


വിഷാദരോഗം തനത് അനുഭവമായിരുന്നു. ദീര്‍ഘകാലം ഞാന്‍ അതിലൂടെ കടന്നുപോയി. മറവിരോഗവുമായി കഴിഞ്ഞ പത്ത് വര്‍ഷമായി അടുത്തിടപഴകേണ്ടിയും വരുന്നു. കാരണം മറവി രോഗികള്‍ക്കായുള്ള ഒരു പരിചരണ കേന്ദ്രം (സ്‌നേഹസദനം) തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സജീവമായ പങ്കുവഹിക്കേണ്ടിവരുന്നു എന്നതുതന്നെ. മറവി രോഗത്തോട് എനിക്ക് ഒട്ടും മമതയില്ല.  കാരണം അത് വിചിത്രമായ ഒരവസ്ഥയാണ്. അപാരമായ ക്ഷമയും സഹനശക്തിയും വേണം മറവിരോഗികളുമായി ഇടപഴകുവാന്‍. 'പണ്ടേ, ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും' എന്നതാണ് എന്റെ അവസ്ഥ. എപ്പോള്‍ വിഷാദത്തിന് അടിമപ്പെട്ടുവെന്ന് ചോദിച്ചാല്‍ മതി.

ലോക അല്‍ഷിമേഴ്‌സ് മാസത്തിന്റെ ഭാഗമായി ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വാതി ഹാളില്‍ നടന്ന പരിപാടിയില്‍ നിന്ന്‌

എന്നാലും തിരുവനന്തപുരത്ത് സെപ്തംബര്‍ 21 ന് രാവിലെ 7.30 ന് പതിവിന്‍പടി ഓര്‍ക്കാന്‍ കഴിയാത്തവരെ ഓര്‍ക്കുക എന്ന ആശയം വിളംബരപ്പെടുത്തുന്ന ഒരു മെമ്മറി വാക്ക്. കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ രാജ്ഭവന്‍ ഗേറ്റ് വരെ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ പി. സദാശിവം പതാക വീശി ആരംഭിക്കുകയും ഒപ്പംകൂടി നയിക്കുകയും ചെയ്തു. (സെപ്തംബര്‍ 27 ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പതിവിന്‍പടി പൊതുജന സമ്പര്‍ക്ക സെമിനാറും ARDSI യും  SCTIMST യും സംയുക്തമായി സംഘടിപ്പിച്ചു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ ശരാശരി ഇന്ത്യന്‍ പൗരന്റെ ആയുര്‍ദൈര്‍ഘ്യം 32 വയസ്സായിരുന്നു. ഇന്നത് 68 ആയി വര്‍ദ്ധിച്ചിരിക്കുന്നു. സന്തോഷം തോന്നുന്നു അല്ലേ? ആയുര്‍ദൈര്‍ഘ്യത്തിന്റെ ഏറ്റവും വലിയതമാശയാണ് മറവിരോഗം. മറ്റു രോഗങ്ങള്‍ക്കെല്ലാം മരുന്നും മറുമരുന്നും കണ്ടെത്തിക്കൊണ്ടേയിരിക്കുമ്പോള്‍ മറവിരോഗത്തിന്റെ കാര്യത്തില്‍ ഒറ്റ മറുപടിയേ നിലവിലുള്ളൂ... ചികിത്സയില്ല...


20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ നിരവധി സഹപ്രവര്‍ത്തകര്‍ ഹൃദയസ്തംഭനം മൂലവും ലുക്കീമിയ മൂലവും ചെറുപ്രായത്തില്‍ തന്നെ കടന്നുപോയിട്ടുണ്ട്. ഇന്ന് ഈ രോഗങ്ങള്‍ പെട്ടെന്ന് ആരേയും കീഴ്‌പ്പെടുത്തുന്നില്ല. പെട്ടെന്ന് കടന്നുവന്ന് അലോരസപ്പെടുത്തുന്ന ഏതു രോഗമായാലും (ഡെങ്കു, നിപ്പ തുടങ്ങി എയ്ഡ്‌സ് പോലും) അധികകാലം അതിന്റെ കടന്നാക്രമണം തുടരാന്‍ ശാസ്ത്രം അനുവദിക്കുന്നില്ല. പക്ഷേ, മറവിരോഗത്തിന്റെ കാര്യത്തില്‍ മാത്രം നാളിതുവരെ പ്രതിവിധികള്‍ സ്ഥിരീകരിക്കപ്പെടുന്നില്ല. ഇത് റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത ഇലക്ട്രോണിക് ചിപ്പുകള്‍ പോലെയാകുന്നു. ഒരിക്കല്‍ മസ്തിഷ്‌കത്തിലെ ഓര്‍മ്മച്ചാലുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ അത് സ്ഥിരമായി നഷ്ടപ്പെടുകയാണ്. നഷ്ടപ്പെട്ടു കഴിയുമ്പോള്‍ മാത്രമേ ആ നഷ്ടത്തെക്കുറിച്ചുള്ള സൂചനകളും കണ്ടുതുടങ്ങുകയുള്ളൂ. നവീകരിക്കാന്‍ കഴിയാത്തവിധമുള്ള ഡാമേജ്.രോഗി പ്രഥമദൃഷ്ട്യാ ആരോഗ്യവാനായിരിക്കും. ദീര്‍ഘകാലം ജീവിച്ചിരിക്കാനും കഴിയും. പക്ഷേ, അക്കാലമത്രയും മറ്റൊരാളായിരിക്കും എന്നുമാത്രം. ഇരുപത്തിനാല് മണിക്കൂറും നീളുന്ന നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന ഒരു കെയര്‍ (പരിചരണം). അത് കെയററെ ഒരുപക്ഷേ, വിഷാദരോഗത്തിലേക്കു വരെ എത്തിക്കും. അതാണ് ആദ്യമേ പറഞ്ഞത് ഇത് വിചിത്രമായ ഒരവസ്ഥയാണ്, രോഗമെന്നതിലുപരി.

ജീവിതത്തിന്റെ ദൈര്‍ഘ്യം നമ്മള്‍ കരുതുംവിധം ഒരു ഭാഗ്യമല്ല. പലപ്പോഴും അതൊരു ഭാരമാണുതാനും. ഓര്‍ക്കാന്‍ കഴിയാത്തവരെ കുറിച്ച് ഓര്‍മ്മ നശിച്ചിട്ടില്ലാത്ത നമുക്ക് വല്ലപ്പോഴുമൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കാം.

ഫോണ്‍: 9847921294


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഓര്‍മ്മ: ഒരു ഓര്‍മ്മപ്പെടുത്തല്‍