Search

ശബരിമല: ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയുന്നത് കേന്ദ്രത്തിന്, ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്നു രമേശ് ചെന്നിത്തല


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ കഴിയൂ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതേസമയം, ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിര്‍മാണം നടത്താനാവും. കേരളം നിയമനിര്‍മാണത്തിനു  തയ്യാറാവാത്തതിനാല്‍ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താവുന്നതേയുള്ളൂ. വേണ്ടതു ചെയ്യാതെ മനപ്പൂര്‍വം വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രമേശ് ആരോപിച്ചു.

ഭരണഘടനയെ കുറിച്ച് നല്ല അറിവുള്ള ആളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എന്നിട്ടും മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നത്.

കേരള നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ മാത്രമേ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാവൂ എന്ന ശ്രീധരന്‍ പിള്ളയുടെ ന്യായവാദം ജനങ്ങളെ വിഡ്ഢികളാക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതാണ്.

ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രം ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ മോഡി സര്‍ക്കാറിനെ സംരക്ഷിക്കുന്നതിനു ശ്രീധരന്‍ പിള്ള ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയത്തില്‍ ഒത്തുകളിക്കുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ല. ശബരിമല വിഷയത്തില്‍ യു.ഡി.എഫിന്റേതും കോണ്‍ഗ്രസിന്റേതുമാണ് ശരിയായ നിലപാട്.

ഇക്കാര്യത്തില്‍ സിപിഎം കാട്ടിക്കൊണ്ടിരിക്കുന്ന അമിതാവേശവും മന്ത്രിമാരുടെ അപക്വ നടപടികളും സ്ഥിതി വഷളാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല: ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയുന്നത് കേന്ദ്രത്തിന്, ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്നു രമേശ് ചെന്നിത്തല