Search

അമ്പലം പൂട്ടുമെന്നു പറഞ്ഞ തന്ത്രിക്കെതിരേ കേസ് കൊടുക്കുമെന്നു രഹ്ന ഫാത്തിമ, രഹ്നയെ സമുദായത്തില്‍ നിന്നു പുറത്താക്കിയെന്ന് മുസ്ലിം ജമാ അത്ത് കൗണ്‍സില്‍


കൊച്ചി: താന്‍ മല കയറിയാല്‍ അമ്പലം പൂട്ടുമെന്നും പുണ്യാഹം തളിക്കുമെന്നും പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ കേസുകൊടുക്കുമെന്ന് രഹ്‌ന ഫാത്തിമ. ഇതേസമയം, ഹിന്ദു സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ കടന്നെത്തിയ രഹ്നയെ സമുദായത്തില്‍ നിന്നു പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ വ്യക്തമാക്കി.

ജാതി അയിത്ത ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്നതു കൊണ്ടുകൂടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഹെല്‍മറ്റും ധരിച്ചുവന്ന് ആളില്ലാത്ത വീട്ടില്‍ സാധനങ്ങള്‍ വലിച്ചുവരി ഇടുകയും ജനല്‍ ചില്ലു പൊട്ടിക്കുകയും ചെയ്യുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരാനും രഹ്‌ന വെല്ലുവിളിക്കുന്നു. രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'തത്വമസി' തീര്‍ച്ചയായും അത് ഞാന്‍ തന്നെയാകുന്നു

സര്‍ക്കാരിന്റെയും പോലീസിന്റെയും ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും യഥാര്‍ത്ഥ ഭക്തരുടെയും സപ്പോര്‍ട്ടോടെ ഞാന്‍ ഇന്നലെ ശബരിമല കയറി. സപ്പോര്‍ട്ട് ചെയ്ത എല്ലാ സമത്വവാദികള്‍ക്കും നന്ദി.

വര്‍ഗീയലഹള ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചില തല്പര കക്ഷികളുടെയും അയ്യപ്പഭക്തന്റെ പ്രശ്ഛന്ന വേഷധരികളായ ഗുണ്ടകളുടെയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ അല്ലാതെ ഭക്ത ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പൊ പ്രതിഷേധമോ കൂടാതെ തന്നെ സന്നിധാനം കഴിഞ്ഞു നടപന്തല്‍ വരെ കയറാന്‍ ആയെങ്കിലും പതിനെട്ടാം പടി കയറാന്‍ കഴിയാഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ കിടത്തിയും മുന്‍നിറുതിയും സംഘപരിവാര്‍ ടീമുകള്‍ അവിടെ സെന്റിമെന്റ്‌സ് വെച്ചു ചീപ്പ് കളി കളിച്ചതിനാലാണ്.

പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചില്‍ ചവിട്ടിയും ശൂലത്തില്‍ കോര്‍ത്തും എന്റെ വിശ്വാസം സംരക്ഷിക്കാന്‍ ഞാന്‍ ചാണക സംഘി അല്ല. എന്നാല്‍ ആ കപട ഭക്തര്‍ ആയിരുന്നു വെല്ലുവിളിച്ച പ്രകാരം അവിടെ നെഞ്ചുകാണിച്ചു കിടന്നിരുന്നതെങ്കില്‍ ഞാന്‍ അവന്മാരുടെ നെഞ്ചില്‍ ചവിട്ടി തന്നെ പടികയറിയേനെ.

ഞങ്ങള്‍ പതിനെട്ടാം പടി കയറുന്നത് തടയാന്‍ കുട്ടികളെ അയ്യപ്പഗുണ്ടകള്‍ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങള്‍ എത്രസമയം ദര്‍ശനത്തിനായി വെയിറ്റ് ചെയ്താലും അത്രയും നേരം ആ പിഞ്ചുകുട്ടികള്‍ ആണ് പീഡിപ്പിക്കപെടുക എന്നതാണ് പിന്തിരിയാന്‍ മെയിന്‍ കാരണം. പീഡിപ്പിക്കകുട്ടികളെ അനാചാരങ്ങളുടെ പേരില്‍ പീഡിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുക്കണം

തന്ത്രിയും പൂജാരികളും പരികര്‍മികളും പൂജ നിറുത്തിവച്ചു ലഹളക്കാര്‍ക്കൊപ്പം കൂടി എനിക്ക് പ്രസാദം നിഷേധിക്കുകയും ഞാന്‍ കയറിയാല്‍ അമ്പലം പൂട്ടി പോകും എന്നു ഭീക്ഷണി മുഴക്കുകയും എന്റേത് മുസ്ലിങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പേരായതിനാല്‍ ഞാന്‍ മലക്ക് കയറിയതില്‍ മല അശുദ്ധമായെന്നും പമ്പ മുതല്‍ സന്നിധാനം വരെ പുണ്യാഹം തളിക്കണമെന്നും ആഹ്വാനം ചെയ്യുന്നതും നിങ്ങള്‍ ലൈവായി കണ്ടുകാണുമല്ലോ? ഇത്തരം ജാതി മത അയിത്ത ചിന്താഗതിയുമായി നടക്കുന്ന ഊളകളില്‍ നിന്ന് സ്വാമിയുടെ പ്രസാദം വാങ്ങാന്‍ എനിക്ക് താത്പര്യമില്ലാഞ്ഞിട്ടു കൂടിയാണ് ഞാന്‍ തിരിച്ചുപോന്നത്. തന്ത്രിക്ക് എതിരെ കേസും ഇന്ന് കൊടുക്കും.

പിന്നെ ആളില്ലാത്ത വീട്ടില്‍ ഹെല്‍മറ്റും ധരിച്ചുവന്ന് സാധനങ്ങള്‍ വലിച്ചുവരി ഇടുകയും ജനല്‍ ചില്ലു പൊട്ടിക്കുകയും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തല്ലിപൊട്ടിക്കുകയും എന്റെ പച്ചക്കറി കൃഷി നശിപ്പിക്കുകയും അലക്കി ഇട്ടിരുന്ന പുതപ്പുകളും കുഞ്ഞുങ്ങളുടെ സ്‌കൂള്‍ യൂണിഫോമും ഷൂവും വലിച്ചുകീറുകയും നശിപ്പിക്കുകയും ചെയ്തവരോട് എനിക്ക് പറയാനുള്ളത് ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ ആശയത്തെ നിങ്ങള്‍ തന്നെ റെസ്‌പെക്ട് ചെയ്യുന്നുണ്ടെങ്കില്‍ ഒറ്റക്ക് ഒറ്റക്ക് നേരിട്ടുവന്നു മുഖത്ത് നോക്കി സംസാരിക്കൂ. ഞാന്‍ ഇവിടെ തന്നെ കാണും. എന്റെ വീട് കൂടുതല്‍ ദിവസങ്ങള്‍ ദൂരയാത്ര പോകുന്ന അവസരത്തില്‍ അല്ലാതെ ഇന്നുവരെയും അടച്ചിടാറുപോലുമില്ല. ഇനിയും അങ്ങനെതന്നെ ആയിരിക്കും.

ആക്ടിവിസ്റ്റ് ലേബല്‍ ഉണ്ടാക്കിയെടുക്കാന്‍ നുണകള്‍ പടച്ചുവിട്ടു കഷ്ടപ്പെടുന്ന നായരച്ചിയുടെ ഫേസ് ബുക്ക് പോസ്റ്റും പൊക്കിപിടിച്ചു കടകം മറിഞ്ഞ മന്ത്രിയെക്കാളും ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നത് നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യമന്ത്രിയെയും എനിക്ക് സംരക്ഷണമൊരുക്കിയ സര്‍ക്കാരിനെയും സ്വന്തം ഡ്യൂട്ടി നല്ലരീതിയില്‍ നിര്‍വഹിച്ച ഐജി ശ്രീജിത്ത് സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേനയേയുമാണ്.

എന്റെ ഇരുമുടി കെട്ടില്‍ നാപ്കിന്‍ ആയിരുന്നു, കോണ്ടം ആയിരുന്നു എന്നെല്ലാം പടച്ചു വിടുന്ന വിസര്‍ജന ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കും. ഇപ്പോഴും ഞാന്‍ തിരിച്ചു പോരുമ്പോള്‍ അവിടെ ഉപേക്ഷിക്കേണ്ടിവന്ന ഇരുമുടി കേട്ട് പൊലീസ് കസ്റ്റഡിയില്‍ തന്നെ കാണും. പൊലീസ് പരിശോധിച്ചതുമാണ്.

സംഘികള്‍ പറയുന്നു ഞാന്‍ സിപിഎം കാരിയാണെന്ന്. ഓണാട്ടുകരയിലെ കമ്യൂണിസ്റ്റുകള്‍ പറയുന്നു ഞാന്‍ സംഘപരിവാറുകരി ആണെന്ന്. കൈരേഖ നോക്കി ഫലം പറയുന്നവന്‍ പറയുന്നു ഞാന്‍ മവോയിസ്റ്റ് ആണെന്ന്. മാധ്യമങ്ങള്‍ പറയുന്നു ഞാന്‍ ആക്ടിവിസ്റ്റ് ആണെന്ന്. സത്യത്തില്‍ നിങ്ങള്‍ തമ്മില്‍ ഒരു തീരുമാനത്തില്‍ എത്തൂ. അതുവരെ ഞാന്‍ ഒരു കുടുംബം നോക്കുന്ന, എനിക്ക് നേരേവരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും എതിരെ പ്രതികരിച്ച് പോകുന്ന പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയി തന്നെ ഇരിക്കാം'.

ഇതേസമയം, രഹ്‌നയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ളിം ജമാ അത്ത് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പറയുന്നു. ഹൈന്ദവ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിനാലാണ് രഹ്‌നയെ പുറത്തുന്നതെന്ന് ജമാ അത്ത് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചുംബന സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത രഹ്‌നയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അമ്പലം പൂട്ടുമെന്നു പറഞ്ഞ തന്ത്രിക്കെതിരേ കേസ് കൊടുക്കുമെന്നു രഹ്ന ഫാത്തിമ, രഹ്നയെ സമുദായത്തില്‍ നിന്നു പുറത്താക്കിയെന്ന് മുസ്ലിം ജമാ അത്ത് കൗണ്‍സില്‍